'വഖഫിൽ സർക്കാർ നീതി പാലിച്ചില്ല'; വഖഫ് ബോർഡ് പുനഃസംഘടനയിൽ കടുത്ത അതൃപ്തിയുമായി കാന്തപുരം വിഭാഗം

#ന്യൂസ് ഡെസ്ക്
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ |ഫോട്ടോ:മാതൃഭൂമി
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എപി വിഭാഗം സുന്നികൾ. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ തങ്ങളെ അവഗണിച്ചതായും സർക്കാർ നീതി പാലിച്ചില്ലെന്നും എപി വിഭാഗം കുറ്റപ്പെടുത്തി. പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് എപി വിഭാഗത്തിന്റെ ഉപസംഘടനയായ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് പ്രതികരിച്ചു.

സർക്കാർ നിലപാട് അനീതിയും അന്യായവുമാണെന്ന് എപി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. 'ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണ്. കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും ഇരു സമസ്തകൾ തന്നെ. എന്നിട്ടും പുതുതായി രൂപീകരിച്ച വഖ്ഫ് ബോർഡിൽ ഇരു സമസ്തകൾക്കും പ്രതിനിധികളില്ല. സർക്കാർ നിലപാട് അനീതിയും അന്യായവുമാണ്' റഹ്മത്തുള്ള സഖാഫി ഫെയ്സ്ബുക്കിൽ കുറിച്ചു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. സമസ്ത മുശാവറയിൽനിന്ന് പുറത്താക്കിയ മുസ്തഫുൽ ഫൈസിയെ ഉൾപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം. ജിഫ്രി തങ്ങൾക്കെതിരായ പരസ്യ വിമർശനത്തെ തുടർന്നായിരുന്നു മുസ്തഫുൽ ഫൈസിയെ പുറത്താക്കിയത്. ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നൽകിയതിലും അതൃപ്തി പുകയുന്നുണ്ട്.

അതേസമയം പുതിയ ചെയർമാൻ മായിൻ ഹാജി സമസ്തയുടെകൂടി പ്രതിനിധിയാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എൽഡിഎഫ് സർക്കാർ നിയമിച്ച കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ടുകൊണ്ടാണ് പുതിയ ബോർഡ് രൂപീകരിച്ചത്.

കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്സി, തൊടിയൂർ മമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൾ മജീദ്, സലാഹി മദീന ബീഗം, മുസ്തഫൽ ഫൈസി എന്നിവരാണ് അംഗങ്ങൾ. എംഎൽഎമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീൻ വഖഫ് ബോർഡിൽ ഇടംപിടിച്ചത്.

Content Highlights: AP Sunni faction strongly criticized the Kerala government over the Waqf Board reconstitution., Alleged that the community managing the majority of Waqf properties was completely ignored., Kerala Muslim Jamaath hinted at direct protests against the unjust government stance., Dissatisfaction also exists regarding the inclusion of expelled members and Jamaat-e-Islami representation.