അപകടത്തിന് മുൻപുള്ള CCTV ദൃശ്യം; ടവേര കാർ വിദ്യാർഥികൾ വാടകയ്‌ക്കെടുത്തത്; 1000 രൂപ ഗൂഗിൾ പേ വഴി നൽകി

അപകടത്തിന് മുന്‍പ് വിദ്യാര്‍ഥികള്‍ കാറുമായി ഇന്ധനം നിറയ്ക്കാനെത്തിയപ്പോള്‍ | Screengrab: Mathrubhumi News
അപകടത്തിന് മുന്‍പ് വിദ്യാര്‍ഥികള്‍ കാറുമായി ഇന്ധനം നിറയ്ക്കാനെത്തിയപ്പോള്‍ | Screengrab: Mathrubhumi News

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തിന് തൊട്ടുമുന്‍പ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കാറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വെളുത്തനിറത്തിലുള്ള ടവേര കാറില്‍ വിദ്യാര്‍ഥികള്‍ വണ്ടാനത്തെ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

500 രൂപയ്ക്കാണ് വിദ്യാർഥികൾ ഇവിടെനിന്ന് കാറിൽ ഇന്ധനംനിറച്ചത്. ഇതിനുശേഷം മറ്റുവിദ്യാർഥികളെ കൂട്ടാനായി പോയി. തുടർന്ന് കാറിൽ സിനിമയ്ക്ക് പോകുന്നതിനിടെയാണ് കളർകോടുവെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. 

അതിനിടെ, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ഗൗരീശങ്കര്‍, വാടകയായി ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയെന്നു മൊഴി നല്‍കി. കാറോടിച്ചത് ഗൗരീശങ്കറായിരുന്നു. ഇതോടെ വാഹന ഉടമയുടെ മൊഴി തെറ്റാണെന്ന് തെളിഞ്ഞതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാറുമായുള്ള സൗഹൃദം കൊണ്ടാണ് വാഹനം സിനിമയ്ക്കു പോകാന്‍ നല്‍കിയതെന്നാണ് വാഹന ഉടമയായ ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പോലീസിനോടും പറഞ്ഞത്.

ബുധനാഴ്ച മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തി നല്‍കിയ മൊഴിയിലും ഇയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ മൊഴി പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല. ഇതിനിടെയാണ് ഗൗരീശങ്കര്‍ മൊഴി നല്‍കിയത്. ഷാമില്‍ഖാന്‍ വാഹനങ്ങള്‍ വാടകയ്ക്കുനല്‍കാറുണ്ട്. സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനം വാടകയ്ക്കു നല്‍കുന്നതും ടാക്‌സി സര്‍വീസിന് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വാടകയ്ക്കാണ് കാര്‍ നല്‍കിയതെന്ന് വ്യക്തമായതോടെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി

ആലപ്പുഴ: കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാഹനമോടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 (പഴയ ഐ.പി.സി. 304 എ) പ്രകാരമാണു കേസ്.

എഫ്.ഐ.ആര്‍. തയ്യാറാക്കിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും എഫ്.ഐ.ആറില്‍ ഡ്രൈവര്‍ ഗുരുതരകുറ്റം ചെയ്തതായുള്ള പരാമര്‍ശത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാര്‍ഥിക്കെതിരേ കേസെടുത്തത്.

കാറോടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്താണു നിലവില്‍ നടപടിയെടുക്കാത്തത്.

പരിക്കേറ്റവരില്‍ ഒരാളെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി

അമ്പലപ്പുഴ: കളര്‍കോട് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളില്‍ ഒരാളെ വിദഗ്ധചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആലപ്പുഴ എടത്വാ സ്വദേശി ആല്‍വിന്‍ ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ കൊച്ചിയിലേക്കു കൊണ്ടുപോയത്. മറ്റു നാലുപേരുടെയും നില തൃപ്തികരമാണെന്ന് ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

ആല്‍വിന്‍ ജോര്‍ജിനെ ക്രിട്ടിക്കല്‍ കെയര്‍ ടീമിലെ ഡോ. അനില്‍ സത്യദാസ്, ഡോ. അശ്വതി എന്നിവര്‍ പരിശോധിച്ച് ഗുരുതരാവസ്ഥ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. അതോടെയാണ് തുടര്‍ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.

കൊല്ലം പോരുവഴി ആനന്ദ് മനുവിന്റെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍നിന്നുമാറ്റി. സി.ടി. സ്‌കാനിങ്ങില്‍ തലയിലെ രക്തസ്രാവത്തിന്റെ അളവു കൂടിയിട്ടില്ലെന്നു കണ്ടെത്തി. ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് തുടയെല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യും. തലച്ചോറിന്റെ ശസ്ത്രക്രിയയ്ക്കു വിധേയനായ ചേര്‍ത്തല സ്വദേശി കൃഷ്ണദേവിന്റെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍നിന്നു മാറ്റി. ബോധം സാധാരണനിലയിലേക്കു തിരിച്ചുവരുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദിന് ബുധനാഴ്ച നടത്തിയ എക്സ്റേ പരിശോധനയില്‍ പ്രകടമായ ഹീമോന്യൂമോ തൊറാക്സ് (ശ്വാസകോശത്തിനുണ്ടായ ആഘാതം മൂലം രക്തവും വായുവും നെഞ്ചിന്റെ അറകളില്‍ നിറയുന്ന അവസ്ഥ) ഇല്ലെന്നു കണ്ടെത്തി. എന്നാല്‍, മാസ്‌കില്‍ക്കൂടി ഓക്സിജന്‍ തുടരണം. കാറോടിച്ചിരുന്ന എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ഗൗരീശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Content Highlights: alappuzha medical students accident death cctv visuals before accident