'സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഉമ്മയും കൊടുത്തോ എന്നറിയില്ല'; പരിഹാസവുമായി CITU നേതാവ്

കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരംചെയ്യുന്ന ആശാ വര്‍ക്കമാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിൽ പരിഹാസവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ലെന്നായിരുന്നു കെ.എന്‍. ഗോപിനാഥിന്‍റെ പ്രസ്താവന. കുട കൊടുക്കുന്നതിന് പകരം ഓണറേറിയം കൊടുക്കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ലേബര്‍ കോഡ് കൊണ്ടുവന്ന് 12 മണിക്കൂര്‍ ജോലിയാക്കണം എന്ന നിര്‍ദേശം കൊണ്ടുവന്നത് ഞങ്ങളല്ല. ബിജെപി ഗവണ്‍മെന്റാണ്. അവരാണിവിടെ സമരത്തിന് വന്നത്. സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാൻപാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടുകൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍, കെ.എൻ. ഗോപിനാഥൻ ചോദിച്ചു.
ആശാവര്‍ക്കമാരുടെ സമരത്തെ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും നേരത്തേ രംഗത്തെത്തിയിരുന്നു. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നുമായിരുന്നു സി.ഐ.ടി.യുവിന്റെ നേതാവ് കൂടിയായ എളമരം കരീം പരിഹസിച്ചത്.
Content Highlights: Suresh Gopi`s Asha Worker Visit: CPI(M)`s Sarcastic Response