നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്നത്തെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക. സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ടി.ബി. മിനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് നേരത്തെ തനിക്കെതിരെ ഉണ്ടായ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിച്ചു. വിശദമായി കേൾക്കുന്നതിനായി ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് അഭിഭാഷകയ്ക്കെതിരെ ചില പരാമർശങ്ങൾ ഉണ്ടായത്. അതിജീവിതയുടെ അഭിഭാഷക എവിടെ എന്ന് കോടതി ചോദിക്കുകയും അതിനു പിന്നാലെ ചില വ്യക്തിഗത പരാമർശങ്ങൾ കോടതി നടത്തുകയും ചെയ്തിരുന്നു. അഭിഭാഷക പത്ത് ദിവസം മാത്രമേ കോടതിയിൽ ഉണ്ടായിട്ടുള്ളൂവെന്നും പല ദിവസങ്ങളിലും കോടതിയിൽ ഉറങ്ങുകയാണ് പതിവെന്നുമാണ് വിചാരണ കോടതി ജഡ്ജി പറഞ്ഞത്. അന്നത്തെ ആ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയാവുകയും സോഷ്യൽ മീഡിയയിലടക്കം വലിയ ആക്രമണം അതിജീവിതയുടെ അഭിഭാഷകയ്ക്ക് നേരിടേണ്ടി വരികയും ചെയ്തു. ഇത്തരത്തിലുള്ള സൈബർ പ്രചാരണങ്ങൾ തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായി അതിജീവിതയുടെ അഭിഭാഷക സമർപ്പിച്ച ഹർജിയിൽ പറയുന്നു.
വിചാരണ കോടതി ജഡ്ജിയുടെ പരാമർശങ്ങൾക്ക് പിന്നാലെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. കൂടാതെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലിനും പരാതി സമർപ്പിച്ചിരുന്നു. എന്നാൽ ഈ സംഭവം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരില്ലെന്ന മറുപടിയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്ന് അതിജീവിതയുടെ അഭിഭാഷകയ്ക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ് വിചാരണ കോടതി ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Advocate TB Mini, representing the survivor in the actress assault case, has moved the Kerala High Court seeking suo motu contempt action against former trial court judge Honey M Varghese over personal remarks.