കാടിന് കാവലാളായി കാടിന്റെ മക്കളും; PSC മുഖേന 500 ആദിവാസികള്‍ക്ക് ജോലി, ഉടന്‍ നിയമനം

കോതമംഗലം: സംസ്ഥാനത്ത് വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 500 പേര് വൈകാതെ നിയമിതരാകും. 400 പുരുഷന്മാരും 100 വനിതകളും ഇതില്‍ പെടും. പി.എസ്.സി. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേനയാണ് ഇവരെ തിരഞ്ഞെടുത്തത്. ഇവരില്‍ 200 പേര് വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 500 ദിവസം ജോലി ചെയ്തവരാണ്.
റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവര്‍ക്ക് നിയമന ശുപാര്‍ശയും ലഭിച്ചുതുടങ്ങി. പി.എസ്.സി. മുഖേന സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം ആദിവാസികള്‍ സേനയുടെ ഭാഗമാകുന്നത്. വനവിഭവങ്ങള്‍ ശേഖരിച്ച് കഴിയുന്നവരും വനത്തിനുള്ളിലും ചേര്‍ന്നുള്ള പ്രദേശത്തും ഊരുകളില്‍ താമസിക്കുന്നവരുമായ 18-41 പ്രായത്തിലുള്ളവരെയാണ് നിയമനത്തിന് പരിഗണിച്ചത്.
102 ഒഴിവുകള്‍ വയനാട്ടിലാണുള്ളത്. പാലക്കാട് 36, കണ്ണൂര്‍, കാസര്‍കോട് 27 വീതവും ഇടുക്കി 24, മലപ്പുറം 14, തിരുവനന്തപുരം, കോട്ടയം, എറണാകുളം 12 വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ആറ് വീതവുമാണ് ഒഴിവുകള്‍. ഇതുകൂടാതെയാണ് ദിവസ വേതനത്തില്‍ ജോലിചെയ്തവരില്നിന്ന് 200 പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. വനം ഇല്ലാത്തതുകൊണ്ട് ആലപ്പുഴ ജില്ലയെ ഒഴിവാക്കി. എഴുത്ത്, കായികക്ഷമതാ പരീക്ഷ, മെഡിക്കല്‍ പരിശോധന, ഇന്റര്‍വ്യൂ എല്ലാം നടത്തിയായിരുന്നു തിരഞ്ഞെടുപ്പ്.
ഇടുക്കി ജില്ലയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പരീക്ഷകൂടി നടത്തിവേണം റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍. എറണാകുളം ജില്ലയുടെ റാങ്ക് ലിസ്റ്റില്‍ 84 പേരാണുള്ളത്.
Content Highlights: 500 tribes in government service, forest department, beat forest officer