'അഴിമതിവിരുദ്ധ, സ്ത്രീസൗഹൃദ പദ്ധതികള്‍ മനസ്സില്‍; റിട്ടയര്‍ ചെയ്തിട്ട് ജീവിതം തിരിച്ചുപിടിക്കണം'

നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സംസാരിക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് ഭര്‍ത്താവ്, അദ്ദേഹം ആഗസ്ത് 31-ന് വിരമിക്കും.
നിയുക്ത ചീഫ് സെക്രട്ടറിക്ക് എല്ലാ അഭിനന്ദനങ്ങളും. എന്താണ് മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍
സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ തന്നെയാണ് പ്രധാനം. ഉദാഹരണമായി, അതിദാരിദ്ര്യം നീക്കം ചെയ്യല്‍, മാലിന്യമുക്ത നവകേരളം തുടങ്ങിയവ പ്രധാനപ്പെട്ട അജണ്ടകളാണ്. വയനാട് ദുരന്തത്തില്‍ പുനരധിവാസം നടത്തുക, തുടങ്ങിവച്ച പ്രവര്‍ത്തനം മുന്നോട്ടുനീക്കുക എന്നുള്ളതും പ്രധാനപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ നേരിടുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ ക്ലൈമറ്റ് ആക്ഷനും നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിഷയമാണ്. ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളെയും ഇടയ്ക്കിടെ ഉണ്ടാകുന്ന ജന്തുജന്യ രോഗങ്ങളെയും ഒക്കെ നേരിടാന്‍ സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശേഷിയുണ്ടായേ മതിയാവൂ. സ്‌പോര്‍ട്‌സിന് നല്ല പുഷ് കൊടുക്കണമെന്ന് വ്യക്തിപരമായ താല്‍പ്പര്യമുണ്ട്.
സംസ്ഥാനത്തെ അഴിമതിമുക്തമാക്കാന്‍ ഉദ്ദേശമുണ്ട് എന്ന് വായിച്ചു
നന്മയ്ക്ക് വിഘാതമായി നില്‍ക്കുന്ന ഒന്നാണ് അഴിമതി. കേരളത്തില്‍ പൊതുവേ അഴിമതി കുറവാണ്, എങ്കിലും അഴിമതിയുണ്ട്. അഴിമതിക്ക് പലതലങ്ങള്‍ ഉണ്ട്. അതൊക്കെ സിസ്റ്റം മെച്ചപ്പെടുത്തി കൊണ്ട് തന്നെ പിടിക്കാന്‍ പറ്റണം. അഴിമതി പലതരത്തിലാണ്. തടയാന്‍ ആകണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
അഴിമതിക്കാര്‍ ശ്രദ്ധിക്ക് ശ്രദ്ധിച്ചു നടക്കേണ്ട എട്ടുമാസമാണ് ഈ വരുന്നത് എന്നല്ലേ
എന്നും പറയാം
കര്‍ക്കശക്കാരിയായ ടാസ്‌ക് മാസ്റ്ററാണ് താങ്കള്‍ എന്ന് കേള്‍ക്കാറുണ്ട്. അത് ശരിയാണോ
വാസ്തവം ഇല്ലാതില്ല. എനിക്കൊപ്പം ഉള്ള ജീവനക്കാരോട് ചോദിച്ചാല്‍ നന്നായി ശകാരിക്കുന്ന സ്വഭാവം ഉണ്ടെന്ന് അവര്‍ പറഞ്ഞേക്കാം. പക്ഷേ, ഒന്നും മനസ്സില്‍ വയ്ക്കുന്ന സ്വഭാവമില്ല. കാര്യം നടന്നുകിട്ടണം എന്നുള്ളതാണ് ഏറ്റവും പ്രധാനം. നല്ലൊരു ലക്ഷ്യം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്നതിന്റെ തീവ്രത എല്ലാവരിലും എത്തിക്കണം. അതിന്റെ ഒരു ആവേശത്തിലാണ് സ്വഭാവം ഇങ്ങനെ ആയിപ്പോകുന്നത് എന്നും പറയാം.
പൊതുവേ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനമാണ്. ഓണം വരുന്നു, കടുത്ത സാമ്പത്തിക ചെലവുകള്‍, അഡ്വാന്‍സും ബോണസും
ഓണത്തിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ ചുമതല കേള്‍ക്കുമ്പോള്‍ തന്നെ തയ്യാറായിട്ടുണ്ടാകുമെന്നു കരുതുന്നു. സാമ്പത്തിക ഞെരുക്കം നേരിടുന്ന സമയത്ത് രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. എന്ത് കാര്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്, ഏത് കാര്യമാണ് അടിയന്തരമായി നടത്തിയെടുക്കേണ്ടത് എന്നതിലെ തീരുമാനം. രണ്ടാമത്തേത് ഫണ്ട് കണ്ടെത്തേണ്ട കാര്യം. അതിന് സാധാരണമായ മാര്‍ഗ്ഗങ്ങളും വേണ്ടിവന്നാല്‍ അസാധാരണമായ മാര്‍ഗങ്ങളും പരീക്ഷിക്കും. ഒരു പ്രതിസന്ധിക്കകത്ത് ഒരു അവസരവുമുണ്ട്. മറ്റേതെങ്കിലും തരത്തില്‍ ഫണ്ട് സമാഹരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ജി.ഡി.പി. മെച്ചപ്പെടുത്താനുള്ള നടപടിയുണ്ടായാല്‍ അത് മൊത്തത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തും മെച്ചപ്പെടുത്തും. ഓര്‍മ്മിക്കേണ്ട കാര്യം സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നിട്ടും വ്യവസായവല്‍കൃതമായ മറ്റ് സംസ്ഥാനങ്ങളെപ്പോലെ വരുമാനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നിട്ടും എസ്ഡിജിയുടെ (സുസ്ഥിരവികസന ലക്ഷ്യങ്ങള്‍) കാര്യത്തില്‍ നമ്മള്‍ ഒന്നാമതാണ്, ദാരിദ്ര്യം അകറ്റുന്നതില്‍ ഒന്നാമതാണ്. ഇന്ന് കേരളത്തെ ലോകം കാണുന്നത് ഒരു മിഡില്‍ ഇന്‍കം എക്കോണമി എന്ന നിലയ്ക്കാണ്. നാം എവിടെനിന്ന് എവിടെ എത്തി എന്നത് പ്രധാനമാണ്.
ഈ മിഡില്‍ ഇന്‍കം എക്കോണമി നിലവാരത്തിലേക്ക് നമ്മള്‍ എത്തിയത് മുമ്പ് തിരുവിതാംകൂര്‍ രാജ്യമായിരുന്ന കാലത്ത് ഉണ്ടാക്കിയ അടിത്തറയില്‍ നിന്നാണല്ലോ. പ്രവാസി മലയാളികള്‍ അയക്കുന്ന പണത്തിന്റെ പച്ചയിലാണ് എന്നു പറയുന്നുണ്ടല്ലോ. അതില്‍ സമീപകാല സര്‍ക്കാരുകളുടെ സംഭാവന കുറവാണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് കേരളത്തിലെ ദാരിദ്ര്യം ഒറീസയിലേതിനെക്കാള്‍ കൂടുതലായിരുന്നു അതിനുശേഷം വന്നിട്ടുള്ള സര്‍ക്കാരുകളുടെ നടപടികളുടെ ഫലം കൂടിയാണ് നമ്മള്‍ ഇവിടെ എത്തിയത്, അത് മറന്നുപോകരുത്. കേരളം വളരെയധികം ദാരിദ്ര്യവും അസമത്വവും അനുഭവിച്ചിരുന്ന നാടാണ്. അതെല്ലാം കഴിഞ്ഞിരിക്കുന്നു. ഈ റെമിറ്റന്‍സ് ഇക്കോണമി എങ്ങനെയുണ്ടായി? കേരളത്തിന് പുറത്തു പോകുന്നവര്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും അതിനു വേണ്ടുന്ന സ്‌കില്‍ സെറ്റുകളും ഉള്ളതുകൊണ്ടല്ലേ? വ്യവസായം കൊണ്ടുവരാന്‍ പറ്റുന്നില്ല എന്നത് ശരിയാണ്. അതിനുപകരം നമുക്ക് നമ്മുടെ തൊഴില്‍സേനയുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍വീസ് എക്കോണമി എന്ന ആശയം തന്നെ കേരളത്തിന്റെ സംഭാവനയാണ്. ദേശീയ നൈപുണി, യോഗ്യതാ ചട്ടക്കൂട് (NSQF) നോക്കുമ്പോള്‍ കേരളത്തെ കണ്ടുപഠിക്കാന്‍ പറയുന്നത് കേള്‍ക്കാം.
കേരളം ദീര്‍ഘനാളായി സാമ്പത്തികം ഞെരുക്കത്തിലും ബുദ്ധിമുട്ടിലുമാണ്. ഹ്രസ്വകാല പരിപാടികള്‍ക്ക് പകരം ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്തെങ്കിലും പദ്ധതി മനസ്സില്‍ ഉണ്ടോ
കിഫ്ബി ഒരു ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ്. തികച്ചും നിയമപരമായ ഒരു ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കിഫ്ബി ഉണ്ടാക്കിയിട്ടുള്ളത്. അതിനുശേഷം പല സംഭവവികാസങ്ങളും ഉണ്ടായിട്ടുണ്ട്, അത് വേറെ കാര്യം. സര്‍ക്കാരിന് ദീര്‍ഘകാല പദ്ധതിയില്ല എന്ന് പറയാന്‍ കഴിയില്ല. അതും ബദല്‍ സംവിധാനങ്ങളും നമ്മള്‍ പരിശോധിക്കുന്നുണ്ട്. ദീര്‍ഘകാല പദ്ധതികള്‍ക്ക് വൈകി മാത്രമേ റിസള്‍ട്ട് ഉണ്ടാവുകയുള്ളൂ അതുകൊണ്ട് ഹ്രസ്വകാല പദ്ധതികളും നമ്മള്‍ പയറ്റേണ്ടതുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാലമാണ്. ഒരു വനിത ഐ.എ.എസ്. ഓഫീസര്‍ എന്ന നിലയ്ക്ക് കരിയറില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിമിതികള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ
സ്ത്രീസാന്നിധ്യം എവിടെയൊക്കെ കുറവാണോ അവിടെയൊക്കെ നമ്മള്‍ ബുദ്ധിമുട്ട് അനുഭവിക്കും. നമ്മള്‍ അറിഞ്ഞും അറിയാതെയും പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി നിന്നുപോകും. ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് പത്തുശതമാനം പോലും സ്ത്രീകളില്ല. അതായത് 90 ശതമാനവും പുരുഷന്മാര്‍. ആ ലോകത്തില്‍ നമുക്ക് ഇടപെടാന്‍ കുറച്ച് പ്രയാസമാണ്. അതിന്റെ ഭാഗമായ ചില ബുദ്ധിമുട്ടുകള്‍ അക്കാലത്ത് അനുഭവിച്ചിട്ടുണ്ട്. ഇന്ന് മുപ്പതു ശതമാനത്തിനു മേല്‍ സ്ത്രീകള്‍ നമ്മുടെ സിസ്റ്റത്തില്‍ ഉണ്ട്. ആ വ്യത്യാസം വളരെ വ്യക്തമാണ്. പഴയകാലത്ത് ഒട്ടേറെ പോസ്റ്റുകള്‍ സ്ത്രീകള്‍ ചോദിക്കാറുമില്ല, കിട്ടാറുമില്ല. ധനകാര്യ സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐ.ടി. സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിങ്ങനെ. ഈ പോസ്റ്റുകളില്‍ ചോദിക്കാതെ തന്നെ സ്ത്രീകളെ നിയമിച്ചു മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം.
ഹേമ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന വിഷയം തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷിതത്വമാണ്. റിപ്പോര്‍ട്ട് വായിച്ചു നോക്കുമ്പോള്‍ അതിലെ ആദ്യത്തെ പരാമര്‍ശങ്ങളില്‍ ഒന്ന് ടോയ്‌ലറ്റ് സൗകര്യം ഇല്ലായ്മയാണ്. അത് സ്ത്രീസുരക്ഷിതത്വം ഇല്ല എന്നതിന്റെ കൂടി തെളിവാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് ബോധ്യമുള്ള കാര്യം, പലപ്പോഴും ടോയ്‌ലറ്റുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ അന്വേഷിച്ചു പോകുമ്പോഴാണ് സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരാറുള്ളത് എന്നത്. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സുരക്ഷിതത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ജെന്‍ഡര്‍ ഫ്രണ്ട്‌ലി മാത്രമല്ല, കുട്ടികളോടും വയോജനങ്ങളോടും സ്ത്രീകളോടും സൗഹൃദമുള്ള ഒരു സാഹചര്യം. ഇന്‍ക്ലൂസീവായ ഒരു സംസ്ഥാനം എന്ന നിലയിലേക്ക് നമ്മള്‍ എത്തിച്ചേരണമെങ്കില്‍ കുറെക്കൂടി കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. സ്ത്രീ സൗഹൃദമായ തൊഴിലിടം ഉണ്ടാകേണ്ടതിനുള്ള ഇടപെടല്‍ പ്രവൃത്തി, തന്ത്ര, നയതലങ്ങളില്‍ ഉറപ്പുവരുത്തണം. ഞാന്‍ ചീഫ് സെക്രട്ടറി ആയിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള ജന്‍ഡര്‍ ഇന്‍ക്ലൂസിവ് നടപടികള്‍ പ്രതീക്ഷിക്കാം.
Content Highlights: kerala's new Chief Secretary Sarada Muraleedharan interview