കണ്ണീരോടെ കൂട്ടുകാർ ഒരുനോക്ക് കണ്ടു; ആത്മസഹൃത്തുക്കൾ മരണത്തിലും ഒന്നിച്ചു

#ന്യൂസ് ഡെസ്ക്
അഭിജിത്തിന്റെ മൃതദേഹം കൊല്ലം വാളത്തുംഗലിലെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ കാത്തുനിൽക്കുന്ന കൂട്ടുകാർ, ഇൻസൈറ്റിൽ ആദിത്യനും അഭിജിത്തും
അഭിജിത്തിന്റെ മൃതദേഹം കൊല്ലം വാളത്തുംഗലിലെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ കാത്തുനിൽക്കുന്ന കൂട്ടുകാർ, ഇൻസൈറ്റിൽ ആദിത്യനും അഭിജിത്തും

അഞ്ചാലുംമൂട് (കൊല്ലം): എപ്പോഴും ഒന്നിച്ച് കളിച്ചുനടക്കുന്നവർ. നാട്ടുകാർക്കെല്ലാം പരിചിതർ. അഷ്ടമുടിക്കായലിലെ ആഴങ്ങളിൽ പൊലിഞ്ഞ ആദിത്യനും അഭിജിത്തിനും നാട് വിട നൽകി. വാർത്തയറിഞ്ഞതുമുതൽ ആളുകൾ ഇരവിപുരം സർപ്പക്കാവിനുസമീപം തിട്ടയിൽ തെക്കതിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. ജില്ലാ ആശുപത്രിയിലേക്കും നാട്ടുകാർ ഓടിയെത്തി. എം. നൗഷാദ് എംഎൽഎയും ആശുപത്രിയിലെത്തിയിരുന്നു.

വൈകീട്ട് അഞ്ചേമുക്കാലോടെ മൃതദേഹം വീടുകളിലേക്ക് എത്തുമ്പോഴേക്കും വൻജനാവലിയായി. ഇടുങ്ങിയ വഴികളിലൂടെ അന്ത്യോപചാരമർപ്പിക്കാൻ ആളുകളുടെ നീണ്ടനിരയായിരുന്നു. സങ്കടം താങ്ങാനാകാതെ കൂട്ടുകാർ കരയുന്നുണ്ടായിരുന്നു. അപകടസമയത്ത് രണ്ടുപേരുടെ സഹോദരങ്ങളും കൂടെയുണ്ടായിരുന്നു.

ഫുട്‌ബോൾ തട്ടിയോ എന്തെങ്കിലും ഗെയിമുമായോ എപ്പോഴും ഇവരൊന്നിച്ചുണ്ടാകും. രാവിലെയും കണ്ടതാണ്-ദുഃഖമടക്കാനാകാതെ അയൽവാസികൾ പറഞ്ഞു. ഇരുവീടുകളും തമ്മിൽ അൻപതുമീറ്റർ ദൂരമേയുള്ളൂ. ആദിത്യനും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തേയും ഇതിനടുത്തുള്ള വീടുകളിൽത്തന്നെയായിരുന്നു താമസിച്ചിരുന്നത്. പൊതുദർശനത്തിനുശേഷം ഇരുവരുടെയും മൃതദേഹം പോളയത്തോട് വിശ്രാന്തിയിലേക്ക് കൊണ്ടുപോയി.

രക്ഷിക്കാനായില്ലല്ലോ... വിങ്ങലോടെ സഹോദരങ്ങൾ

കായലിൽചാടി ശ്രമിച്ചെങ്കിലും മുങ്ങിത്താഴ്‌ന്ന രണ്ടുപേരെ രക്ഷിക്കാൻ കഴിയാത്തതിൽ വിങ്ങലോടെ സഹോദരങ്ങൾ. ഒരാളെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേരുടെ ചേതനയറ്റ ശരീരവുമായാണ് കരയ്ക്കെത്തേണ്ടിവന്നത്. സഹോദരങ്ങളായ റിട്ട. എസ്‌ഐ അഷ്ടമുടി കണ്ണമത്ത് എ. സഹീർ, കണ്ണമത്ത് പുത്തൻ വീട്ടിൽ എ. സാജിദ് എന്നിവരാണ് കായലിൽചാടി രക്ഷാപ്രവർത്തനം നടത്തിയത്.

ഞായറാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് ഇവർ അപകടവിവരം അറിഞ്ഞത്. ഉടൻതന്നെ ഇരുവരും സ്ഥലത്തേക്ക് പാഞ്ഞെത്തി. നാട്ടുകാരനായ മത്തായി ഇട്ടുകൊടുത്ത കയറിൽപിടിച്ച് ഒരാളെ രക്ഷിച്ചു. മറ്റ് രണ്ടുപേരെ രക്ഷിക്കാൻ ബോട്ടുചാലിൽ മുങ്ങിത്തപ്പി. അവരെയും കണ്ടെടുത്തു. ഉടൻതന്നെ മൂന്നുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചിരുന്നു.

അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രത്തിനു സമീപം ഒട്ടേറെ കുട്ടികൾ ദിവസവും കായലിൽ നീന്താനെത്തുന്നുണ്ട്. ബോട്ടുചാലായതിനാലും അടിയൊഴുക്കുള്ളതിനാലും അപകടസാധ്യതയുള്ള സ്ഥലമാണ്. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

[object Object]

അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേ മുങ്ങിമരിച്ചു

അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളും സുഹൃത്തുക്കളുമടങ്ങിയ ആറംഗസംഘത്തിലെ രണ്ടുപേർ മുങ്ങിമരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽതെക്കതിൽ ആനന്ദഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന ആദിത്യൻ (19), ചേതന നഗർ സർപ്പക്കാവിനുസമീപം തിട്ടയിൽതെക്കതിൽ വീട്ടിൽ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയയാളെ നാട്ടുകാർ രക്ഷിച്ചു.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വാളത്തുംഗലിൽനിന്ന് ആറംഗസംഘം ബസിൽ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രത്തിനുസമീപം കായലോരത്തെത്തി. യാത്രാബോട്ട് പോകുന്ന സ്ഥലത്ത് ആഴമേറിയ ചാൽ രൂപപ്പെട്ടിട്ടുണ്ട്. അഭിജിത്ത് ദൂരേക്ക് നീന്തി പോയി. ബോട്ടുചാലിൽ മുങ്ങുന്നതുകണ്ട് രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ആദിത്യൻ. ഇരുവരും ബോട്ടുചാലിലേക്കു ഒഴുകിപ്പോയി. സംഭവം കണ്ട് ആദിത്യന്റെ സഹോദരൻ അഭിജിത്ത് രക്ഷപ്പെടുത്താൻ വെള്ളത്തിലേക്ക് ചാടിയെങ്കിലും ചാലിൽപ്പെട്ടു. നിലവിളികേട്ടെത്തിയ നാട്ടുകാർ ആദ്യം സഹോദരനെ കരയിലെത്തിച്ചു. പിന്നാലെ ആദിത്യനെയും അഭിജിത്തിനെയും കരയിൽ കൊണ്ടുവന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരായ എ. സഹീർ, എ. സാജിദ്, സുനിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ ആദിത്യൻ മാടൻനടയിലെ ഹെൽമെറ്റ് കടയിൽ ജോലിചെയ്യുകയായിരുന്നു. അച്ഛൻ ടി. ബിജു കെട്ടിടനിർമാണത്തൊഴിലാളിയാണ്. അമ്മ: അജിത. സഹോദരൻ: അഭിജിത്ത്.

മയ്യനാട് എച്ച്എസ്എസിലെ പ്ലസ്‌വൺ കൊമേഴ്സ് വിദ്യാർഥിയാണ് മരിച്ച അഭിജിത്ത്. അച്ഛൻ ബിജു കാവൽപ്പുര സ്റ്റാൻഡിൽ ഒാട്ടോ ഡ്രൈവറാണ്. അമ്മ: സിന്ധു (കശുവണ്ടിത്തൊഴിലാളി). സഹോദരൻ: അക്ഷയ്.

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. പൊതുദർശനത്തിനുശേഷം പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു. സിറ്റി എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

Content Highlights: Tragic Loss in Ashtamudi Lake: Two Youth Drown, Community Mourns