മുഖ്യമന്ത്രി മുഖ്യരക്ഷാധികാരി, അയ്യപ്പസംഗമത്തിന്റെ മുഖ്യസംഘാടകർ സർക്കാർതന്നെ; ഒഴിയാനാകില്ല

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | File Photo: Mathrubhumi
പ്രതീകാത്മക ചിത്രം | File Photo: Mathrubhumi

തിരുവനന്തപുരം: പമ്പ ആഗോള അയ്യപ്പസംഗമത്തിന്റെ മുഖ്യസംഘാടകർ സർക്കാർതന്നെയെന്ന് രേഖ. സംഘാടകസമിതിയെ നിശ്ചയിച്ച് സർക്കാർ തയ്യാറാക്കിയ കത്തിൽ പറയുന്നത് ഇങ്ങനെ: ‘സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തീർഥാടനകേന്ദ്രമായ ശബരിമലയുടെ സാംസ്കാരിക സമ്പന്നതയും ആത്മീയ ഐക്യവും ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ഗ്ലോബൽ അയ്യപ്പസംഗമത്തിലൂടെ ഉദ്ദേശിക്കുന്നത്.’

സംഗമത്തിന്റെ നടത്തിപ്പുചുമതല ഊരാളുങ്കലിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിനു നൽകാൻ തുടക്കത്തിലേ നിശ്ചയിച്ച യോഗതീരുമാനത്തിന്റെ മിനിറ്റ്സും പുറത്തുവന്നു.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായ സംഘാടകസമിതിയിൽ സ്പീക്കറും മന്ത്രിമാരും എം.എൽ.എ.മാരും സർക്കാർ ഉദ്യോഗസ്ഥരുമൊക്കെ ഉൾപ്പെട്ടിരുന്നു.

അന്നത്തെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗങ്ങളായിരുന്ന എ. അജികുമാറും പി.ഡി. സന്തോഷ്‌കുമാറും സെക്രട്ടറി എസ്. ബിന്ദുവും കമ്മിഷണർ ബി. സുനിൽകുമാറും 18 അംഗ ജനറൽ കമ്മിറ്റിയിലെ 14 മുതൽ 18 വരെയുള്ള പേരുകാർമാത്രമായിരുന്നു.

ദേവസ്വംബോർഡാണ് സംഗമം നടത്തിയെന്നു സർക്കാർ പറയുമ്പോഴും കാര്യപരിപാടി തീരുമാനിച്ചത് ബോർഡല്ല, റവന്യു-ദേവസ്വം വകുപ്പാണ്. സംഗമം വരുത്തിയ സാമ്പത്തികബാധ്യത തീർക്കുന്നതിലടക്കം സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് വ്യക്തമാകുന്നത്. ചെറിയതോതിൽ നടത്താൻ ബോർഡ് ആലോചിച്ച സംഗമമാണ് ഈ നിലയിലായത്.

Content Highlights: ayyappa sangamam kerala government main organiser