തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിച്ചില്ല; ബേപ്പൂരിൽ അൻവറിന്റെ പരാജയത്തിൽ പരിശോധനയുമായി കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
വോട്ടിങ് | പ്രതീകാത്മക ചിത്രം: ഫോട്ടോ: എ.പി | പി.വി. അൻവർ - ചിത്രം: അജിത് ശങ്കരൻ, മാതൃഭൂമി
വോട്ടിങ് | പ്രതീകാത്മക ചിത്രം: ഫോട്ടോ: എ.പി | പി.വി. അൻവർ - ചിത്രം: അജിത് ശങ്കരൻ, മാതൃഭൂമി

കോഴിക്കോട്: ആറുമാസം മുൻപ് നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആവർത്തിക്കാൻ കഴിയാതെപോയത് ബേപ്പൂരിൽ പി.വി. അൻവറിന് തിരിച്ചടിയായി. അൻവറിന്റെ പരാജയത്തെക്കുറിച്ച് കോൺഗ്രസ് പരിശോധന തുടങ്ങിയിട്ടുണ്ട്.

ഫറോക്ക് നഗരസഭയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 3500 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന് ലഭിച്ചത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 2804 ആയി കുറഞ്ഞു. 23 വാർഡുകൾ ജയിച്ച രാമനാട്ടുകരയിൽ 145 വോട്ടിന്റെ ലീഡേ യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയുള്ളൂ. ഇവിടെ രണ്ടായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു.

കോർപ്പറേഷന്റെ ചെറുവണ്ണൂർ മേഖലയിൽ നാലുവാർഡുകൾ യു.ഡി.എഫ്. ജയിച്ചതാണ്. അതിൽ രണ്ടെണ്ണം എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തതാണ്. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന് ഇവിടെ 1703 വോട്ട് അധികം ലഭിച്ചു. കടലുണ്ടി പഞ്ചായത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആയിരത്തിലധികം വോട്ടുകളുടെ ലീഡേ എൽ.ഡി.എഫിന് ലഭിക്കാറുള്ളൂ. ഇത്തവണ അത് 2446 ആയി ഉയർന്നു.

കോർപ്പറേഷനിലെ ബേപ്പൂർ മേഖലയാണ് റിയാസിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത്. ബേപ്പൂർ മേഖലയിൽ 5890 വോട്ടിന്റെ ലീഡാണ് റിയാസിന് ലഭിച്ചത്. ബേപ്പൂർ മേഖലയിൽ സി.പി.എം. വോട്ടുകൾ പൂർണമായി നിലനിർത്തി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മൊത്തത്തിൽ 1340 വോട്ടിന്റെ ലീഡേ എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, റിയാസിന് 7487 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പക്ഷേ, 2021-ൽ ലഭിച്ച 28,747-ന്റെ മൂന്നിലൊന്നായി ഇത്തവണ ഭൂരിപക്ഷം കുറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവിന് 276 വോട്ടുകളെ വർധിപ്പിക്കാനായുള്ളൂ.

Content Highlights: UDF failed to maintain the lead gained during local body elections in the Beypore constituency., PA Mohamed Riyas secured a decisive victory in the Beypore region with a 5890-vote lead., Comparison of vote shares in Farook, Ramanattukara, and Cheruvannur highlights UDF's decline., Despite the victory, the LDF candidate's majority decreased significantly compared to 2021., Congress has initiated an internal probe into the unexpected electoral loss.