'ആഗോള അയ്യപ്പസംഗമം: സർക്കാർ വിലകൊടുക്കേണ്ടിവരും, അവസരവാദ നിലപാടിന് സിപിഎം വിചാരണ ചെയ്യപ്പെടും'

ആഗോള അയ്യപ്പസംഗമം നടത്താൻ നിശ്ചയിച്ചതിനുപിന്നാലെ ശബരിമല യുവതീപ്രവേശകാര്യത്തിലും നിലപാട് മാറ്റാൻ ഒരുങ്ങുന്ന സർക്കാരിന് ചില മുന്നറിയിപ്പുനൽകുകയാണ് സർക്കാർ രൂപവത്കരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ മുൻ കൺവീനർ പുന്നല ശ്രീകുമാർ. നാലുവോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചവരാണ് വഞ്ചിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അവസരവാദ നിലപാട് സ്വീകരിച്ചാൽ സർക്കാർ വിലകൊടുക്കേണ്ടിവരും. സിപിഎം വിചാരണ ചെയ്യപ്പെടും. പുന്നല ശ്രീകുമാർ മാതൃഭൂമി പ്രതിനിധി ബിജു പരവത്തിനു നൽകിയ അഭിമുഖം
? ശബരിമല യുവതീപ്രവേശ വിഷയത്തിൽ സർക്കാരിന് ഒപ്പംനിന്ന് പ്രതിരോധം തീർത്തയാളാണ് താങ്കൾ. ഇപ്പോഴത്തെ സർക്കാർ നിലപാടിനെ എങ്ങനെ കാണുന്നു
= കേരളത്തിലെ ജനങ്ങളോട് അന്ന് മുഖ്യമന്ത്രി പറഞ്ഞത് രണ്ടു സീറ്റിനോ നാല് വോട്ടിനോവേണ്ടി നിലപാട് മാറ്റുന്ന പാർട്ടിയല്ല ഇത് എന്നതാണ്. അങ്ങനെയൊക്കെ പറഞ്ഞ് ഒരു പരിഷ്‌കരണ ചിന്തയെ മുന്നോട്ടുനയിച്ച സർക്കാരിന് ഒരു തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുമ്പോൾ ഒരവസരവാദ നിലപാട് സ്വീകരിക്കാൻ കഴിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം. ശബരിമലയിൽ നാളെ യുവതികൾ ദർശനം നടത്തുമോയെന്നതല്ല. അതിലൊരു നിലപാടാണ് പ്രശ്നം. ഭരണഘടനാബെഞ്ച് അവിടെ യുവതീപ്രവേശം അനുവദിച്ച് ഉത്തരവിറങ്ങിയാൽപ്പോലും ഉടനെ അവിടെ സ്ത്രീകൾ കയറണമെന്നില്ല. അതിന് പാകപ്പെടുന്നഘട്ടംവരെ ആശയസമരം തുടരേണ്ടിവരും. പക്ഷേ, ഇത്തരം കാര്യങ്ങളിൽ ഒരു കമ്യൂണിസ്റ്റ് സർക്കാരിന് നിലപാട് ഒരു പ്രശ്നമാണ്. ഇതിനുവേണ്ടി വനിതകളെ അണിനിരത്തി വനിതാമതിൽ നടത്തിയ സർക്കാരിന് സമൂഹത്തെ പിന്നോട്ടുനടത്താൻ പറ്റുമോ. അത് തെറ്റായ സന്ദേശമാവില്ലേ നൽകുക. അങ്ങനെയുണ്ടായാൽ സർക്കാരിന് വിലകൊടുക്കേണ്ടിവരും.
? താങ്കളുടെ നേതൃത്വത്തിലാണ് നവോത്ഥാനമൂല്യ സംരക്ഷണ സമിതി രൂപവത്കരിച്ചത്. നിരാശ തോന്നുന്നുണ്ടോ
= ഞങ്ങൾക്ക് നിരാശയൊന്നുമില്ല. പാർലമെന്ററിരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള പാർട്ടികൾക്ക് അധികാരം ഒരു പ്രശ്നമാണ്. അധികാരം പ്രശ്നമാകുമ്പോൾ സാമൂഹികവിപ്ലവത്തെ അവർ കൈയൊഴിയും. സർക്കാർ എല്ലാവരുടെയും സർക്കാരാണ്. അതുകൊണ്ട് സാമൂഹികവിപ്ലവമെന്നത് അവരുടെ അജൻഡയാണോ, അത് കൈയൊഴിഞ്ഞോ എന്നതിൽ സിപിഎം ആണ് നിലപാട് വ്യക്തമാക്കേണ്ടത്. സർക്കാർ നിലപാട് മാറ്റുന്നതിൽ ഞങ്ങൾക്ക് നിരാശയൊന്നുമില്ല. സർക്കാരിനെക്കൂടി നിലപാട് മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ടുപോകും.
? മുഖ്യമന്ത്രിയുടെ വാക്കുവിശ്വസിച്ച് പ്രതിരോധത്തിനിറങ്ങിയവരെല്ലാം വഞ്ചിക്കപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ
= അങ്ങനെ വിലയിരുത്തിയാലും തെറ്റുപറയാൻ കഴിയില്ല. സർക്കാർ ഇത്തരമൊരുകാര്യത്തിന് മുന്നിട്ടിറങ്ങുമ്പോൾ അതിന് ഔദ്യോഗികമായ ഒരു സ്വഭാവം കൂടിയുണ്ട്. സർക്കാർ മുൻകൈയെടുത്തു. സർക്കാരിന്റെ രാഷ്ട്രീയനേതൃത്വം മുൻകൈയെടുത്തു. അപ്പോൾ സമാനചിന്താഗതിയുള്ളവരെല്ലാം ചേർന്നുനിന്നു. കേരളം വർഗീയ ധ്രുവീകരണത്തിലേക്ക് പോകുമെന്ന് തോന്നിയഘട്ടത്തിൽ കേരളത്തിന്റെ ഹിതം ഇതല്ലെന്ന് വനിതാമതിൽ അടക്കം നടത്തി തെളിയിക്കാനായി. ഇതെല്ലാം മുഖ്യമന്ത്രിയുടെ വാക്കിനെ വിശ്വസിച്ചാണു നിന്നത്. അങ്ങനെ നിന്ന ജനങ്ങളെ തെരുവിൽനിർത്തിയാണ് സർക്കാർ ഒരുപിന്മാറ്റം നടത്തുന്നത്. വിശ്വസിച്ചവരെ വഞ്ചിച്ചുവെന്നു പറഞ്ഞാൽപ്പോലും തെറ്റുപറയാനാവില്ല. അതുകൊണ്ടാണ് സർക്കാരിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നു പറയുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴും ഒരുമുൻവിധി എനിക്കില്ല. അങ്ങനെയൊരു നിലപാടുമാറ്റത്തിന് അവർക്കു കഴിയില്ലെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.
? എന്തുകൊണ്ടായിരിക്കും ഇത്തരമൊരു നിലപാടുമാറ്റത്തിന് സർക്കാർ തയ്യാറാകുന്നത്
= തിരഞ്ഞെടുപ്പിന്റെ മുൻപിൽ നിൽക്കുന്നതുകൊണ്ടാണ് സർക്കാർ ഇങ്ങനെയൊരു നിലപാടെടുക്കുന്നതെന്നാണ് കരുതുന്നത്. ബിജെപി അവരുടെ സാന്നിധ്യം അറിയിക്കാനും സീറ്റുകൾ നേടാനും ശ്രമിക്കുന്ന ഘട്ടമാണ്. ബിജെപി ഹിന്ദു കാർഡ് ഉപയോഗിക്കുമ്പോൾ, ആ വോട്ട് ഏകപക്ഷീയമായി ബിജെപി കൊണ്ടുപോകേണ്ട എന്ന ചിന്തയിൽനിന്നുള്ള തന്ത്രപരമായ നീക്കമായാണ് ഞാൻ അതിനെ കാണുന്നത്. അങ്ങനെ കരുതുമ്പോഴും അടിസ്ഥാനപരമായ ഒരുനവോത്ഥാന പശ്ചാത്തലം കേരളത്തിനുണ്ട്. സിപിഎമ്മിനെപ്പോലൊരു പാർട്ടി അധികാരത്തിനുവേണ്ടി അവസരവാദ നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്ന് ചിന്തിക്കുന്ന ഒരുവലിയ സമൂഹം കേരളത്തിലുണ്ട്. ആ പരിഷ്കൃതസമൂഹത്തിനുമുൻപിൽ അവർ ചോദ്യംചെയ്യപ്പെടും. അവിടെ സിപിഎം വിലകൊടുക്കേണ്ടിവരുമെന്നതിൽ തർക്കമില്ല. അവർ വിചാരണചെയ്യപ്പെടും.
? ബിജെപിയെ നേരിടാൻ ബിജെപിയുടെ മൃദുപതിപ്പായി സിപിഎം മാറുന്നതുകൊണ്ടാണ് ഇങ്ങനെ നിലപാട് സ്വീകരിക്കുന്നത് എന്നാണോ
= അതെ, അങ്ങനെത്തന്നെ പറയേണ്ടിവരും. തീവ്രഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വം എന്നൊക്കെ പറയാറില്ലേ. അന്ന് പലതരത്തിലുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച പാർട്ടിയൊക്കെയാണ് ഇവിടെയുള്ളത്. ഇത്തരം കാര്യങ്ങളെ പരിഷ്കരണചിന്തകൾകൊണ്ട് നേരിടുന്നതിനുപകരം അതേനാണയത്തിൽ മൃദുസമീപനം കൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെങ്കിൽ കേരളത്തിന് സർക്കാരും അതിന്റെ രാഷ്ട്രീയ നേതൃത്വവും കൊടുക്കുന്നത് തെറ്റായ ഒരു സന്ദേശമാണ്. ഈ നാട് എതിർക്കേണ്ടത് അതിനെയാണ്. പുതിയകാലത്തെ സന്ദേശത്തെ തമസ്കരിക്കാൻ ഈ പാർട്ടിക്കും സർക്കാരിനും കഴിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം. അതിൽ സർക്കാരും പാർട്ടിയും വിചാരണ ചെയ്യപ്പെടും. ഇത് ന്യൂനപക്ഷങ്ങളുടെ നിലപാടിനെപ്പോലും സ്വാധീനിക്കും. പൗരത്വഭേദഗതിയുടെ കാര്യത്തിലൊക്കെ സിപിഎം എടുത്ത നിലപാടുണ്ടല്ലോ. അതിലുണ്ടായ വിശ്വാസമെല്ലാം ന്യൂനപക്ഷങ്ങൾക്ക് നഷ്ടമാകാൻപോലും കാരണമാകും. ഹിന്ദുവിഭാഗത്തിൽ മാത്രമല്ലല്ലോ വോട്ടുകളുള്ളത്.
? സർക്കാരിന് ഇക്കാര്യത്തിൽ തെറ്റുപറ്റുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാനാകുമോ
= സർക്കാർ ഇപ്പോൾ അപകടകരമായ ഒരു സാഹചര്യത്തിലാണുള്ളതെന്ന് ഉറപ്പിച്ചുപറയാം. തിരഞ്ഞെടുപ്പ് മുൻപിൽക്കണ്ട് സർക്കാർ ഒരു അവസരവാദനിലപാടാണ് എടുക്കുന്നതെങ്കിൽ ഒരപകടത്തിലേക്കാണ് പോകുക. അതിൽ സർക്കാർ അകപ്പെടരുത് എന്നാണ് പറയാനുള്ളത്.
? കെപിഎംഎസ് ഇടതുപക്ഷത്തിനുള്ള രാഷ്ട്രീയ പിന്തുണ പുനഃപരിശോധിക്കുമോ
= അത് ഇപ്പോൾ പറയേണ്ട സാഹചര്യമല്ല. രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുന്നതാണ്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. ആ ഘട്ടത്തിലാണ് അതെല്ലാം പറയേണ്ടത്.
Content Highlights: Punnala Sreekumar criticizes Kerala government`s potential shift on Sabarimala women`s entry