നടി അര്‍ച്ചന കവിയോട് മോശം പെരുമാറ്റം: ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി

കൊച്ചി: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. ബിജുവിന്റെ പേരില്‍ വകുപ്പുതല നടപടിയെടുത്തതായി സിറ്റി പോലീസ് കമ്മിഷണര്‍ സി. എച്ച്. നാഗരാജു. സര്‍വീസ് ബുക്കില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നടിയോടും സംഘത്തോടും മോശമായി പെരുമാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മട്ടാഞ്ചേരി എ.സി.പി. നല്‍കിയിരുന്നു. വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തു.
ഇന്‍സ്പെക്ടറുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായി കണ്ടെത്തിയതായി കമ്മിഷണറും വ്യക്തമാക്കി. ഞായറാഴ്ച രാത്രി രവിപുരത്തുനിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കു പോകുന്നതിനിടെയാണ് ദുരനുഭവമുണ്ടായതെന്ന് അര്‍ച്ചന കവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടി പരാതി നല്‍കിയിരുന്നില്ല. പത്രവാര്‍ത്തകളുടെയും സമൂഹ മാധ്യമങ്ങളിലെ നടിയുടെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.
Content Highlights: Actress Archana Kavi Kochi Police