യുദ്ധം ബോംബിട്ടത് സൈക്കിൾ വിപണിയിലും; ഇരുട്ടടിയായി വിലക്കയറ്റം

ആലപ്പുഴ: പശ്ചിമേഷ്യൻ യുദ്ധം സൈക്കിൾ വിപണിക്കും ഇരുട്ടടിയായി. മൂന്നു മാസത്തിനിടെ മൂന്നു തവണകളായി 550 രൂപവരെ വില കൂടി. ഇത് 1,200 രൂപ വരെയാകുമെന്നാണ് കമ്പനികൾ വ്യാപാരികളെ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മുൻപ് ഒറ്റത്തവണയായാണ് വില കൂട്ടിയിരുന്നത്. സ്പെയർ പാർട്സിനും വില ഉയർന്നിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോഹഭാഗങ്ങളുടെയും പ്ലാസ്റ്റിക്, റബ്ബർ എന്നിവയുടെയും വില ഉയർന്നതാണ് സൈക്കിളിനെ ബാധിച്ചത്. പ്ലാസ്റ്റിക് ക്ഷാമം കാരണം ബ്രെയ്ക്ക് ലിവർ, ഗ്രിപ്പ്, മഡ് ഗാർഡ്, പെഡൽ, കുട്ടികളുടെ സൈക്കിളിന്റെ സീറ്റ്, ബാസ്കറ്റ് എന്നിവയുടെ നിർമാണം കുറഞ്ഞു. ഇതിനൊപ്പം ടയർ ട്യൂബിന്റെ വില കൂടുകയും ചെയ്തു. ലോഹക്ഷാമം കാരണം ഗിയർ സൈക്കിളിന്‍റെ ഫ്രീ വീലും (ചെയിൻ ഇടുന്ന ഭാഗം) കിട്ടാനില്ല.
ലുധിയാന കേന്ദ്രമായ സൈക്കിൾ കമ്പനികൾ മുഖ്യമായും ചട്ടക്കൂടു മാത്രമാണു നിർമിക്കാറ്. ഇതര ഭാഗങ്ങൾ മറ്റു കമ്പനികളിൽനിന്നുവാങ്ങി കൂട്ടിച്ചേർക്കുകയാണു പതിവ്.
ഇക്കുറി മാർച്ച്, എപ്രിൽ മാസങ്ങളിൽ സൈക്കിളുകൾക്കു മികച്ച വിൽപ്പനയുണ്ടായി. ഇതു പതിവാണെങ്കിലും മേയ് ആയപ്പോഴേക്കും വിൽപ്പന വീണ്ടും കൂടി. ഇന്ധന വിലവർധന കാരണം പലരും സൈക്കിളിലേക്കു മാറിയത് ഇതിനു കാരണമായി.
സാങ്കേതിക പരിജ്ഞാനമുള്ളവർ കുറവ്
ഘടകഭാഗങ്ങൾ പിടിപ്പിച്ച് സൈക്കിൾ രൂപപ്പെടുത്തുന്നതിൽ സാങ്കേതിക അറിവുള്ളവർ കൂടുതലും മറുനാടൻ തൊഴിലാളികളാണ്. തിരഞ്ഞെടുപ്പിനു നാട്ടിൽപോയവരിൽ ഭൂരിപക്ഷവും തിരിച്ചെത്തിയില്ല. ഇവരെ ബന്ധപ്പെട്ടപ്പോൾ സമാനജോലി നാട്ടിൽ കിട്ടിയതിനാൽ ശമ്പളം കുറവാണെങ്കിലും അവിടെ നിൽക്കാനാണു താത്‌പര്യമെന്നായിരുന്നു മറുപടി.
ദിവസക്കൂലി 1,200 രൂപയും ഒരു സൈക്കിൾ കൂട്ടിയോജിപ്പിക്കുന്നതിന് 250 രൂപ അധികമായും തൊഴിലാളികൾക്ക് ആലപ്പുഴയിൽ നൽകിയിരുന്നു. മറ്റിടങ്ങളിൽ ചെറിയ വ്യത്യാസംവരാമെങ്കിലും തൊഴിൽപ്രാവീണ്യമുള്ളയാൾ ദിവസേന ശരാശരി ഏഴു സൈക്കിൾ രൂപപ്പെടുത്തും.
തൊഴിലാളികളെ കിട്ടാനില്ല
കച്ചവടം കൂടിയപ്പോൾ തൊഴിലാളികൾ കുറഞ്ഞു. വിൽപ്പന സീസൺ കഴിഞ്ഞതിനാൽ പലരും മടങ്ങിയെത്തുമെന്നാണു പ്രതീക്ഷ. ഉപഭോക്താക്കളിൽ മിക്കവർക്കും ബജറ്റ് സൈക്കിളിനോടായിരുന്നു താത്‌പര്യം.
മുരുകേഷ് കണ്ണൻ
അശ്വതി ബൈസിക്കിൾസ്, ആലപ്പുഴ
Content Highlights: Bicycle prices increased by ₹550 in three months with potential for further hikes up to ₹1,200., West Asia conflict caused raw material shortages in plastic, rubber, and metal., Labor shortage due to migration patterns affecting assembly and production., Shift toward cycling driven by rising fuel costs despite price increases.