ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കും, മന്ത്രിസഭയുടെ അംഗീകാരം; വികസനമുന്നേറ്റമെന്ന് മന്ത്രി

ബേപ്പൂർ: ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ വികസിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ബുധനാഴ്ച ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ബേപ്പൂരിനെ ഒരു സമ്പൂർണ പോർട്ട് സിറ്റിയായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിനാകെ വലിയ തോതിലുള്ള സാമ്പത്തിക-സാമൂഹിക അഭിവൃദ്ധി കൈവരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കൂടാതെ, നിലവിൽ തുറമുഖ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വരുമാനത്തിൽ വർധനവുണ്ടാകാനും തീരുമാനം സഹായകമാകും. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുമായും ചർച്ചകൾ നടത്തുമെന്നും അവരുടെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കും തുടർന്നുള്ള കാര്യങ്ങൾ നടപ്പിലാക്കുകയെന്നും തുറമുഖ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്.
നാടിന്റെ ദീർഘകാല സ്വപ്നമായ തുറമുഖ വികസനം സാധ്യമാക്കാൻ പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, മറ്റ് മന്ത്രിസഭാംഗങ്ങൾ എന്നിവർക്ക് മന്ത്രി മുഹമ്മദ് റിയാസ് നന്ദി രേഖപ്പെടുത്തി.
Content Highlights: Kerala Cabinet greenlights Beypore Port`s Public-Private Partnership (PPP) development to transform it into a vibrant port city, promising economic & social growth and job creation.