സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും.. വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി

#ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ അവകാശത്തേച്ചൊല്ലി നടക്കുന്ന തർക്കത്തിൽ മുൻ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ. പാലത്തിന്റെ നിർമാണത്തിനായി തീരുമാനമെടുത്ത് ആദ്യം ഫണ്ട് അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും ഉത്തരവ് സഹിതം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അബിൻ വർക്കിയുടെ വിമർശനം. അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അബിൻ വർക്കി ആവശ്യപ്പെട്ടു. സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തുമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അബിൻ വർക്കി പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും..

കോഴഞ്ചേരി പുതിയ പാലം ഉദ്ഘാടനത്തിന് യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും പാടില്ല എന്നായിരുന്നു എന്റെ വ്യക്തിപരമായ ആഗ്രഹം. അതുകൊണ്ടാണ് പാലം പണിയാൻ ആദ്യം ഫണ്ട് അനുവദിക്കപ്പെട്ട സമയത്തെ എം.എൽ.എ ശിവദാസൻ നായർ സാറിനെയും, പാലം പണി നടന്ന ഘട്ടത്തിലെ എംഎൽഎയായ ശ്രീമതി വീണ ജോർജിനെയും പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ള തീരുമാനം. ആഞ്ഞിലമൂട്ടിൽ കടവ് പാലത്തിന്റെ ഉത്ഘാടനം 2016ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാരും അന്നത്തെ എംഎൽഎയും ചേർന്ന് നടത്തിയപ്പോൾ, ആ പാലം പണി പൂർത്തീകരിച്ച സമയത്തെ എംഎൽഎ ആയിരുന്ന ശിവദാസൻ നായർ സാറിനെ ക്ഷണിക്കുന്നതിന്റെ കാര്യത്തിലോ കേരളത്തിലെ മെട്രോ ഉൾപ്പെടെയുള്ള മറ്റ് പ്രോജക്ട് ഉദ്ഘാടനങ്ങളുടെ കാര്യത്തിലോ ഇവർ ആരും ഈ രാഷ്ട്രീയ മാന്യത കാണിച്ചിട്ടില്ല എന്നത് സാന്ദർഭികവശാൽ ഓർമിപ്പിക്കട്ടെ.

പക്ഷേ ഇന്നലെ മുതൽ പാലം താൻ മാത്രമാണ്, തന്റേത് മാത്രമാണ് എന്ന് അവകാശപ്പെട്ട് ചിലർ ഇറങ്ങിയിട്ടുണ്ട്. ഞാൻ നുണ പറയുകയാണ് എന്നായിരുന്നു അവരുടെ അവകാശവാദം.

ഞാൻ സത്യവിരുദ്ധമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. 2012-13 ബഡ്ജറ്റിൽ ഉമ്മൻചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ, കെ.എം മാണി സാർ ധനകാര്യ മന്ത്രിയായിരുന്നപ്പോൾ ബഹു. ശിവദാസൻ നായർ സാറുടെ പ്രത്യേക ആവശ്യപ്രകാരം ആണ് ആദ്യമായി പാലത്തിനു 2 കോടി രൂപ ഫണ്ട് അനുവദിക്കുന്നത്. ആയതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനും ലഭിച്ചു.

GO(Rt) 354/2013/PWD/tvpm dtd 13-03-2013 Rs. 200 Lakhs.

ഇതായിരുന്നു അന്നത്തെ ഗവൺമെന്റ് ഓർഡർ നമ്പർ.

A rough estimate for an amount of Rs 39 crore submitted to CE soil investigation got approved and submitted to DRIQ Board for general design drawing. An estimate for an amount of Rs. 1.30 lakhs for supplying and fixing boundary stone along tbe side of approach road for LA has got part TS from CE on 11-02-2015 and work has arranged for fixing boundary stone.

ഡ്രോയിങ്ങിനും, അതിർത്തി നിർണയിക്കുന്നതിനും, മണ്ണ് പരിശോധനയ്ക്കും എല്ലാം ആയിട്ടാണ് ഈ ഫണ്ട് അനുവദിക്കപ്പെട്ടത്. ഇതിന് തുടർച്ചയായിട്ടാണ് കൂടുതൽ ഫണ്ടോട് കൂടി 2018 പാലം പണി ആരംഭിക്കാൻ സാധ്യമായത്.

അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Content Highlights: Abin Varkey addresses the Kozhancherry bridge controversy in a Facebook post, urging to end the drama and acknowledge the project's funding history.