വലിയവേളി കടപ്പുറത്ത് കടലാമ വസന്തം, 108 കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്ക് വിട്ടു| VIDEO

തിരുവനന്തപുരം: വലിയവേളി കടപ്പുറത്ത് കടലാമകുഞ്ഞുങ്ങളുടെ വസന്തം. കഴിഞ്ഞയാഴ്ചയിൽ തുമ്പ കടപ്പുറത്ത് നൂറിലധികം കുഞ്ഞുങ്ങളാണ് വിരിഞ്ഞ് കടലിലേക്ക് പോയത്. ബുധനാഴ്ച വേളി കടപ്പുറത്തും മുട്ടവിരിഞ്ഞിറങ്ങിയ 108 കുഞ്ഞുങ്ങളെയും കടലിലേക്ക് വിട്ടു. ഒലിവ് റിഡ്‌ലി വിഭാഗത്തിലുളള കടലാമകളാണ് തുമ്പയിലും വേളി കടപ്പുറത്തും മുട്ടകളിട്ടത്.
വലിയവേളി കടപ്പുറത്ത് മണൽക്കൂടൊരുക്കിയാണ് മുട്ടകളെ സംരക്ഷിച്ചിരുന്നത്. 123 മുട്ടകളാണ് ഇത്തരത്തിൽ സൂക്ഷിച്ചിരുന്നത്. ഇവയിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി വിരിഞ്ഞ 108 കുഞ്ഞുങ്ങളെയാണ് കടലിലേക്ക് തിരികെ വിട്ടത്. വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേത്യത്വത്തിലായിരുന്നു ആമയുടെ മുട്ടകളെ സംരക്ഷിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രിയോടെയായിരുന്നു വലിയവേളി കടപ്പുറത്ത് ആമ മുട്ടയിട്ട് മടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളായ യുവാക്കൾ വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം കോർഡിനേറ്റർ അജിത് ശംഖുംമുഖത്തിനെ വിവരമറിയിച്ചു.
തുടർന്ന് അജിത്തിന്റെ നേത്യത്വത്തിൽ അഖിൽ ആന്റണി,സ്റ്റെജിൻ തോമസ്, പ്രിൻസ് പാട്രിക്, അലൻ അജിത് എന്നിവരുടെ നേത്യത്വത്തിൽ മുട്ടകൾ പെറുക്കി മണൽക്കൂടൊരുക്കി സംരക്ഷിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്. വേളി ഇടവ വികാരി സജു റോൾഡൻ, സോഷ്യൾ ഫോറസ്ട്രിയുടെ തിരുവനന്തപുരം അസി. കൺസർവേറ്റർ സജു എസ്.നായർ എന്നിവരും നാട്ടുകാരും ചേർന്നാണ് കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്.