കേസ് തീർക്കാൻ പണം നൽകിയെന്ന ആരോപണം;ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു

കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ് സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചേലാട് സ്വദേശിയായ ആറ്റുപുറത്ത് ജോർജിന്റെ മകൻ കാസർകോട് ഒരു ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നേരിട്ടിരുന്നു. ജോർജിന്റെ മകന്റെ അക്കൗണ്ട് വഴി തട്ടിപ്പ് പണം പിൻവലിച്ചു എന്നതായിരുന്നു ആരോപണം. ഈ കേസിൽ നിന്നും, ബെംഗളൂരുവിൽ നിന്നുള്ള മറ്റൊരു കേസിൽ നിന്നും ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്.
പല തവണകളായി 9,74,000 രൂപ നേതാക്കൾ കൈപ്പറ്റിയെന്നാണ് ജോർജ് പരാതി നൽകിയിരിക്കുന്നത്
ആത്മഹത്യാഭീഷണിയുമായി കുടുംബം
കോതമംഗലം: ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർക്കാൻ ബിജെപി പ്രാദേശിക നേതാക്കൾ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് പാർട്ടി ഓഫീസിനു മുന്നിൽ ആത്മഹത്യാഭീഷണിയുമായി കുടുംബം. ചേലാട് ആറ്റുപുറത്ത് എ.എം. ജോർജിന്റെ മകൻ ഉൾപ്പെട്ട കേസിലെ പരാതി പരിഹരിക്കാൻ മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട്, സെക്രട്ടറി ടി.എസ്. സുനീഷ് എന്നിവർ പലപ്പോഴായി 10.58 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.
കേസ് തീർക്കാൻ സനൽ എന്ന പോലീസ് ഉദ്യോഗസ്ഥൻ സഹായിക്കുമെന്നും വിശ്വസിപ്പിച്ചു. ഈ പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശാനുസരണമാണത്രെ പണം കൈമാറിയത്. കേസ് തീർപ്പാകാതെ വരുകയും മകന്റെ പേരിൽ മറ്റൊരു കേസ് കൂടി ഉണ്ടാകുകയും ചെയ്തു. തുടർന്ന് ജോർജ് അഭിഭാഷകൻ മുഖേന ബെംഗളൂരു സിഐഡി ഓഫീസിലെത്തി മകന്റെ മൊഴി നൽകി പിഴയടച്ച് കേസിൽനിന്ന് ഒഴിവായി.
പിന്നീട്, കേസ് ഒത്തുതീർപ്പാക്കാൻ നൽകിയ പണം ബിജെപി നേതാക്കളോടും പോലീസ് ഉദ്യോഗസ്ഥനോടും തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
ബിജെപിയുടെ മറ്റ് നേതാക്കളെ വിവരം ധരിപ്പിച്ചെങ്കിലും ഫലം ഉണ്ടായില്ല. കഴിഞ്ഞ 16-ന് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി.
ഇതിനിടെയാണ് കന്നാസിൽ പെട്രോളുമായി തിങ്കളാഴ്ച രാവിലെ ബിജെപി കോതമംഗലം മണ്ഡലം ഓഫീസിനു മുന്നിൽ ജോർജും ഭാര്യയും ജോർജിന്റെ സഹോദരൻ ബിജെപി മുനിസിപ്പൽ വെസ്റ്റ് ഏരിയ പ്രസിന്റുമായ എൽദോസും എത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. ജോർജ് എത്തുമ്പോൾ ആരോപണവിധേയരായ നേതാക്കൾ ഓഫീസിനുസമീപം ഉണ്ടായിരുന്നു. അവരുമായി വാദപ്രതിവാദവും ഉണ്ടായി. പോലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ജോർജിന്റെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കളുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.
നടപടിയെടുത്തെന്ന് ബിജെപി
കോതമംഗലം: ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിൽ കുത്തിയിരിപ്പുസമരത്തിനു കാരണമായ സംഭവത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ നേരത്തേ നടപടി സ്വീകരിച്ചിരുന്നതായി ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് അറിയിച്ചു. പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കാൻ ജില്ലാ ജനറൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നിട്ടുള്ളതിനാലും സംഭവത്തിൽ വ്യാജസർട്ടിഫിക്കറ്റ് നിർമാണമടക്കമുള്ളവ നടന്നതായി ബോധ്യപ്പെട്ടതിനാലും കേസ് പോലീസ് അന്വേഷിച്ചാൽ മതിയെന്ന നിലപാടെടുക്കുകയായിരുന്നു.
പാർട്ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ മണ്ഡലം സെക്രട്ടറി ടി.എസ്. സുനീഷിന്റെ രാജി എഴുതിവാങ്ങുകയും ചെയ്‌തെന്നും സജീവ് പറഞ്ഞു.
പണം ഇടപാടിൽ ബന്ധമില്ല-ഉണ്ണികൃഷ്ണൻ
കോതമംഗലം: പണം ഇടപാടിൽ തനിക്കു ബന്ധമില്ലെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട്. കേസുമായി ബന്ധപ്പെട്ട് കാസർകോട് പോലീസ് സ്റ്റേഷനിൽ ജോർജിനൊപ്പം പോകുകയും അഭിഭാഷകനെ ഏർപ്പാടാക്കി കൊടുക്കുകയും ചെയ്തതല്ലാതെ പണമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
Content Highlights: BJP Leaders Booked for Bribery Over Online Fraud Case Settlement in Kothamangalam