ബാലഗോപാൽ പിണറായിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു,സഭയിൽ സംഭവിച്ചത് |തിരുവഞ്ചൂർ പറയുന്നു

നിയമസഭയില്‍നിന്നുള്ള ദൃശ്യം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
നിയമസഭയില്‍നിന്നുള്ള ദൃശ്യം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രാഷ്ട്രീയ അനുഭവങ്ങളും സ്പീക്കർ പദവിയിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുന്നു. കേരള നിയമസഭയിൽമുഖ്യമന്ത്രിവി.ഡി. സതീശൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് തിരുവഞ്ചൂർ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഒപ്പം പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി ബന്ധപ്പെട്ട് കെ.എൻ.ബാലഗോപാൽ നടത്തിയ വിവാദ ഇടപെടലുകൾ സംബന്ധിച്ചും പ്രതികരിക്കുകയാണ് തിരുവഞ്ചൂർ. ബാലഗോപാൽ അല്ല ആരായാലും പിണറായിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്...

…

സ്പീക്കർ പദവി താങ്കൾ ഇപ്പോൾ ശരിക്കും ആസ്വദിക്കുന്നുണ്ടോ?

തീർച്ചയായും, സ്പീക്കർ പദവി ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്

എല്ലാവരുമായും സമന്വയത്തോടെ മുന്നോട്ട് പോകുക, വഴക്കുകളില്ലാത്ത രാഷ്ട്രീയം എന്നിവയൊക്കെ എന്റെ സങ്കൽപ്പങ്ങളായിരുന്നു. അതിനു പറ്റിയ ഇടമാണ് സ്പീക്കർഷിപ്പ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സഭയിലെ കേന്ദ്രബിന്ദു സ്പീക്കറാണ്, റൂൾ ബുക്ക് അനുസരിച്ച് സ്പീക്കറുടെ വാക്കാണ് അവസാന വാക്ക്. എങ്കിലും ഒരു സർവ്വാധികാരിയായി നിൽക്കാതെ എല്ലാവരുമായും യോജിച്ച് പോകാനാണ് ഞാൻ ശ്രമിക്കുന്നത്.

സഭയിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രകടനത്തെ എങ്ങനെ കാണുന്നു?

വി.ഡി. സതീശന്റെ സഭയിലെ പ്രകടനം 'സൂപ്പർ പെർഫോമൻസ്' ആണെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം ഇത്രയും ഗംഭീരമായി പെർഫോം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയാകുമ്പോൾ ഉത്തരവാദിത്തം വർദ്ധിക്കുമെങ്കിലും അദ്ദേഹം വളരെ മനോഹരമായും കൃത്യതയോടെയുമാണ് കാര്യങ്ങളെ സമീപിക്കുന്നത്.

നിയമസഭയിൽ ജനങ്ങൾക്കും ചോദ്യം ചോദിക്കാം എന്ന താങ്കളുടെ പുതിയ ആശയത്തെക്കുറിച്ച് വിശദീകരിക്കാമോ?

അതെ, അതെന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വെബ് ക്യാമറ വഴി ഓൺലൈനായി സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്. ജനങ്ങളും നിയമസഭയും തമ്മിലുള്ള ബന്ധം ഇതിലൂടെ വർദ്ധിക്കും. ഇതിനായി റൂൾ ബുക്കിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, എല്ലാവരുമായും ആലോചിച്ച് ഇത് നടപ്പിലാക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.

ഉമാ തോമസ് സംസാരിക്കുമ്പോൾ താങ്കൾ നടത്തിയ ഇടപെടൽ വലിയ ചർച്ചയായിരുന്നു. എന്തായിരുന്നു അവിടെ സംഭവിച്ചത്?

ഉമാ തോമസിനോട് വ്യക്തിപരമായി എനിക്ക് വലിയ സ്‌നേഹമാണുള്ളത്. എന്നാൽ സഭയിൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ അലസമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ശരിയല്ല. സംസാരിക്കുന്ന ആളും സ്പീക്കറും തമ്മിലുള്ള നേർമുഖം തടസ്സപ്പെടരുത് എന്നത് റൂൾ ബുക്കിലുള്ള കാര്യമാണ്. ഉമാ തോമസ് സംസാരിക്കുമ്പോൾ പലരും ഇങ്ങനെ നടക്കുന്നത് കണ്ടപ്പോഴാണ് ഞാൻ ഇടപെട്ടത്. പിന്നീട് ഉമ തന്നെ എന്നോട് പറഞ്ഞു, ട്രോളുകൾ വരുന്നുണ്ടെങ്കിലും സാർ പറഞ്ഞതിന്റെ ഉദ്ദേശ്യം എനിക്ക് മനസ്സിലായെന്ന്.

ട്രോളുകളുടെ കാര്യം പറഞ്ഞപ്പോൾ, ഒരു കാലത്ത് താങ്കൾ ഒരുപാട് ട്രോളുകൾക്ക് ഇരയായിട്ടുണ്ടല്ലോ?

അതെ, ശരിയാണ്. പ്രത്യേകിച്ചും ഫിലിം അവാർഡ് പ്രഖ്യാപിച്ച സമയത്ത് എനിക്കുണ്ടായ ഒരു നാക്കുപിഴ വലിയ ട്രോളായി മാറി. ലൈവ് ടെലികാസ്റ്റിനിടയിൽ വെട്ടിത്തിരുത്തിയ ഒരു കടലാസ് കയ്യിൽ കിട്ടിയപ്പോഴാണ് അത് സംഭവിച്ചത്. ആ തെറ്റ് ഞാൻ അംഗീകരിക്കുന്നു.പൊതുപ്രവർത്തകനാകുമ്പോൾ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണ്, ഇപ്പോൾ ഞാൻ അതിനെ പക്വതയോടെയാണ് കാണുന്നത്.

സഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.എൻ. ബാലഗോപാലിന്റെയും ഇടപെടലുകളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

പിണറായി വിജയൻ കേരളത്തിൽ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയർ നേതാവാണ്. സഭാനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് അർഹമായ ആദരവ് നൽകേണ്ടത് സ്വാഭാവികമാണ്.എന്നാൽ ബാലഗോപാലിന്റെ ചില സമീപനങ്ങളോട് എനിക്ക് യോജിപ്പില്ല. സഭയിൽ ബഹളമുണ്ടാകുന്ന സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് 'എന്തെങ്കിലും പറയൂ' എന്ന് ആവശ്യപ്പെട്ട നടപടി ശരിയായിരുന്നില്ല. പ്രതിപക്ഷ നേതാവിനെപ്പോലെയുള്ള മുതിർന്ന നേതാക്കളെ ക്ഷോഭിപ്പിക്കാനോ അവരെക്കൊണ്ട് നിർബന്ധപൂർവ്വം സംസാരിപ്പിക്കാനോ ശ്രമിക്കുന്നത് ശരിയായ രീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പ്രായം കൂടുന്തോറും ആളുകൾക്ക് പക്വത വർദ്ധിക്കുകയാണ് ചെയ്യുന്നത്, അതിനെ അവരുടെ അവശതയായി കാണേണ്ടതില്ല. അദ്ദേഹത്തിന്റെ (ബാലഗോപാലിന്റെ) ആ സമീപനം ഉചിതമായിരുന്നില്ല എന്നാണ് എന്റെ പക്ഷം.

താങ്കൾ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണല്ലോ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ഉണ്ടാകുന്നത്. ആ അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ എന്ത് തോന്നുന്നു?

ആ കേസ് അന്വേഷണം വളരെ സത്യസന്ധമായാണ് നടന്നത്. ആരെയും അന്യായമായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം മുന്നോട്ട് പോയത്. കൊലപാതകം നടന്ന രാത്രി തന്നെ ഞാൻ കോഴിക്കോട്ടേക്ക് പോയി. കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ ഒരു 'Golden Hour' ഉണ്ട്, അത് നഷ്ടപ്പെട്ടാൽ തെളിവുകൾ കിട്ടില്ല . ഹൈവേകൾ ബ്ലോക്ക് ചെയ്യാൻ ഞാൻ പോലീസിന് നിർദ്ദേശം നൽകി, അങ്ങനെയാണ് പ്രതികൾ സഞ്ചരിച്ച വണ്ടിയിൽ നിന്ന് ആദ്യത്തെ തെളിവുകൾ ലഭിക്കുന്നത്.

സോളാർ കേസും ജോപ്പന്റെ അറസ്റ്റും ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചിരുന്നോ?

ജോപ്പനെ അറസ്റ്റ് ചെയ്ത കാര്യം ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥരോട് ഞാൻ ആദ്യം ക്ഷോഭിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അത് നടന്നതെന്ന് പിന്നീട് ബോധ്യപ്പെട്ടു. സോളാർ കേസുമായി ബന്ധപ്പെട്ട് സഭയിൽ നടന്ന ചില പ്രസംഗങ്ങൾ ഉമ്മൻചാണ്ടിയെ ഏറെ വേദനിപ്പിച്ചിരുന്നു. അദ്ദേഹം ഒരു അമാനുഷികനായ പൊതുപ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ മരണം എനിക്ക് ഒരു സഹോദരനെ നഷ്ടപ്പെട്ടതുപോലെയാണ്.

സ്പീക്കർക്ക് സംരക്ഷണം നൽകാൻ സഭയിൽ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിക്കില്ല എന്ന് താങ്കൾ പറഞ്ഞത് എന്തുകൊണ്ടാണ്? 

സഭയ്ക്കകത്ത് ഇരിക്കുന്നവർ ജനപ്രതിനിധികളാണ്, അവർക്ക് സ്പീക്കറെക്കാൾ ഉയർന്ന പ്രോട്ടോക്കോൾ പദവി ഉണ്ടായേക്കാം. അവർക്കിടയിൽ ഒരു ചിറകെട്ടാൻ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്നെ ആരെങ്കിലും എടുത്തുകൊണ്ട് പോകുകയാണെങ്കിൽ അത് ജനങ്ങൾ കാണട്ടെ, അത് പബ്ലിക്കിലോട്ട് പോകട്ടെ എന്ന നിലപാടാണ് എനിക്കുള്ളത്.

 മകൻ അർജുൻ രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം എങ്ങനെ കാണുന്നു?

അവൻ നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് പ്രോഗ്രാമിന്റെ നാഷണൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നുണ്ട്. അവൻ സ്വന്തം മെറിറ്റിൽ പ്രവർത്തിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. അച്ഛൻ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകാനോ അവന്റെ കാര്യങ്ങളിൽ അമിതമായി ഇടപെടാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പാവപ്പെട്ട ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വന്ന് ഇത്രയും വലിയ നിലയിലെത്തിയതിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്.