ആ ബോംബില്‍ ഒന്നോ ഇത്; രാഹുലിന്റെ രാജിക്കായുള്ള മുറവിളിക്കിടെ പീഡനപരാതിയില്‍ ബിജെപിയും പ്രതിരോധത്തിൽ

കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാറിനെതിരേ പാര്‍ട്ടിയില്‍ പീഡന പരാതിയെത്തിയിരിക്കുകയാണ്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതി പ്രവാഹങ്ങള്‍ ഏറ്റെടുത്ത് ബിജെപി സമരരംഗത്ത് സജീവമാകുമ്പോഴാണ് സി. കൃഷ്ണകുമാറിനെതിരെയും സ്ത്രീപീഡന പരാതി ഉയര്‍ന്നിരിക്കുന്നത്.
രാഹുലിനെ രാജിവെപ്പിക്കാന്‍ പാലക്കാട്ട് ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാര്‍ത്തയായി വരുകയും ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി.. പാലക്കാട് എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ രാജിവെയ്ക്കുംവരെ പ്രതിഷേധമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഹ്വാനം ചെയ്ത വ്യക്തിക്കെതിരേ തന്നെ സമാനമായ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക്, രാഹുലിനെതിരായ ബിജെപിയുടെ പ്രതിഷേധങ്ങളെ ഇത് ബാധിക്കുമെന്നുറപ്പാണ്.
രാഹുലിന്റെ പക്കല്‍ കെപിസിസി നേതാക്കളുടെ പല കഥകളുമുണ്ടെന്നും അതുവെച്ച് രാഹുല്‍ വിലപേശുകയാണെന്നുമാണ് കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നത്. ആ കഥകള്‍ പുറത്തുവിടുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുന്നില്‍ കെപിസിസി നേതാക്കള്‍ വഴങ്ങി. പാലക്കാട്ടെ സ്ത്രീകളെയും വോട്ടര്‍മാരെയും അപമാനിച്ച രാഹുല്‍ രാജിവെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പറഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ അദ്ദേഹത്തിന് സ്വന്തം വാക്കുകളെ വിഴുങ്ങേണ്ട അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍ പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവരാനുണ്ടെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. സതീശന്‍ പറഞ്ഞ ബോംബുകളിലൊന്നാണോ ഇപ്പോള്‍ പൊട്ടിയതെന്ന് സംശയിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും വന്നേക്കും. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താന്‍ പ്രതിഷേധം നടത്തിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
കേരളം ഞെട്ടുന്ന വാര്‍ത്ത ഉടന്‍ വരുമെന്നും സിപിഎം അധികം കളിക്കേണ്ട എന്ന മുന്നറിയിപ്പിനൊപ്പമാണ് ബിജെപിയും പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുത് വേണ്ടി വരും എന്ന് സതീശന്‍ ഇന്നലെ പറഞ്ഞത്. സതീശനോ കോണ്‍ഗ്രസോ അത് എന്താണെന്ന് വെളിപ്പെടുത്തും മുന്നെ ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ പരാതിയുടെ സ്ഥിരീകരണം വരുന്നത്. ഇനി ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ കൃഷ്ണകുമാറിനെതിരെയും ബിജെപി അധ്യക്ഷനെതിരെയുമുള്ള പ്രതിഷേധങ്ങള്‍ കനക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് ഈ വെളിപ്പെടുത്തല്‍ നടത്തുംമുന്‍പ് തന്നെ പരാതി വന്നിട്ടുണ്ടെന്ന വിവരം പുറത്തുവിട്ട് ഏല്‍ക്കുന്ന ആഘാതത്തിന്റെ തോത് കുറയ്ക്കാനാണോ ബിജെപി ശ്രമിച്ചത് എന്ന് സംശയിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണകുമാറില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കി. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.
അതേസമയം ഇത് തനിക്കെതിരേ കുറച്ചുനാള്‍ മുന്‍പ് വന്ന പരാതിയാണിതെന്നും അത് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്നതാണെന്നും സി. കൃഷ്ണകുമാര്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Content Highlights: BJP Leader C. Krishnakumar Faces Harassment Allegation