എം. കുഞ്ഞാമന്‍: മൗലികതയുടെ കാതല്‍

ധിഷണയും ധിക്കാരവും ഒരുപോലെ സമ്മേളിക്കുമ്പോള്‍ മാത്രമല്ല നമുക്ക് ഒരാളെ കുഞ്ഞാമന്‍ എന്ന് വിളിക്കാനാവുന്നത്. കാരുണ്യവും സഹജീവി സ്‌നേഹവും അവയ്‌ക്കൊപ്പം ഇടകലര്‍ന്നൊഴുകുമ്പോഴാണ് എം. കുഞ്ഞാമനെപ്പോലെ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ മനുഷ്യപ്പിറവികള്‍ ഉണ്ടാവുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരള സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായിരിക്കെ ഒരു സെമിനാറില്‍ മുന്‍ മുഖ്യമന്ത്രി സി. അച്ച്യുതമേനോനുമായി സംവാദത്തില്‍ ഇടപെട്ടതിനെക്കുറിച്ച് കുഞ്ഞാമന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. കുഞ്ഞാമന്റെ ചോദ്യങ്ങളില്‍ അലോസരം പൂണ്ട സെമിനാര്‍ അദ്ധ്യക്ഷനായ പ്രൊഫസര്‍ ഇനി ചോദ്യങ്ങള്‍ വേണ്ടെന്ന് പറയുന്നു. അതിനാവില്ലെന്നും സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം വകുപ്പ് തരുന്നതാണെന്നും അതെടുത്തുമാറ്റാന്‍ പ്രൊഫസര്‍ക്കാവില്ലെന്നുമായി കുഞ്ഞാമന്‍. സംവാദം പിന്നീട് തുടര്‍ന്നില്ലെങ്കിലും അച്ച്യുത മേനോന്‍ കുഞ്ഞാമനെ മറന്നില്ല. താന്‍ പത്രാധിപരായ മാസികയിലേക്ക് കുഞ്ഞാമന്‍ അടിയന്തരമായി ലേഖനങ്ങള്‍ തരണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയാണ് വീട്ടിലെത്തിയ ഉടനെ അച്ച്യുത മേനോന്‍ ചെയ്തത്.
'വിപ്ലവത്തിനുള്ളിലെ വിപ്ലവം' എന്ന പേരില്‍ ഫ്രഞ്ച് ചിന്തകന്‍ റെജിസ് ദെബ്രെ എഴുതിയ രചനയാണ് കുഞ്ഞാമനെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്കെത്തുക. എല്ലാ അര്‍ത്ഥത്തിലും കലാപങ്ങളുടെ വാര്‍പ്പുമാതൃകകള്‍ നിരാകരിക്കുകയും തീര്‍ത്തും മൗലികമായ രീതിയില്‍ ചിന്തയിലും എഴുത്തിലും സംഭാഷണങ്ങളിലും നിരന്തരം പുതുക്കലുകൾ നടത്തുകയുമാണ് കുഞ്ഞാമന്‍ ചെയ്തത്.
അധികാരത്തെ ചോദ്യംചെയ്യലാണ് ശരിയായ രാഷ്ട്രീയമെന്ന കാഴ്ചപ്പാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ജീവിതമായിരുന്നു കുഞ്ഞാമന്റേത്. അംബദ്കറുടെ അടിസ്ഥാനപരമായ അജണ്ട അധികാരത്തെ ചോദ്യംചെയ്യലായിരുന്നുവെന്നും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട വാചകമാണ്. ഏറ്റവുംവലിയ സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന ജര്‍മ്മന്‍ ചിന്തക റോസ ലക്‌സംബര്‍ഗിന്റെ നിരീക്ഷണം കുഞ്ഞാമന്‍ എടുത്തുപറയുമായിരുന്നു. ജനാധിപത്യത്തില്‍ വിശുദ്ധ പശുക്കളില്ലെന്നും ചോദ്യങ്ങളില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ മരണമായിരിക്കുമെന്നും കുഞ്ഞാമന്‍ പറഞ്ഞിരുന്നത് വെറുംവാക്കായിരുന്നില്ല.
'എതിര്' എന്നാണ് കുഞ്ഞാമന്റെ ആത്മകഥയുടെ പേര്. ഇത് ഇംഗ്‌ളീഷിലാക്കാനുള്ള ശ്രമമുണ്ടെന്ന് കുഞ്ഞാമന്‍ പറഞ്ഞപ്പോള്‍ എതിരിന് ആംഗലേയത്തിലുള്ള സമാന പദം എന്തായിരിക്കുമെന്ന ആലോചനയുണ്ടായി. അന്ന് ഒടുവില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ' defiance' എന്ന പദത്തിലായിരുന്നു. കുഞ്ഞാമന്‍ വെറുതെ എതിര്‍ക്കുകയായിരുന്നില്ല. തനിക്ക് മുകളിലുള്ള അധികാരത്തോടുള്ള കലഹവും പ്രതിഷേധവും ചോദ്യംചെയ്യലുമായിരുന്നു കുഞ്ഞാമന്റെ ജീവിതം . താഴെയുള്ളവരോടല്ല, മുകളിലുള്ളവരോടാണ് നമ്മള്‍ പോരാടേണ്ടതെന്ന് കുഞ്ഞാമന്‍ പറഞ്ഞിരുന്നത് അധികാരം എതിര്‍ക്കപ്പെടേണ്ടതാണെന്ന കൃത്യമായ നിലപാടിന്റെ പുറത്തായിരുന്നു.
കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ കെട്ടിക്കിടന്നിരുന്ന അഴുക്കുചാലുകളില്‍ കുഞ്ഞാമന്‍ നടത്തിയത് അത്യധികം വിപ്ലവകരമായ രാസപ്രവര്‍ത്തനമായിരുന്നു. നിരന്തരമായ ചോദ്യങ്ങളിലൂടെ കുഞ്ഞാമന്‍ പുതിയ കപ്പല്‍ചാലുകള്‍ തീര്‍ക്കുകയും മൗലികതയുടെ പുതിയ തുറസ്സുകള്‍ തുറന്നെടുക്കാന്‍ മലയാളിയെ പ്രകോപിപ്പിക്കുകയും നിര്‍ബ്ബന്ധിക്കുകയും ചെയ്തു. പരാജയങ്ങള്‍ ഭക്ഷിച്ചു വളര്‍ന്ന ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു കുഞ്ഞാമന്‍. ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവ് നായയുമായി മല്ലിടേണ്ടിവന്നതിനെക്കുറിച്ച് കുഞ്ഞാമന്‍ ആത്മകഥയായ എതിരില്‍ എഴുതുന്നുണ്ട്. എംഎയ്ക്ക് പഠിക്കുമ്പോള്‍ പ്രണയം തോന്നിയ പെണ്‍കുട്ടി 'ആ ബെഗ്ഗറോ' എന്ന് തന്നെക്കുറിച്ച് ഒരു സ്‌നേഹിതനോട് പറഞ്ഞതായി അറിഞ്ഞപ്പോള്‍ തകരുകയും തളരുകയുമല്ല കുഞ്ഞാമന്‍ ചെയ്തത്, ''We celebrate victory, but we learn from failures'' എന്നാണ് മനസ്സില്‍ തട്ടി കുഞ്ഞാമന്‍ പറഞ്ഞിരുന്നത്. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ കെ.ആര്‍ നാരായണന് ശേഷം ഒന്നാം റാങ്ക് നേടുന്ന പ്രതിഭ എന്ന വിശേഷണവുമായി കുഞ്ഞാമന്‍ പുറത്തേക്കുവരുന്നത്.
ഇതേ ആത്മബലത്തിന്റെ പുറത്താണ് തന്റെ ഗവേഷണ മേല്‍നോട്ടക്കാരനായ ഡോക്ടര്‍ കെ. എന്‍. രാജ് എന്ന പണ്ഡിതവര്യനോട് താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ എസ്എസ്എല്‍സി പോലും പാസ്സാകുമായിരുന്നില്ലെന്നും എന്നാല്‍ താനായിരുന്നു രാജിന്റെ സ്ഥാനത്തെങ്കില്‍ നോബേല്‍ സമ്മാനം തേടിയെത്തിയിട്ടുണ്ടാകുമായിരുന്നെന്നും കുഞ്ഞാമന്‍ പറയുന്നത്. കൂടുതല്‍ കീഴാളപഠനങ്ങള്‍ കൊണ്ടുവന്നു എന്നതല്ല, കീഴാള പഠനങ്ങളെ വിപ്ലവോന്മുഖമാക്കുകയും അവയ്ക്ക് പുതിയ ദിശാബോധം നല്‍കിയെന്നതുമാണ് ഗെയ്ല്‍ ഓംവെത്തിന്റെ സുപ്രധാന സംഭാവനയെന്ന് കുഞ്ഞാമന്‍ ഒരിക്കല്‍ എഴുതിയത് ഏറ്റവുമധികം കേരളത്തില്‍ ചേരുക കുഞ്ഞാമനുതന്നെയാവും. 1980-കളില്‍ ഉയര്‍ന്നുവന്ന ദളിത് രാഷ്ട്രീയത്തിന് ശക്തമായ ബൗദ്ധിക അടിത്തറ തീര്‍ക്കുന്നതില്‍ കുഞ്ഞാമന്‍ വഹിച്ച പങ്ക് നിസ്തുലവും നിര്‍ണ്ണായകവുമാണ്. ശ്രേണീബദ്ധത (ഹയരാര്‍ക്കി)യെ തകര്‍ക്കുന്ന ഈ രാഷ്ട്രീയമാണ് ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മുന്നോട്ടു നടക്കാന്‍ മലയാളിക്ക് തുണയായ ഒരു സുപ്രധാന ഘടകം.
വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണമാവാം. പക്ഷേ, നിയമനിര്‍മ്മാണ സഭകളിലേക്ക് കീഴാളര്‍ വരേണ്ടത് സംവരണത്തിലൂടെയല്ലെന്നും രാഷ്ട്രീയത്തിലൂടെ തന്നെയായിരിക്കണമെന്നും കുഞ്ഞാമന്‍ നിലപാടെടുത്തത് ഈ ദര്‍ശനത്തിന്റെ വെളിച്ചത്തിലായിരുന്നു. സമൂഹത്തില്‍ മാറ്റംവരുന്നത് പരാജിതനിലൂടെയാണെന്നും വിജയിയിലൂടെയല്ലെന്നും കുഞ്ഞാമന്‍ പറഞ്ഞത് സ്വന്തം അനുഭവത്തിന്റെ ഉളിത്തലപ്പ് ചിന്തേരിട്ട കാഴ്ചപ്പാടിന്റെ പരിസരത്തില്‍ നിന്നുകൊണ്ടായിരുന്നു. കമ്പോള നിയന്ത്രിതമായ സാമ്പത്തികരംഗവും ജാതി നിയന്ത്രിതമായ രാഷ്ട്രീയ മേഖലയുമടങ്ങുന്ന ഹയരാര്‍ക്കിക്കെതിരെയുള്ള പോരാട്ടത്തില്‍ പലപ്പോഴും സ്ഥാപിത ഇടത്പക്ഷ താല്‍പര്യങ്ങള്‍ക്ക് കുഞ്ഞാമന്‍ അനഭിമതനായി. എന്തുകൊണ്ട് കുഞ്ഞാമന്‍ കേരളത്തില്‍ ഒരു സര്‍വ്വകലാശാലയിലും വൈസ് ചാന്‍സലറായില്ല എന്ന ചോദ്യത്തിന് കേരളം ഭരിച്ച ഇരു മുന്നണികളും ഒരുപോലെ ഉത്തരംപറയേണ്ടിവരും.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വളരെ അടുത്ത ആത്മബന്ധമാണ് കുഞ്ഞാമനുമായുണ്ടായിരുന്നത്. എപ്പോള്‍ വേണമെങ്കിലും വിളിക്കാനും എന്തിനെക്കുറിച്ചും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം. മൗലികമായ ആ പ്രതിഭയുടെ മിന്നല്‍പ്രകാശം നല്‍കിയ ഉള്‍ക്കാഴ്ചകള്‍ ഏറെയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തുപരത്ത് മാതൃഭൂമി സാഹിത്യേത്സവത്തില്‍ കുഞ്ഞാമനുമായി നടത്തിയ അഭിമുഖം ഒരിക്കലും മറക്കാനാവില്ല. അതിനു ശേഷം അന്നുരാത്രിയില്‍ മലയാളിയുടെ മറ്റൊരു മൗലിക പ്രതിഭയായ മേതില്‍ രാധാകൃഷ്ണനൊപ്പം കുഞ്ഞാമനുമായി സന്ധിച്ചതും നിത്യഹരിത ഓര്‍മ്മയാണ്. കുഞ്ഞാമനും മേതിലും തമ്മില്‍ ആദ്യമായി നേര്‍ക്കുനേര്‍ വരികയായിരുന്നു. തന്‍റേതുമാത്രമായ ചില മനോവ്യാപാരങ്ങള്‍ക്കിടയില്‍ മേതില്‍ ആദ്യം കുഞ്ഞാമനെ ഗൗനിക്കാതെപോയി. പക്ഷേ, കുഞ്ഞാമന്‍ സംസാരിച്ചു തുടങ്ങിയതും മേതില്‍ ചെവിപാര്‍ത്തു. ''You made my day'' എന്ന വാക്കുകളോടെയാണ് അന്ന് മേതില്‍ പിരിഞ്ഞതെന്നോര്‍ക്കുന്നു. നാളെ (തിങ്കളാഴ്ചച) തിരുവനന്തപുരത്തിന് പോകാനിരിക്കെയാണ് കുഞ്ഞാമന്റെ മരണവാര്‍ത്ത വരുന്നത്. ഒരിക്കല്‍കൂടി കുഞ്ഞാമനും മേതിലുമായി ഒന്ന് സംസാരിക്കുക എന്ന ഉദ്ദേശ്യംകൂടി യാത്രയ്ക്കുണ്ടായിരുന്നു. പക്ഷേ, തീര്‍ത്തും അപ്രതീക്ഷിതമായി കുഞ്ഞാമന്‍ കടന്നുപോയിരിക്കുന്നു. മനസ്സിലും പുറത്തുമായി പടരുന്ന അമ്പരപ്പും സങ്കടവും ഒരിക്കലും വാക്കുകളിലേക്ക് പകരാനാവില്ല.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വാട്ട്‌സാപ്പില്‍ കുഞ്ഞാമന്റെ ഒരു പോസ്റ്റ് വന്നിരുന്നു: 'Of course, Marx said: ''Essence of existence is human freedom.'' But the problem with a well-fed , well caged slave is that he/she may not even realise the reality. Towards the end of slavery in America, many slaves themselves wanted slavery to continue. That was the irony of the situation.'
അടിമത്തം ആനന്ദമായി കാണുന്നവരുമായി കുഞ്ഞാമന് ഇടപാടുകളുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം അദ്ദേഹത്തിന് പ്രാണവായുവായിരുന്നു. മുന്നില്‍ വന്നുനിന്ന മരണത്തോട് നിനക്കും ഭരണഘടനയുടെ 19-ാം വകുപ്പ് തരുന്ന അവകാശം നിഷേധിക്കാനാവില്ലെന്നുതന്നെയായിരിക്കണം കുഞ്ഞാമന്‍ അവസാനമായി പറഞ്ഞിട്ടുണ്ടാവുക.
Content Highlights: article based on the life and views of m kunjaman