അതിരപ്പിള്ളി തോട്ടാപുര വ്യൂപോയിന്റിൽനിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിക്ക് അദ്ഭുതരക്ഷ

#ന്യൂസ് ഡെസ്ക്
താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ രക്ഷിക്കുന്നു
താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ രക്ഷിക്കുന്നു

അതിരപ്പിള്ളി: വ്യൂപോയിന്റിൽനിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിക്ക് അദ്ഭുതരക്ഷ. പാറക്കെട്ടുകളും കാടുമുള്ള സ്ഥലത്തേക്കാണ് വീണതെങ്കിലും കഴുത്തിലും കൈകാലുകളിലുംം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തോട്ടാപുര വ്യൂപോയിന്റിലായിരുന്നു അപകടം. പാവറട്ടി പെരുവല്ലൂർ സ്വദേശി അർജുൻ (55) ആണ് അപകടത്തിൽ പെട്ടത്. കൂട്ടുകാരോടൊപ്പം ബുധനാഴ്ച അതിരപ്പിള്ളി വാഴച്ചാൽ കണ്ടു കഴിഞ്ഞ് മലക്കപ്പാറ ഭാഗത്തേക്ക് പോകുമ്പോഴാണ് ഈ വ്യൂപോയിന്റിൽ എത്തിയത്. ഇവിടെ നിന്നുകൊണ്ട് ഷോളയാർ അണക്കെട്ടിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ബുധനാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം. രണ്ടുമണിയോടെ പോലീസ് ഇദ്ദേഹത്തെ രക്ഷിച്ചു. കയർക്കെട്ടിയാണ് ഇദ്ദേഹം വീണിടത്തേക്ക് പോലീസ് ഇറങ്ങിയത്. കയറിൽ കെട്ടി മുകളിലെത്തിക്കുകയും ചെയ്തു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലക്കപ്പാറ സ്റ്റേഷനിലെ എസ്.ഐ. ജയ്‌സൺ ജോസഫ്, ഡ്രൈവർ സുശാന്ത്, വനം വകുപ്പ് വാച്ചർ ഗിരീഷ്, വിനോദസഞ്ചാരികളുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അനുരാജ് എന്നിവർ ചേർന്നാണ് അർജുനെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനായി ചാലക്കുടി അഗ്‌നി രക്ഷാസേനാംഗങ്ങളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

Content Highlights: Tourist Arjun (55) fell 30 feet at Thottapura viewpoint., The incident occurred while sightseeing near the Sholayar Dam., Police and forest department officials successfully executed the rescue., The victim sustained only minor injuries., Safety warnings issued for tourists visiting steep viewpoints.