പിണറായിയില്‍ അധികാരം കേന്ദ്രീകരിക്കുന്നതാണ് സി.പി.എം. നേരിടുന്ന പ്രതിസന്ധി: കെ. വേണു

സി.പി.എം. നിലവില്‍ നേരിടുന്ന പ്രതിസന്ധി വ്യക്തികേന്ദ്രീകൃത നേതൃത്വവുമായി ബന്ധപ്പെട്ടതാണെന്നും പാര്‍ട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി പിണറായി വിജയന്‍ പരിണമിച്ചതാണ് ഈ പ്രതിസന്ധിയുടെ മൂലകാരണമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സാംസ്‌കാരിക വിമര്‍ശകനുമായ കെ. വേണു പറയുന്നു. സമകാലിക കേരളീയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കെ. വേണുവുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്:
സി.പി.എം. നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വളരെ വലുതാണെന്ന നിരീക്ഷണമുണ്ട്. സ്വര്‍ണ്ണക്കടത്തു കേസിനും സ്പ്രിങ്ക്ളര്‍ ഇടപാടിനും അപ്പുറത്തേക്ക് പോകുന്ന ഈ പ്രതിസന്ധിയുടെ മൂലകാരണം പിണറായി വിജയന്‍ പാര്‍ട്ടിക്കും അതീതനായി വളര്‍ന്നതാണെന്ന വിമര്‍ശമാണ് ഉയരുന്നത്. എന്താണ് താങ്കളുടെ വീക്ഷണം ?
ഒരു ദിവസം കൊണ്ടുണ്ടായ പ്രതിസന്ധിയല്ല ഇത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം പടി പടിയായി സി.പി.എം. ഒരു അധികാര പാര്‍ട്ടിയായി പരിണമിക്കുകയായിരുന്നു. നേരത്തെ പാര്‍ട്ടിക്ക് ശക്തമായ ജനകീയ ആഭിമുഖ്യമുണ്ടായിരുന്നു. ബ്രാഞ്ച് കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ഉള്‍പ്പെടുന്ന അതിശക്തമായ പാര്‍ട്ടി ഘടനയായിരുന്നു അത്. ഈ ഘടകങ്ങള്‍ക്ക് ജനങ്ങളുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലുമുണ്ടാവുന്ന സംഭവവികാസങ്ങള്‍ കൂലങ്കഷമായി ഈ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ ഘടകങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശം പാര്‍ട്ടി നേതൃത്വത്തിന് അവഗണിക്കാനാവുമായിരുന്നില്ല. ഇന്നിപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന സംവിധാനത്തിലെ കണ്ണികള്‍ മാത്രമായി ഈ ഘടകങ്ങള്‍ മാറിയിരിക്കുന്നു. ജനങ്ങളുമായി തോളോടുതോള്‍ ചേര്‍ന്നു നടന്നിരുന്ന നേതാക്കളാണ് പ്രാദേശിക തലങ്ങളില്‍ നേരത്തെയുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഒരു ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയെ കാണണമെങ്കില്‍ പോലും നേരത്തെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുക്കേണ്ട അവസ്ഥയാണ്. അധികാരമാണ് ഇന്ന് പാര്‍ട്ടിയെ നിര്‍ണ്ണയിക്കുന്നതും നിര്‍വ്വചിക്കുന്നതും.
ഭരണത്തിനൊപ്പം സമരമെന്നത് ഇ.എം.എസ്. ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള മുദ്രാവാക്യമാണ്. പാര്‍ട്ടി ഭരിക്കുമ്പോഴും ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമരം നടത്താന്‍ പാര്‍ട്ടിക്കാവുമെന്ന കാഴ്ചപ്പാടായിരുന്നു അത്. പാര്‍ട്ടിയും ഭരണകൂടവും ഒന്നാകരുത് എന്ന ഈ തത്വമല്ലേ ഇപ്പോള്‍ ലംഘിക്കപ്പെടുന്നത്?
അതെ. പാര്‍ട്ടിക്ക് ജനകീയ മുഖം നിലനിര്‍ത്താന്‍ പറ്റുന്നതപ്പോഴാണ്. അല്ലെങ്കില്‍ പാര്‍ട്ടി ഭരണവര്‍ഗ്ഗമായി മാറും. ആ അപചയമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. നേരത്തെ ഒരു തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാര്‍ട്ടിക്ക് എത്ര വോട്ടു കിട്ടുമെന്ന് സി.പി.എമ്മിന് കൃത്യമായി പറയാനാവുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാര്‍ട്ടിക്ക് മുന്‍കൂട്ടിക്കാണാനാവുന്നില്ല. പാര്‍ട്ടിയുടെ ജനകീയബന്ധം ദുര്‍ബ്ബലമായതാണ് ഇതിന് കാരണം.
പിണറായി വിജയന്‍ എന്ന വ്യക്തി പാര്‍ട്ടിയുടേയും ഭരണകൂടത്തിന്റേയും മുകളില്‍ ഒരു പോലെ വിരാജിക്കുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ശരിക്കുമൊരു സ്റ്റാലിനിസ്റ്റാണ് പിണറായി വിജയന്‍. വി.എസും സ്റ്റാലിനിസ്റ്റാണെങ്കിലും ജനകീയ ആഭിമുഖ്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
പാര്‍ട്ടി അധികാരവര്‍ഗ്ഗമായതിന്റെ ദൂഷ്യഫലമാണ് ബംഗാളില്‍ സി.പി.എമ്മിനെ തകര്‍ത്തത്?
35 കൊല്ലത്തോളമാണ് ബംഗാളില്‍ സി.പി.എം. തുടര്‍ച്ചയായി ഭരിച്ചത്. ഞാന്‍ ബംഗാളിലെ ഉള്‍ഗ്രാമങ്ങളിലൊക്കെ സഞ്ചരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ അവികസിതമായ ഉള്‍പ്രദേശങ്ങളുടെ അതേ അവസ്ഥയിലാണ് ഈ ഗ്രാമങ്ങളും. പഴയ ജന്മി വര്‍ഗ്ഗത്തിനു പകരം ഓരോ ഗ്രാമങ്ങളിലും പാര്‍ട്ടി നേതാക്കന്മാര്‍ വലിയ വീടുകളുണ്ടാക്കി എന്ന മാറ്റമാണുണ്ടായത്. പണ്ട് ജന്മികളായിരുന്നു ജനങ്ങളുടെ ശത്രുക്കളെങ്കില്‍ ആ സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ നേതാക്കള്‍ എത്തുന്ന കാഴ്ച.
കേരളത്തില്‍ ഇതല്ല അവസ്ഥ. സമൂഹത്തിന്റെ അടിത്തട്ടില്‍ ജനാധിപത്യത്തിന്റെ വലിയൊരു പ്രസരണമുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയുമൊക്കെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ ഇതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
പിന്നീടിങ്ങോട്ട് ഗ്രന്ഥശാല പ്രസ്ഥാനവും ഈ ജനാധിപത്യവത്കരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടില്ലേ? ചിന്തയുടെ നൂറു പൂക്കള്‍ വിരിയാന്‍ കേരളത്തില്‍ ഇടമൊരുങ്ങിയത് ഇതിലൂടെയല്ലേ?
തീര്‍ച്ചയായും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. ബഹുസ്വരതയുടെ പ്രകാശനം കേരളത്തില്‍ സാദ്ധ്യമാക്കിയതിനു പിന്നില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിനുള്ള പങ്ക് നിസ്തുലമാണ്. ചോദ്യം ചെയ്യലും തെറ്റു തിരുത്തലുമെന്ന ജനാധിപത്യ പ്രക്രിയ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയുടെ ഭാഗമായിരുന്നു. ഇവിടെയാണ് പടിപടിയായി സി.പി.എം. ഒരു അധികാര പാര്‍ട്ടിയായി മാറിയത്. കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച ലഭ്യമാകാതിരുന്നതിനാല്‍ ബംഗാളിലെ പോലെ അത്രയും വലിയൊരു അപചയത്തിലേക്ക് പാര്‍ട്ടി വീണില്ലെന്നു മാത്രം.
ജനാധിപത്യ കേന്ദ്രീകരണം(ഡെമോക്രാറ്റിക് സെന്‍ട്രലിസം) എന്ന പരികല്‍പന സി.പി.എം. മുന്നോട്ടുവെയ്ക്കുന്നുണ്ട്. അമിതമായ കേന്ദ്രീകരണവും ജനാധിപത്യത്തിന്റെ നിരാകരണവും സംഭവിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പലകുറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ, കേരളത്തിലെ സി.പി.എമ്മില്‍ ജനാധിപത്യ കേന്ദ്രീകരണമെന്നത് ഒരു വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയായിരിക്കുകയാണോ ?
ജനാധിപത്യ കേന്ദ്രീകരണം സി.പി.എമ്മിന്റെ നയമാണ്. പാര്‍ട്ടി നടപടികളില്‍ പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നയമാണിതെന്നാണ് സി.പി.എം. അവകാശപ്പെടുന്നത്. പക്ഷേ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കാര്യങ്ങള്‍ തീരുമാനിക്കുന്നു, പാര്‍ട്ടി അത് നടപ്പാക്കുന്നു എന്ന അവസ്ഥയാണുള്ളത്. ഇ.എം.എസും നായനാരും വി.എസും ഭരണത്തിലിരുന്നപ്പോള്‍ പാര്‍ട്ടിയുടെ കൃത്യമായ ഇടപെടലുണ്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റാന്‍ പോലും പാര്‍ട്ടി സമ്മതിക്കുന്നില്ലെന്ന് വി.എസ.് പരാതി പറഞ്ഞിട്ടുണ്ട്. വി.എസിന്റെ ഓഫീസില്‍ ആരൊക്കെയുണ്ടാവണം എന്ന് പാര്‍ട്ടിയാണ് തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആരൊക്കെ വേണമെന്ന് പാര്‍ട്ടിയല്ല പിണറായി വിജയനാണ് തീരുമാനിക്കുന്നത്.
സി.പി.എം. കേന്ദ്ര നേതൃത്വവും ഇക്കാര്യത്തില്‍ നിസ്സഹായരാണെന്ന വിമര്‍ശമുണ്ട്?
കേന്ദ്ര നേതൃത്വത്തിന് ഇപ്പോള്‍ ഒന്നും ചെയ്യാനില്ല. നേരത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ടുകള്‍ സമാഹരിച്ചിരുന്നത് ബംഗാളിലെയും കേരളത്തിലെയും പാര്‍ട്ടി ഘടകങ്ങളാണ്. ഇപ്പോള്‍ കേരളം മാത്രമാണ് പാര്‍ട്ടിയുടെ വരുമാനസ്രോതസ്സ്. കേരളമാണിന്നിപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കേരളത്തിലെ നേതൃത്വമാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. പിണറായി വിജയനെതിരെ ഒരു നടപടിയും എടുക്കാന്‍ കേന്ദ്ര നേതൃത്വത്തിനാവാത്ത സ്ഥതി വിശേഷമാണ് പാര്‍ട്ടി നേരിടുന്നത്. അലന്‍-താഹമാരുടെ മേല്‍ യു.എ.പി.എ. ചുമത്തുന്നതില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വ്യത്യസ്തമായ അഭിപ്രായമായിരുന്നു. പക്ഷേ, പിണറായി വിജയന്‍ നിലപാട് കടുപ്പിച്ചതോടെ യെച്ചൂരിയുടെ വീക്ഷണത്തിന് പ്രസ്‌ക്തിയില്ലാതായി.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. തൊലിപ്പുറമേയുള്ള ചികിത്സ മാത്രമല്ലേ ഇത്? പിണറായി വിജയനെന്ന അധികാര സ്വരൂപത്തിനെ വിചാരണചെയ്യാനോ വിശകലനം ചെയ്യാനോ പാര്‍ട്ടി തയ്യാറാവുന്നില്ല?
അതിനവര്‍ക്ക് കഴിയില്ലെന്നതാണ് വാസ്തവം. പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും പിണറായിക്കുള്ള പിടി അത്രമേല്‍ ശക്തമാണ്. പിണറായിയെ ചോദ്യം ചെയ്യാന്‍ കഴിവുള്ള ഒരു നേതാവും ഇപ്പോള്‍ സി.പി.എമ്മിലില്ല.
ഭരണമേറ്റ് അധികം തമാസിയാതെ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് ഞെട്ടിക്കുന്ന നടപടിയായിരുന്നു. നവ ഉദാരവത്കരണ സാമ്പത്തിക തത്വങ്ങളുടെ പ്രയോക്താവിനെ ഇടതു മുന്നണി സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കിയതിനെതിരെ ഒരു പ്രതികരണവും പാര്‍ട്ടിക്കുള്ളിലുണ്ടായില്ല എന്നത് ശ്രദ്ധേയമായിരുന്നു?
ശരിയാണ്. എന്നെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു അത്. പ്രത്യയശാസ്ത്രപരമായി പിണറായി വിജയനുണ്ടെന്ന് പറയപ്പെടുന്ന കാര്‍ക്കശ്യം തകര്‍ന്നുവീണ നടപടിയായിരുന്നു അത്. വാസ്തവത്തില്‍ പാര്‍ട്ടിക്ക് സംഭവിക്കുന്ന പ്രത്യയശാസ്ത്രപരമായ തകര്‍ച്ചയുടെ വലിയൊരു പ്രതിഫലനമായിരുന്നു ആ നടപടി. പിണറായിയുടെ ഉപദേശകരായിരുന്നു അതിന് പിന്നില്‍. ഉപദേശകവൃന്ദം എ.കെ.ജി. സെന്ററിനു മുകളിലേക്ക് വളരുന്ന കാഴ്ചയായിരുന്നു അത്.
സി.പി.എമ്മില്‍ കാര്യങ്ങള്‍ നടത്തുന്നത് കണ്ണൂര്‍ ലോബിയാണെന്ന നിരീക്ഷണത്തെക്കുറിച്ച്?
സാധുതയുള്ള നിരീക്ഷമണാണത്. വി.എസ്. മുഖ്യമന്ത്രിയായിരിക്കെ ഈ ലോബിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. നവ ഉദാരവത്കരണ, ധനമൂലധന ശക്തികളോട് ഈ ലോബിക്കുള്ള ആഭിമുഖ്യവും കാണാതിരിക്കാനാവില്ല.
ഈ ലോബിയില്‍നിന്ന് പി. ജയരാജന്‍ പുറത്തായതായാണ് വിവരം. പി. ജയരാജനെ വിമര്‍ശിക്കുന്നവര്‍ പോലും അദ്ദേഹം അഴിമതിക്കാരനാണെന്നോ സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്നോ കുറ്റപ്പെടുത്താറില്ല. നവ ഉദാരവത്കരണ ശക്തികളുമായി സന്ധി ചെയ്യാത്തതുകൊണ്ടാണ് പി. ജയരാജന്‍ കണ്ണൂര്‍ ലോബിക്ക് അനഭിമതനായതെന്ന് ആക്ഷേപമുണ്ട്?
അങ്ങിനെ കേള്‍ക്കുന്നുണ്ട്. പി. ജയരാജന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നതിന് ഇതൊരു കാരണമാവാം. ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാന്‍ എനിക്കായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് സൂക്ഷ്മമായൊരു മറുപടി പറയാന്‍ കഴിയില്ല.
ഭാഗം രണ്ട് സി.പി.എം. ഭരണം നിലനിര്‍ത്താനുള്ള സാദ്ധ്യത വിദൂരം: കെ. വേണു
Content Highlights: All powers are concentrating on Pinarayi Vijayan is the real crisis in CPM, says K Venu
Content Highlights: