തീപിടിച്ചത് പൊന്നാനിയിലെ കടയ്ക്ക്, അഗ്‌നിരക്ഷാസേന തീയണയ്ക്കാൻ എത്തിയത് കോഴിക്കോട് ബീച്ചിൽ

അഗ്‌നിരക്ഷാസേനാ വാഹനം (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി
അഗ്‌നിരക്ഷാസേനാ വാഹനം (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: പൊന്നാനിയിൽ കടയ്ക്ക് തീപിടിച്ചു. അഗ്‌നിരക്ഷാസേനാംഗങ്ങൾ തീ അണയ്ക്കാൻ ഓടിനടന്നത് കോഴിക്കോട് ബീച്ചിൽ. ഏതാനുംദിവസംമുൻപ് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് ഏറെ പരിഭ്രമത്തോടെയുള്ള ഒരു ഫോൺവിളി വന്നു: ''ബീച്ചിലെ ഒരു ഹോട്ടലിന് തീപിടിച്ച് കത്തിക്കൊണ്ടിരിക്കുകയാണ്. വേഗം വരണം''. എവിടെയാണ് ഈ ഹോട്ടൽ എന്ന് ചോദിച്ചപ്പോൾ മറുതലയ്ക്കൽനിന്ന് ഉടൻ മറുപടി: ''ഇതാ നിങ്ങളുടെ ഓഫീസിന് തൊട്ടുപിന്നിലുള്ള ഹോട്ടലാണ്...''

മറ്റൊന്നുമാലോചിക്കാതെ അഗ്‌നിരക്ഷാസേനാംഗങ്ങൾ ഉടൻ കുതിച്ചെത്തി. കോഴിക്കോട് ബീച്ചിൽ തലങ്ങും വിലങ്ങും തീകെടുത്താനുള്ള മൊബൈൽ ടാങ്ക് യൂണിറ്റു(എം.ടി.യു.)മായി ഓടിക്കൊണ്ടിരുന്നു. എവിടെയും തീപ്പിടിത്തത്തിന്റെ ഒരംശംപോലും കാണാനില്ല.

രക്ഷാപ്രവർത്തനത്തിന് പോയ അഗ്‌നിരക്ഷാസേനാംഗങ്ങളിൽ ഒരാൾ സ്റ്റേഷനിലേക്ക് വിളിച്ച മൊബൈൽഫോൺ നമ്പറിലേക്ക് തിരിച്ചുവിളിച്ച് എവിടെയാണ് ഈ ഹോട്ടലെന്ന് ചോദിച്ചു. അയാൾ ദേഷ്യത്തോടെ 'ഇത്രസമയം വേണോ പൊന്നാനി ഫയർ‌സ്റ്റേഷന്റെ തൊട്ടുപിന്നിലുള്ള കടയിലെത്താൻ' എന്ന മറുചോദ്യമാണ് മറുപടിയായി കിട്ടിയത്. അപ്പോഴാണ് ഫോൺവിളി ലഭിച്ചത് കോഴിക്കോട്ടാണെന്ന് അയാളും തിരിച്ചറിയുന്നത്. ബീച്ചിലെ അഗ്‌നിരക്ഷാസേനാംഗങ്ങൾക്ക് ഇതുപോലുള്ള ഫോൺവിളികൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായിട്ട് നാളേറെയായി.

തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള വിവിധയിടങ്ങളിൽനിന്ന് 101-ലേക്ക് രക്ഷാപ്രവർത്തനത്തിനായുള്ള ഓരോ വിളിയുമെത്തുന്നത് കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലേക്കാണ്. നെറ്റ്വർക്കിലെ സാങ്കേതികത്തകരാറാണ് കാരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 101-ൽ വിളിച്ച് സഹായാഭ്യർഥന നടത്തുമ്പോൾ, ഫോൺവിളികളെത്തുന്നത് ഇവിടെയുള്ള 2723051 എന്ന ലാൻഡ് ഫോണിലേക്കാണ്. ഇത് പരിഹരിക്കാനായി വിവിധ മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഇതുവരെ ഒരു ഫലവുണ്ടായിട്ടില്ല.

വഴിതെറ്റിയെത്തുന്ന ഇത്തരം ഫോൺവിളികൾ പ്രായോഗികമായി ഏറെ പ്രയാസമുണ്ടാക്കുന്നതായി ബീച്ച് സ്റ്റേഷൻ ഫയർ ഓഫീസർ കെ. അരുൺ പറഞ്ഞു.

Content Highlights: Emergency 101 calls from across Kerala are being misrouted to the Kozhikode Beach Fire Station., A major network technical glitch is causing critical delays in emergency response