‘പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്?’ – സന്ദീപ് വാരിയർ

തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്ന് ബിജെപി. വിഷയത്തിൽ പ്രതിഷേധവുമായി മഹിളാ മോർച്ച പ്രവർത്തകർ രംഗത്തെത്തി. അതേസമയം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും മുൻപേ പ്രതിഷേധം നടത്തുന്നത് വിമർശനത്തിനിടയാക്കി. മഹിളാ മോർച്ചയുടെ പ്രതിഷേധത്തിനെതിരേ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ രംഗത്തെത്തി.
നിലവിൽ പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും ആരാണ് ഈ മണ്ടൻ ആശയത്തിന് പിന്നിലെന്നും സന്ദീപ് വാരിയർ ഫെയ്സ്ബുക്കിൽ കുറിച്ചു. സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി. പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്? - ബിജെപിയുടെ പ്രതിഷേധ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ സന്ദീപ് വാരിയർ കുറിച്ചു.
മെയ് 15 മുതൽ കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, ജനങ്ങൾക്ക് നൽകിയ ഉറപ്പുകളെല്ലാം അട്ടിമറിക്കുകയാണെന്നാണ് ബിജെപി ഉയർത്തിയ വിമർശനം. ഈ സ്ത്രീവിരുദ്ധ വഞ്ചനയ്ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യയാത്ര നടത്തിയാണ് പ്രതിഷേധം. അധികാരക്കൊതി വെടിഞ്ഞ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് തയ്യാറാകണമെന്നും ബിജെപി വിമർശിച്ചിരുന്നു.
Content Highlights: BJP demands immediate implementation of Congress's KSRTC free travel promise., Mahila Morcha organizes protests before the new government takes oath., Sandeep Varier criticizes the BJP's protest timing while Pinarayi Vijayan remains caretaker CM., Controversy centers on unfulfilled election pledges made for May 15 onwards.