ബംഗ്ലാദേശ് പൗരൻ ഏഴിമല നാവിക അക്കാദമിയിൽ കടന്നുകൂടിയത് ഭാര്യാ പിതാവുവഴി; ഭാര്യയും ജോലിക്കാരി

#പി.പി.ലിബീഷ്‌കുമാർ
അറസ്റ്റിലായ ബിപ് ലോബ് സോറൻ
അറസ്റ്റിലായ ബിപ് ലോബ് സോറൻ

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ പിടിയിലായ ബംഗ്ലാദേശ് പൗരൻ ബിപ് ലോബ് സോറൻ (32) അലക്ക്‌-ശുചീകരണ തൊഴിലാളിയായി അക്കാദമിയിൽ ജോലിചെയ്തത് ഒന്നരവർഷം. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റുമില്ലാതെ ജോലിചെയ്യുന്നതിനിടെയാണ് നാവികസേനാ അധികൃതർ കഴിഞ്ഞദിവസം സോറനെ പിടിച്ചത്.

പ്രധാന സൈനികകേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ ഒരുവർഷത്തിലേറെയായി ബംഗ്ലാദേശ് പൗരൻ ജോലിചെയ്തുവെന്നത്‌ അതി ഗൗരവത്തോടെയാണ്‌ സുരക്ഷാ ഏജൻസികൾ കാണുന്നത്‌. ഇതുസംബന്ധിച്ച്‌ അന്വേഷണവും അവർ തുടങ്ങിയിട്ടുണ്ട്‌.

ബിപ് ലോബ് സോറൻ 10-ാംതരം വരെ നാട്ടിൽ പഠിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു. അതിനുശേഷം മുർഷിദാബാദിലെത്തി. കൊൽക്കത്തയിൽ ഉൾപ്പെടെ പണിയെടുത്തു. പിന്നീട്‌ ഗുജറാത്തിലെയും ഛത്തീസ്ഗഢിലെയും ചില സ്ഥലങ്ങളിലും മുംബൈയിലുമെത്തി. അവിടെനിന്ന് ഇടയ്ക്കിടെ മുർഷിദാബാദിൽ തിരിച്ചെത്തും. മുർഷിദാബാദ് നബാഗ്രാമിൽനിന്ന്‌ വിവാഹം കഴിച്ച ഇയാൾക്ക്‌ ഒരു കുട്ടിയുണ്ടെന്നും പോലീസ്‌ പറയുന്നു.

ഭാര്യയുടെ പിതാവിന്റെ പരിചയത്തിൽ, നാവികസേനയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആളാണ് ഏഴിമല നാവിക അക്കാദമിയിൽ സോറന്‌ ജോലി തരപ്പെടുത്തിക്കൊടുത്തത്‌. അക്കാദമിയിൽ അലക്ക്‌-ശുചീകരണ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. ഭാര്യക്കൊപ്പം ഒന്നരവർഷമായി ഏഴിമലയിൽ വീടെടുത്ത് താമസിക്കുകയായിരുന്നു. ഭാര്യയും അക്കാദമിയിൽ ശുചീകരണത്തൊഴിലാളിയാണ്.

പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാളെ വെള്ളിയാഴ്ച നാവിക അക്കാദമി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യംചെയ്തു. അതോടെയാണ് ബംഗ്ലാദേശ് പൗരത്വരേഖകളും മറ്റും കണ്ടെത്തിയത്. നാവികസേനാ അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ബിപ് ലോബ് സോറനെ പയ്യന്നൂർ പോലീസിന് കൈമാറി. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025, ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട്‌ 1923 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്.

വിസയും പാസ്പോർട്ടുമില്ലാതെ കണ്ണൂർ നഗരത്തിലെ സ്പാ മസാജ് സെന്ററിൽ ജോലിചെയ്ത അഞ്ച്‌ ബംഗ്ലാദേശി യുവതികളെ കണ്ണൂർ ടൗൺ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബിപ് ലോബ് സോറനെ റിമാൻഡ് ചെയ്തു