‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

#മാതൃഭൂമി ന്യൂസ്
ബിന്ദു, ശോഭ സുരേന്ദ്രൻ | Photo: matrhubhumi news/ screengrab,mathrubhumi
ബിന്ദു, ശോഭ സുരേന്ദ്രൻ | Photo: matrhubhumi news/ screengrab,mathrubhumi

ആലപ്പുഴ: പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രൻ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. ഇതുസംബന്ധിച്ച ഫോൺ റെക്കോർഡ് പുറത്തുവിടുകയും ചെയ്തു.

പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു എന്ന പെൺകുട്ടി ഒരു സാധാരണ വീട്ടമ്മയല്ല. ഇവരാണ് പാലക്കാട്ട് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞത്. ഇവർ ശബരിമല സമരകാലം മുതൽ ശോഭാ സുരേന്ദ്രന്റെ സന്തതസഹചാരിയും പിഎ ആയി കൂടെയുള്ള ആളുമാണെന്നും ബിന്ദു വെളിപ്പെടുത്തി. പാലക്കാട്ടെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് കലാശക്കൊട്ട് സമയത്ത് താൻ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനൊപ്പമായിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി.

പാർട്ടിയിൽ തനിക്കെതിരെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശോഭാ സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ബിന്ദു ആരോപിക്കുന്നു. ആലപ്പുഴ ജില്ലയിൽ ശോഭ സ്വന്തം പക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി പാർട്ടിയുടെ നെടുംതൂണുകളായ വനിതാ പ്രവർത്തകരെയും യുവമോർച്ചാ നേതാക്കളെയും തഴയുകയാണെന്നും അവർ പറഞ്ഞു.

ജില്ലാ പ്രസിഡന്റിനെ അറിയിക്കാതെ ശോഭാ സുരേന്ദ്രൻ ജില്ലയിൽ പണപ്പിരിവ് നടത്തുന്നതിനെതിരെ നേരത്തെതന്നെ പരാതികൾ ഉയർന്നിരുന്നു. ശോഭയുടെ ഈ നിലപാടുകൾക്കെതിരെ താൻ രാജീവ് ചന്ദ്രശേഖറിനും കേന്ദ്ര നേതാവ് നിതിൻ ഗഡ്കരിക്കും പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുച്ഛമായ വരുമാനം കാണിച്ചിരുന്ന ശോഭയ്ക്ക് ഇപ്പോൾ രണ്ട് കോടിക്കടുത്ത് ആസ്തി എങ്ങനെ വന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്ന് അവർ പറഞ്ഞു. പാർട്ടിക്കുള്ളിലെ അച്ചടക്കം പാലിച്ച് ക്ഷമയോടെ ഇരിക്കുകയായിരുന്നുവെന്നും എന്നാൽ, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ബിന്ദു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയമായതിനാൽ മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരമാണ് ശോഭയ്ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് താൻ പിൻവലിച്ചതെന്നും ബിന്ദു വ്യക്തമാക്കി.

Content Highlights: Bindu denies allegations of delivering cash in Palakkad., Claims the woman involved in the cash row is a close aide of Shobha Surendran., Alleges Shobha Surendran is creating a personal faction in Alappuzha., Formal complaints filed with central BJP leadership regarding unauthorized fundraising., Questions regarding Shobha Surendran's sudden asset increase in 2026.