മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതാ മുൻ അധ്യക്ഷൻ എബ്രഹാം മോർ യൂലിയോസ് കാലം ചെയ്തു

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മോർ യൂലിയോസ് (81) കാലം ചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മെത്രാപ്പോലീത്ത ശനിയാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. 2008 മുതൽ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ച അദ്ദേഹം ചുമതലകൾ ഒഴിഞ്ഞ ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. രണ്ട് ദിവസത്തെ പൊതുദർശനത്തിനും പ്രാർഥനകൾക്കും ശേഷം കബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് തിരുവല്ലയിലെ സെന്റ് ജോൺസ് കത്തീഡ്രലിൽ നടക്കും.
1945 മേയ് 25-ന് മല്ലപ്പള്ളി കല്ലൂപ്പാറയിൽ വർഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വർഗീസിന്റെയും മകനായാണ് എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത ജനിച്ചത്. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജിൽ ദൈവശാസ്ത്രപഠനവും നടത്തി.
വൈദികനായി വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളിലും സജീവമായി. പിന്നീട് പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. ബൈബിൾ പഠനത്തിൽ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉന്നത പഠനം നടത്തി. ബൈബിൾ-ദൈവശാസ്ത്ര വിഷയങ്ങളിൽ അധ്യാപകനായും ഗ്രന്ഥകാരനായും പ്രവർത്തിച്ചു.
2008 ജനുവരി 18-ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായി. 2008 ഫെബ്രുവരി ഒമ്പതിന് മൂവാറ്റുപുഴ സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവ അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു.
Content Highlights: Former Metropolitan Bishop of Muvattupuzha Diocese Dr. Abraham Mar Julios passed away at 81 in Thiruvalla. He led the diocese from 2008 to 2019. Funeral service is scheduled for Monday at St. John's Cathedral.