മുൻ ദേശീയ ഫുട്‌ബോൾ താരം അസീം കൊറളിയാടൻ അപകടത്തിൽ മരിച്ചു

#ന്യൂസ് ഡെസ്ക്
അസീം കൊറളിയാടൻ
അസീം കൊറളിയാടൻ

കോയമ്പത്തൂർ: മുൻ ദേശീയ ഫുട്‌ബോൾ താരവും കോയമ്പത്തൂർ വിമാനത്താവളം കസ്റ്റംസ് ഓഫീസറുമായ മലപ്പുറം അരീക്കോട് സ്വദേശി അസീം കൊറളിയാടൻ (41) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി 9.30-ഓടെ കോയമ്പത്തൂർ വിമാനത്താവളത്തിനുസമീപം സിട്രയിൽ അസീം സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ ലോറിയിടിച്ചാണ് അപകടം.

സിങ്കാനല്ലൂരിലെ വീട്ടിൽനിന്ന് വിമാനത്താവളത്തിലേക്ക് ജോലിക്കുപോകുമ്പോഴായിരുന്നു അപകടം. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ദേശീയതലത്തിൽ ശ്രദ്ധേയനായ അസീം അണ്ടർ-21 കേരളടീമിന്റെ ഭാഗമായിരുന്നു. 2010-ൽ മഹാരാഷ്ട്രയ്ക്കുവേണ്ടിയും 2013-ൽ തമിഴ്‌നാടിനുവേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. ക്ലബ് ഫുട്‌ബോൾ മേഖലയിലും അസീം പ്രശസ്തനായിരുന്നു.

2005-’06-ൽ വാസ്‌കോ ഗോവയ്ക്കുവേണ്ടിയാണ് ക്ലബ് മത്സരത്തിൽ തുടക്കംകുറിച്ചത്. തുടർന്ന് സാൽഗോക്കർ ഗോവയുടെയും 2007-’09-ൽ മുംബൈ എഫ്.സി.യുടെയും പിന്നീട് മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ എന്നിവയുടെയും താരമായി.

2009-’10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങിയ അസീം 2010-’11 സീസണിൽ ഈസ്റ്റ് ബംഗാളിനുവേണ്ടി കുപ്പായമണിഞ്ഞു. 2010-ൽ മഹാരാഷ്ട്രയ്ക്കും 2013-ൽ തമിഴ്‌നാടിനുംവേണ്ടി സന്തോഷ് ട്രോഫി മത്സരത്തിലും അസീം കളിക്കളത്തിൽ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഒൻപത് സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ. ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.

മൈത്ര കൊറളിയാടൻ മുസാൻകുട്ടിയുടെയും കട്ടാട്ടെ കാഞ്ഞിരാല സൈനബയുടെയും മകനാണ് അസീം. ഭാര്യ: മുംതാസ് താമരശ്ശേരി. മക്കൾ: സിയ അസീം, ഇസ അസീം. പ്രശസ്ത ഫുട്ബോൾതാരവും കോച്ചും കൊണ്ടോട്ടി കെ.എസ്.ഇ.ബി. ജീവനക്കാരനുമായ അനീസ് കൊറളിയാടൻ ഇരട്ടസഹോദരനാണ്. മറ്റു സഹോദരങ്ങൾ: ഷമീർ (കോൺട്രാക്ടർ), ഷബീർ (മലബാർ മസാല റസ്റ്ററന്റ്, കോഴിക്കോട്), ഷമീന.

ഇ.എസ്.ഐ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിൽ പൊതുദർശനത്തിനുവെച്ചു. വ്യാഴാഴ്ച വൈകീട്ടോടെ അരീക്കോട്ടേക്ക് കൊണ്ടുപോയി. പുത്തലത്തെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് ഊർങ്ങാട്ടിരി മൈത്രയിൽ എത്തിച്ച് മൈത്ര ജുമാമസ്ജിദ് കബർസ്താനിൽ രാത്രി കബറടക്കി.

Content Highlights: Former national football player and Coimbatore airport customs officer Aseem Koraliyadan (41), who represented Kerala U-21, Maharashtra, Tamil Nadu, and top I-League clubs, died in a road accident near Coimbatore.