‘സംഘപരിവാർഗാന്ധിയെ നിർമിക്കാൻ ശ്രമം, ഭരണഘടന ജീവനില്ലാത്ത പ്രതിമ പോലെയായി, മുഖ്യമന്ത്രിയോട് ഒരഭ്യർഥനയുണ്ട്’

മഹാത്മാഗാന്ധിയുടെ പ്രപൗത്രനായ തുഷാർ ഗാന്ധി, ഗാന്ധിജയന്തിയോട് അനുബന്ധിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖം.
- പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിവധം ഒഴിവാക്കി. ഒടുവിൽ കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കംചെയ്തു. എല്ലായിടത്തുനിന്നും ഗാന്ധിജി ഒഴിവാക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നുണ്ടോ?
അവർ ഗാന്ധിജിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ സ്ഥാപിക്കാനായി തുടർച്ചയായി കാംപെയിൻ നടത്തിക്കൊണ്ടിരിക്കയാണ്. നുണകൾ പ്രചരിപ്പിക്കുകയാണ്. ഗാന്ധിവധം ശരിയാണെന്ന് സ്ഥാപിക്കാനുള്ള പ്രചാരണമാണ് നടക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാഠപുസ്തകത്തിൽനിന്ന് നീക്കിയതും കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് പേര് നീക്കിയതുമെല്ലാം. ഒരദ്‌ഭുതവും ഇപ്പോൾ നടക്കുന്ന കാര്യങ്ങളിലില്ല. പതുക്കെ ഗാന്ധിയൻ പാരമ്പര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ. ഗുജറാത്ത് വിദ്യാപീഠം ബാപ്പു സ്ഥാപിച്ച സർവകലാശാലയാണ്. അത് ഒരു സംഘപരിവാർ ശാഖപോലെയായി. സാബർമതി ആശ്രമം തീർഥാടനകേന്ദ്രത്തിനുപകരം ഒരു പിക്‌നിക് സ്പോട്ടായി മാറി. ഗാന്ധിജിയുടെ ഓർമ്മകൾ ഇല്ലാതാക്കി സംഘപരിവാറിനുകൂടെ സ്വീകാര്യനായ ഗാന്ധിയാക്കി മാറ്റുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യം.
- ഗാന്ധിജിക്കുപകരം ആരെയാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? ഗോഡ്‌സെയെ സ്വീകാര്യനാക്കുക എന്ന അജൻഡയുണ്ടോ?
2014-ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടിയത് എന്നുപറഞ്ഞ് കങ്കണ റണൗട്ട് ‘വിസ്പറിങ് കാംപെയിനി’ന് തുടക്കമിട്ടിട്ടുണ്ട്. പുതിയ രാഷ്ട്രപിതാവിനെ സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എല്ലാം മോദി ചെയ്തതാണ്, അദ്ദേഹം വന്നതുകൊണ്ടാണ് എല്ലാം നടന്നതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഗോഡ്‌സെയെ എല്ലാവർക്കും സ്വീകാര്യനായ ഒരാളായി അവതരിപ്പിക്കാൻ അവർക്ക് കഴിയില്ല. ചിലർ വിചാരിക്കുന്നത് നരേന്ദ്രമോദിയെ, ഗാന്ധിജിക്കുപകരമായി അവതരിപ്പിക്കാമെന്നാണ്. ജനങ്ങൾ മോദിയെ ആരാധിക്കുന്നതുകൊണ്ടോ ആദരിക്കുന്നതോ അല്ല; അതിനുവേണ്ടി പി.ആർ. പ്രതിച്ഛായ ഉണ്ടാക്കുകയാണ്. നരേന്ദ്രമോദി മീഡിയ മെയ്ഡ് ഐക്കണാണ്.
- ആർക്കാണ് ഗാന്ധിയൻ ആശയങ്ങളെ സംരക്ഷിക്കാനാവുക?
അതിനുവേണ്ടി ഓരോ വ്യക്തിയുടെയും ശബ്ദമുയരണം. ഗാന്ധിജിരാജ്യത്തിന്റെ ആത്മാവാണ്. ബാപ്പുവിന്റെ മാർഗമാണ് ഇന്ത്യയെ രക്ഷിക്കാനുള്ള മാർഗമെന്ന് മതേതര ഇടങ്ങളിൽനിന്നുതന്നെ പറയണം. ഗാന്ധിജിയുമായി ബന്ധമില്ലാത്തവർക്ക് ഗാന്ധിയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. ഗാന്ധിയെ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ നിലനിർത്തണം.
- ഈ രീതി തുടർന്നാൽ 25 വർഷം കഴിഞ്ഞുള്ള വിദ്യാർഥികൾ ഏതുതരത്തിലുള്ള ഗാന്ധിജിയെക്കുറിച്ചായിരിക്കും പഠിക്കുക?
ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും ഗെയിംപ്ലാൻ വിജയിച്ചാൽ ഗാന്ധിയെ ആർ.എസ്.എസ്. യൂണിഫോമിൽ കണ്ടാലും അദ്‌ഭുതപ്പെടാനില്ല. കാവിവത്കരിക്കപ്പെട്ട, ഹിന്ദുത്വ ആയ ഗാന്ധിജിയെ ആണ് അവർ അവതരിപ്പിക്കാൻ താത്‌പര്യപ്പെടുന്നത്. ആർ.എസ്.എസ്. പ്രചാരകായ ഗാന്ധിജി. ജനങ്ങൾക്ക് യാഥാർഥ്യം അറിയില്ലെങ്കിൽ, സത്യം ശക്തമായി പറഞ്ഞില്ലെങ്കിൽ ഗാന്ധിജിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അതിശക്തമായി പ്രചരിപ്പിക്കപ്പെടും. അവർക്ക് ഗാന്ധിജിയെ ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ, എ.ഐ.യുടെ സഹായത്തോടെ ആർ.എസ്.എസിന്റെ ഭാഷ സംസാരിക്കുന്ന ഗാന്ധിജിയെ അവർ ഉണ്ടാക്കും.
- രാജ്യത്തെ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർതന്നെ ജനാധിപത്യം അട്ടിമറിക്കാൻ നേതൃത്വം നൽകിയെന്ന ആരോപണമുയരുന്നു. അദ്ദേഹം സംശയത്തിന്റെ നിഴലിലാവുന്നു. നമ്മുടെ ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നത്?
തിരഞ്ഞെടുപ്പുകമ്മിഷൻ സംശയത്തിന്റെ നിഴലിലല്ല. അദ്ദേഹത്തിന്റെ ക്രൈം തെളിയിക്കപ്പെട്ടിരിക്കുന്നു. കുറ്റവാളിയാണ്; സംശയിക്കപ്പെടുന്നയാളല്ല. കുറ്റാരോപിതൻ പോലുമല്ല. ചിലരെ ഇ.ഡി.യെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് ഭയപ്പെടുത്തുന്നു. ഭരണഘടനാസ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. ഇതാണ് ബി.ജെ.പി.യുടെയും അവരുടെ കൂട്ടാളികളുടെയും പതിവ് പ്രവർത്തനരീതി. ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പുകമ്മിഷനുപകരം ശാഖാപ്രമുഖിനെപ്പോലെ പെരുമാറുന്നതിൽ അദ്‌ഭുതപ്പെടാനില്ല.
എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും അവരുടെ ആളുകളെ തിരുകിക്കയറ്റി ദുർബലപ്പെടുത്തി അവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമംനടത്തുന്നത്. എങ്ങനെയാണ് നീതിപീഠം സന്ധിചെയ്യന്നത്, എങ്ങനെയാണ് തിരഞ്ഞെടുപ്പുകമ്മിഷൻ വിശ്വാസ്യതയില്ലാത്തതായി മാറുന്നത് എന്നെല്ലാം നമ്മൾ കണ്ടുകൊണ്ടിരിക്കയാണ്. ഭരണഘടന ജീവനില്ലാത്ത പ്രതിമപോലെയായി.
- സി.ജെ.പി. ഒരു പുതിയ മുന്നേറ്റമായിരുന്നു. രാഷ്ട്രീയത്തിനപ്പുറത്തുള്ള അത്തരം പരീക്ഷണങ്ങൾക്ക് ഈ അവസ്ഥയ്ക്ക് മാറ്റംകൊണ്ടുവരാൻ കഴിയുമോ?
ജനങ്ങൾ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ അത് സംരക്ഷിക്കപ്പെടില്ല. കോക്രോച്ച് ജനതാപാർട്ടിയുടെ വിജയം ഒരു പ്രതീക്ഷയാണ്. ജനങ്ങൾക്കുവേണ്ടിയാണ് അവർ ഇറങ്ങിയത്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരംപോലെ ജനങ്ങൾ രാഷ്ട്രീയത്തിനതീതമായി ഇറങ്ങണം.
രാഷ്ട്രീയപ്പാർട്ടി എന്നനിലയിൽ സംഘപരിവാറിനോടുള്ള പോരാട്ടത്തിൽ കോൺഗ്രസ് പരാജയമാണ്. അവരോട് ശക്തമായ പോരാട്ടത്തിന് സമയമായെന്ന് രാഹുൽഗാന്ധി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പ്രക്ഷോഭമാണ് കോൺഗ്രസിന്റെ പാരമ്പര്യം. സംഘപരിവാറിനെതിരേ ശക്തമായി ഇറങ്ങാത്തത് കോൺഗ്രസിന്റെ പാരമ്പര്യത്തിൽനിന്ന് പിൻമാറലാണ്.
കേരളത്തിലെ മുഖ്യമന്ത്രിയോട് ഒരു അഭ്യർഥന കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയോട് എനിക്ക് ഒരു അപേക്ഷയുണ്ട്. മഹാത്മജി അഞ്ചുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട്. ബാപ്പുവുമായി ബന്ധപ്പെട്ട ഒരുപാട് സ്ഥാപനങ്ങളും ചരിത്രവുമുണ്ട് കേരളത്തിന്. യു.പി.എ. സർക്കാരിന്റെ കാലത്ത് മൻമോഹൻസിങ്, മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട രാജ്യത്തെ പൈതൃകങ്ങളുടെ ആധികാരികപട്ടിക ഉണ്ടാക്കിയിരുന്നു. കേരളം അതുപോലെ ചെയ്യണം. ബാപ്പുവുമായി ബന്ധമുള്ള സ്ഥലങ്ങൾ കണ്ടെത്തി റസ്റ്റോറേഷൻ പ്രോജക്ട് ഉണ്ടാക്കണം. ഗാന്ധി ടൂർ സർക്കിറ്റ് ഉണ്ടാക്കുകയും അത് കേരളടൂറിസത്തിന്റെ ഭാഗമാക്കുകയും ചെയ്യണം. കേരളമാണ് അവസാനപ്രതീക്ഷ. ഗാന്ധിജിഎന്താണെന്ന് അടുത്ത തലമുറയ്ക്ക് പഠിക്കാനുള്ള അവസരമൊരുക്കണം. |
Content Highlights: Tushar Gandhi accused the Sangh Parivar of systematically attempting to distort Mahatma Gandhi’s legacy into an RSS-aligned figure, warning against the saffronisation of Gandhian history and institutions across the country in this interview.