പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈയിലിരുന്ന് സ്‌ഫോടകവസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

പിണറായി: കണ്ണൂർ പിണറായിയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ വലതു കൈപ്പത്തിയിലെ വിരലുകൾ അറ്റുപോയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. വെണ്ടുട്ടായി കനാൽകരയിൽ സ്‌നേഹാലയത്തിൽ വിപിൻ രാജിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നത്.
വിപിൻ തന്റെ കൈയിലിരിക്കുന്ന സ്‌ഫോടകവസ്തുവിന്റെ തിരിക്ക് തീ കൊളുത്തുന്നതും പൊടുന്നനെ അത് പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് വിവരം. ദൃശ്യത്തിൽ 'കൈ പോയി' എന്നും, 'ആശുപത്രിയിൽ പോകാം' എന്നുമൊക്കെ പറയുന്നത് കേൾക്കാം.
പടക്കംപൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത ഓലപ്പടക്കം കൈയിലെടുക്കുകയും അത് കൈയിലിരുന്ന് പൊട്ടുകയുമായിരുന്നു എന്നായിരുന്നു വിപിൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ, ആശുപത്രി അധികൃതരും പോലീസും ഇത് വിശ്വസിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.
കോൺഗ്രസ് ഓഫീസ് തകർത്തത് അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ. കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു. സ്‌ഫോടനത്തിൽ വിപിന്റെ കൈപ്പത്തി തകർന്നിട്ടുണ്ട്. പരിക്ക് ഗുരുതരമാണെങ്കിലും ഇയാൾ ആശുപത്രിയിൽ സുഖംപ്രാപിച്ച് വരികയാണെന്നാണ് വിവരം.
Content Highlights: Shocking video shows a CPM worker`s fingers being severed as an explosive detonates in his hand in Pinarayi, Kannur. Investigation underway.