മരടിൽ ഫ്ലാറ്റുകൾ പൊളിച്ചിടത്ത് നിയമവിധേയമായി കെട്ടിടം നിർമിക്കാമെന്ന് അമിക്കസ് ക്യൂറി

മരട്: മരടിൽ ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് നിയമപരമായി പുതിയ കെട്ടിടം നിർമിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോർട്ട് വൈകാതെ സുപ്രീംകോടതിക്ക് സമർപ്പിക്കും. ഫ്ലാറ്റുകൾ പൊളിച്ച സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ മരട് നഗരസഭയിലെ രേഖകൾ പരിശോധിച്ച ശേഷമാണ് ഗൗരവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്. പൊളിച്ച ഫ്ലാറ്റുകൾ നിന്നിടത്ത് എത്രമാത്രം നിർമാണം അനുവദിക്കാം എന്നതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
2019-ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം മരട് നഗരസഭ കാറ്റഗറി രണ്ടിൽ പെടുന്ന മേഖലയാണിതെന്ന കത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിക്കു കൈമാറിയിരുന്നു. കാറ്റഗറി രണ്ടിൽ നിയന്ത്രണങ്ങളോടെ നിർമാണം അനുവദിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ക്രിസ്മസ് അവധിക്കാലത്ത് മരട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ അമിക്കസ് ക്യൂറിക്കു നിർദേശം നൽകിയത്.
തീരദേശ പരിപാലന നിയമം ലംഘിച്ചതിന് നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2020 ജനുവരി 11, 12 തീയതികളിലായി പൊളിച്ചത്. നെട്ടൂർ ജെയിൻ കോറൽ കേവ്, ആൽഫ സെറിൻ, കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്.ടു.ഒ., കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നിവയാണു പൊളിച്ചത്. 343 ഫ്ലാറ്റ് ഉടമകളാണ് ആകെ ഉണ്ടായിരുന്നത്.
സബ് കളക്ടർ കെ. മീര, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് കെ. മുഹമ്മദ്, ബിനോയ് ജോസഫ്, ബേബി പോൾ, ശോഭ ചന്ദ്രൻ, റിനി തോമസ്, കൗൺസിലർമാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, എ.ജെ. തോമസ്, അഡ്വ. ജനറൽ സ്പെഷ്യൽ ഗവ. പ്ലീഡർ അഡ്വ. സി.ഇ. ഉണ്ണികൃഷ്ണൻ, ചീഫ് ടൗൺപ്ലാനർ ഷിജി ഇ. ചന്ദ്രൻ തുടങ്ങിയവർ അമിക്കസ് ക്യൂറിക്കൊപ്പമുണ്ടായി.
Content Highlights: Amicus curiae that building can be constructed legally where flats are demolished in Maradu