'2018-ൽനിന്ന് കേരളം വേണ്ടത്ര പഠിച്ചില്ല; മഴയെ തടയാനാകില്ല, വെള്ളത്തിന് വഴിയൊരുക്കുകയാണ് ചെയ്യേണ്ടത്'

മലയാളിയുടെ ജീവിതത്തിൽ ഒരുകാലത്ത് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും കാലമായിരുന്നു മഴക്കാലം. എന്നാൽ, ഇന്ന് മഴയെത്തുമ്പോൾ ആശങ്കയും ഭീതിയുമാണ് പിന്തുടരുന്നത്. 2018-ലെ പ്രളയം ഏൽപ്പിച്ച ആഘാതവും പിന്നീട് ഇങ്ങോട്ടുണ്ടായ ദുരന്തങ്ങളും മലയാളികളെ ഭീതിയിലാഴ്ത്തി. കാലാവസ്ഥാ വ്യതിയാനം, അതിതീവ്രമഴ, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, പ്രകൃതിദത്ത ജലസംവിധാനങ്ങളിലെ കൈയേറ്റങ്ങൾ തുടങ്ങിയവ കേരളത്തിന്റെ ദുരന്തസാധ്യത വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ മാറുന്ന കാലാവസ്ഥയെക്കുറിച്ച് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ഹൈഡ്രോളജി വിഭാഗം മുൻ മേധാവിയും പ്രശസ്ത ഭൗമശാസ്ത്രജ്ഞനുമായ ഡോ. പദ്മലാൽ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
- ഓരോ മഴക്കാലവും ഭയത്തോടെയാണ് മലയാളികൾ ഇപ്പോൾ കാണുന്നത്. കേരളം എന്തുകൊണ്ട് മഴക്കാലത്ത് കൂടുതൽ അപകടസാധ്യതയുള്ള പ്രദേശമാകുന്നു?
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയും കടൽത്തീരത്തിന്റെ പ്രത്യേകതകളും ഇതിനൊപ്പം പരിഗണിക്കണം. 1970-കളിലെ ഗൾഫ് കുടിയേറ്റത്തിന് ശേഷവും ആഗോളവത്കരണത്തിന് ശേഷമുള്ള മനുഷ്യന്റെ ഇടപെടലുകളും ഇതൊക്കെ സൃഷ്ടിച്ച പ്രശ്നങ്ങൾ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.
ആദ്യം കേരളത്തിന്റെയും ഇന്ത്യയുടേയും സ്ഥാനം മനസ്സിലാക്കണം. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, ചൈനയുടെ ചില ഭാഗങ്ങൾ, മ്യാൻമർ, ഇൻഡൊനീഷ്യയുടെ ചില പ്രദേശങ്ങൾ, ശ്രീലങ്ക തുടങ്ങിയവ ഉൾപ്പെടുന്ന വിശാലമായ മേഖലയാണ് മൺസൂൺ മഴ ലഭിക്കുന്ന പ്രദേശം. ഇതിനെ മൺസൂൺ ഡൊമെയ്ൻ എന്ന് വിളിക്കുന്നു. ഈ മൺസൂൺ ഡൊമെയ്‌നിന്റെ കേന്ദ്രത്തിലാണ് ഇന്ത്യയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും ജീവിതവും മൺസൂണുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ജലവൈദ്യുത പദ്ധതികൾ, ജലസമ്പത്ത്, കൃഷി തുടങ്ങിയവയെല്ലാം മൺസൂണിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
എൽ നിനോ, ലാ നിനോ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ, ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ് സോൺ തുടങ്ങിയ നിരവധി ഘടകങ്ങൾ ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഈ ഘടകങ്ങളുമായി മൺസൂണിന് ടെലികണക്ഷൻ ഉണ്ട്, ഒരു പൊക്കിൾക്കൊടി ബന്ധം. അതുകൊണ്ടുതന്നെ ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ ഇന്ത്യയിലെ കാലാവസ്ഥയിലും മൺസൂണിലും പ്രതിഫലിക്കും.
കേരളത്തിന്റെ സ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൺസൂൺ മഴമേഘങ്ങൾ കരയിലേക്ക് ആദ്യം പ്രവേശിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തെ ‘ഗേറ്റ്‌വേ ഓഫ് ഇന്ത്യൻ സമ്മർ മൺസൂൺ’ അഥവാ ഇന്ത്യൻ വേനൽ മൺസൂണിന്റെ കവാടം എന്ന് വിളിക്കാം.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഓരോ മാറ്റവും ഇന്ത്യയിലെ മൺസൂണിനെ ബാധിക്കും. മൺസൂൺ ആദ്യം കരതൊടുന്ന കേരളം അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം നേരിടുന്ന പ്രദേശമാകാനുള്ള സാധ്യതയുമുണ്ട്. കേരളത്തിന് ധനവും സമ്പത്തും സൗഭാഗ്യങ്ങളും നൽകുന്നത് മൺസൂൺ മഴ തന്നെയാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ ഈ മഴയ്ക്ക് വലിയ പ്രത്യാഘാതങ്ങളും ഉണ്ടാക്കാൻ കഴിയും.
- കേരളത്തിന്റെ ഭൂപ്രകൃതിയും പ്രധാനമല്ലേ, പ്രളയസാധ്യത കൂടുതലാണല്ലോ?
കേരളത്തിന്റെ ഭൂപ്രകൃതിയും വളരെ പ്രധാനമാണ്. നീളത്തിൽ കിടക്കുന്ന സംസ്ഥാനമാണ് കേരളം. കിഴക്ക് ഉയർന്ന പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലുമാണ്. ഇവ രണ്ടും തമ്മിലുള്ള ദൂരം താരതമ്യേന കുറവാണ്. മൺസൂൺ കാറ്റുകൾ കരയിലേക്ക് പ്രവേശിച്ചാൽ വളരെ വേഗത്തിൽ പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലെത്തും. അവിടെ ഉയർന്ന പ്രദേശങ്ങളിലേക്ക് ഉയർന്നുപോകുന്ന വായുപ്രവാഹം മൂലം മേഘങ്ങൾ കുമിഞ്ഞ് കൂടുകയും അവ ഘനീഭവിച്ച് മഴ ലഭിക്കുകയും ചെയ്യും. ഈ മഴവെള്ളം കടലിലേക്ക് കൊണ്ടുപോകുന്നതിനായി കേരളത്തിൽ നിരവധി നദികളുണ്ട്. പ്രധാനമായും പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിലൂടെയാണ് മഴവെള്ളം അറബിക്കടലിലെത്തുന്നത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ വലിയ ഉയരത്തിൽനിന്ന് വളരെ ചെറിയ ദൂരത്തിനുള്ളിൽ സമുദ്രനിരപ്പിലേക്ക് എത്തുന്ന തരത്തിലുള്ള സ്റ്റീപ്പ് ആയ ടെറൈൻ ഗ്രേഡിയന്റുണ്ട്. അതുകൊണ്ടുതന്നെ മലമുകളിൽ പെയ്യുന്ന മഴവെള്ളം വളരെ വേഗത്തിൽ താഴേക്ക് ഒഴുകി കടലിലെത്തും. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മലയിൽ പെയ്ത മഴ കടലിലെത്താൻ സാധിക്കും. എന്നാൽ, കടലിന് ഒരേസമയം വലിയ അളവിലുള്ള വെള്ളം സ്വീകരിക്കാൻ കഴിയില്ല. വേലിയേറ്റവും വേലിയിറക്കവും ഉൾപ്പെടെയുള്ള പ്രകൃതിയുടെ ഒരു താളത്തിനനുസരിച്ചാണ് കടൽ വെള്ളം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ മലയിൽനിന്ന് പെട്ടെന്ന് ഒഴുകിയെത്തുന്ന മുഴുവൻ വെള്ളവും ഒരേസമയം കടലിലേക്ക് പോകണമെന്നില്ല.
ഇത്തരത്തിൽ വെള്ളം താൽക്കാലികമായി നിലനിർത്താൻ പ്രകൃതി തന്നെ നിരവധി സംവിധാനങ്ങൾ അഥവാ ‘ഇടത്താവളങ്ങൾ’ ഒരുക്കിയിട്ടുണ്ട്. ഒരു നദി കടലിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി ഇടത്താവളങ്ങളുണ്ട്. പമ്പാ നദിയുടെ കാര്യത്തിൽ റാന്നി, ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങൾ ഇത്തരത്തിലുള്ള ഇടത്താവളങ്ങളാണ്. കേരളത്തിന്റെ തീരപ്രദേശത്തെ കുട്ടനാട് ഉൾപ്പെടെയുള്ള കായലുകളും തണ്ണീർത്തടങ്ങളും വലിയ ഇടത്താവളങ്ങളാണ്.
ഈ തണ്ണീർത്തടങ്ങളിലും കായലുകളിലും വെള്ളം നിറഞ്ഞുനിൽക്കുകയും പിന്നീട് പതുക്കെ കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്യുന്നു.
എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മൾ നിരവധി തണ്ണീർത്തടങ്ങളും കായലുകളും നികത്തി. പല നദീതടങ്ങളും കയ്യേറി. പ്രകൃതി നമുക്ക് നൽകിയിരുന്ന ഈ വെള്ളത്തിന്റെ ഇടത്താവളങ്ങളിൽ മനുഷ്യന്റെ ഇടപെടൽ മൂലം വലിയ മാറ്റങ്ങളാണ് ഉണ്ടായത്.
ഒരു നദി മലമുകളിൽനിന്ന് കടലിലേക്ക് ഒഴുകുമ്പോൾ അതിന്റെ ചാനലിന്റെ രൂപത്തിലും മാറ്റമുണ്ടാകും. മലമുകളിൽ അത് ‘V’ ആകൃതിയിലുള്ള ചാനലായിരിക്കും. ഇടനാട്ടിലേക്ക് എത്തുമ്പോൾ അത് ‘U’ ആകൃതിയിലേക്ക് മാറും. തീരപ്രദേശത്തോട് അടുക്കുമ്പോൾ കൂടുതൽ വീതിയുള്ള ചാനലായി മാറും. ഇടനാട്ടിലും തീരപ്രദേശത്തും നദിയുടെ ഇരുകരകളിലും വെള്ളം കവിഞ്ഞൊഴുകുമ്പോൾ നിറഞ്ഞുനിൽക്കാൻ കഴിയുന്ന സമതല പ്രദേശങ്ങളുണ്ട്. ഇവയാണ് ഫ്ലഡ് പ്ലെയിനുകൾ. പ്രളയജലം നിറയേണ്ടത് ഈ പ്രദേശങ്ങളിലാണ്.
ഒരു നദി ഒരു ആവാസവ്യവസ്ഥയാണ്. നദിയുടെ സ്വഭാവം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് അതിന്റെ റിവർ കണ്ടിന്യൂയം (River Continuum) ആണ്. മലമുകളിൽനിന്ന് കടൽവരെ നദി ഒരു തുടർച്ചയാണ്. ജലത്തിന്റെ തുടർച്ചയും ജീവജാലങ്ങളുടെ തുടർച്ചയും ഊർജത്തിന്റെ തുടർച്ചയുമെല്ലാം അതിൽ ഉൾപ്പെടുന്നു.
മറ്റൊരു പ്രധാന സ്വഭാവമാണ് ഫ്ലഡ് പൾസിങ്. പ്രളയസമയത്ത് നദിയിലെ വെള്ളം ഇരുകരകളിലേക്കും കവിഞ്ഞൊഴുകി ഫ്ലഡ് പ്ലെയിനുകളിലേക്ക് എത്തേണ്ടതുണ്ട്. ലോകത്തിലെ എല്ലാ നദികൾക്കും പ്രളയജലം ഉൾക്കൊള്ളുന്നതിനായി ഇരുകരകളിലും ഇത്തരം വിശാലമായ പ്രദേശങ്ങളുണ്ട്. കേരളത്തിലെ പല ഫ്ലഡ് പ്ലെയിനുകളും തണ്ണീർത്തടങ്ങളായും വയലുകളായും കായലുകളായും മാറിയിട്ടുണ്ട്.
- മനുഷ്യന്റെ ഇടപെടൽ എങ്ങനെ പ്രശ്നമാകുന്നു?
ഉദാഹരണത്തിന് കല്ലട നദിയുടെ ഫ്ലഡ് പ്ലെയിനിലാണ് ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്നത്. പ്രളയജലം വരുമ്പോൾ അത് ഫ്ലഡ് പ്ലെയിനിലൂടെ ഒഴുകി ശാസ്താംകോട്ട കായലിലേക്ക് എത്തും. അങ്ങനെ കായൽ വെള്ളം സ്വീകരിക്കും. എന്നാൽ, വെള്ളം കയറാതിരിക്കാൻ ബണ്ട് നിർമ്മിച്ചതോടെ ഈ സ്വാഭാവിക ഫ്ലഡ് പൾസിങ് തടസ്സപ്പെട്ടു. ഫ്ലഡ് പൾസിങ് നടക്കേണ്ടത് പ്രകൃതിയുടെ നിയമമാണ്. ഒരു നദിയുടെ രണ്ട് പ്രധാന സ്വഭാവങ്ങളായ റിവർ കണ്ടിന്യൂയിറ്റിയും ഫ്ലഡ് പൾസിങ്ങും സാധ്യമാകണം. കഴിഞ്ഞ നാല്–അഞ്ച് പതിറ്റാണ്ടുകളായി വിഭവങ്ങളുടെ അമിതമായ ചൂഷണം, മണ്ണും മണലും ചെളിയും ശേഖരിക്കൽ, ഇഷ്ടിക നിർമാണത്തിനായുള്ള മണ്ണെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഈ സ്വാഭാവിക സംവിധാനങ്ങൾക്ക് വലിയ ആഘാതമാണ് ഉണ്ടായത്.
കേരളത്തിന്റെ ഇടനാട്ടിൽ കാണുന്ന ലാറ്ററൈറ്റ് കുന്നുകൾക്കും ഒരു പ്രധാന പങ്കുണ്ട്. പലപ്പോഴും ഈ കുന്നുകൾ ഇടിച്ചാണ് തണ്ണീർത്തടങ്ങളും വയലുകളും നികത്തുന്നത്. എന്നാൽ, ഈ കുന്നുകൾക്ക് തന്നെ ഒരു സ്വാഭാവിക ദൗത്യമുണ്ട്. ഫ്ലഡ് വാട്ടർ ഇടനാട്ടിൽ നിറഞ്ഞുകിടക്കുമ്പോൾ കുന്നുകളിൽ പെയ്യുന്ന മഴവെള്ളം ചരിവിലൂടെ താഴേക്ക് ഒഴുകിയെത്തി ആ വെള്ളത്തിന് ഒരു ‘പുഷ്’ നൽകും. അതുവഴിയാണ് ഫ്ലഡ് വാട്ടർ കായലുകളിലേക്കും അവിടെനിന്ന് കടലിലേക്കും നീങ്ങുന്നത്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നിരവധി കുന്നുകൾ ഇടിച്ചുനിരപ്പാക്കി. ആ മണ്ണാണ് പലപ്പോഴും തണ്ണീർത്തടങ്ങളും വയലുകളും നികത്താൻ ഉപയോഗിച്ചത്. ഇതോടെ ഒരു നദിയുടെ സ്വാഭാവിക റിവർ കണ്ടിന്യൂയിറ്റിയും ഫ്ലഡ് പൾസിങ്ങും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തകർന്നു.
- സർക്കാരിന്റെ ഇടപെടലും വികസന മാതൃകയും എത്തരത്തിലാണ് വേണ്ടിയിരുന്നത്?
1970-കളിലെ ഗൾഫ് കുടിയേറ്റത്തിന്റെ തുടക്കത്തിൽതന്നെ കേരളത്തിലേക്ക് വലിയ തോതിൽ പണം എത്തുമ്പോൾ അത് നിർമാണ മേഖലയിലേക്കും മറ്റുമേഖലകളിലേക്കും ഒഴുകുന്നതിലൂടെ പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയമായ ചൂഷണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ ദീർഘവീക്ഷണത്തോടെ മനസ്സിലാക്കിയിരുന്നു.
അതിന്റെ ഭാഗമായി വെള്ളവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് CWRDM, ഭൂമിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് CESS, വനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾക്കും നിർദേശങ്ങൾക്കുമായി KFRI തുടങ്ങിയ സ്ഥാപനങ്ങൾ രൂപീകരിച്ചു. പ്രകൃതിവിഭവങ്ങളുടെ ശാസ്ത്രീയമായ വിനിയോഗവും പരിസ്ഥിതി സൗഹൃദ വികസനവും ലക്ഷ്യമിട്ടായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ രൂപീകരണം.
എന്നാൽ, 1991-ന് ശേഷം വലിയ മാറ്റങ്ങളുണ്ടായി. പല നിയമങ്ങളും നിലവിൽ വന്നെങ്കിലും ചില ഘട്ടങ്ങളിൽ അവയുടെ ലക്ഷ്യത്തിൽനിന്ന് നമ്മൾ അകന്നുപോയി. ഉദാഹരണത്തിന് കേരളത്തിലെ തണ്ണീർത്തട-നെൽവയൽ സംരക്ഷണ നിയമം. നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നത് നിയന്ത്രിക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. എന്നാൽ, പല ഘട്ടങ്ങളിലും നിയമത്തിൽ ഭേദഗതികൾ വരുത്തുകയും അതിന്റെ യഥാർഥ ലക്ഷ്യത്തിൽനിന്ന് അകന്നുപോകുന്ന സാഹചര്യങ്ങൾ ഉണ്ടാകുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ വാതിൽക്കൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള വികസന മാതൃകയാണ് കേരളത്തിന് ആവശ്യം. വികസനത്തിന്റെ പേരിൽ പ്രകൃതിക്ക് എതിരായ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ, നാം പ്രതീക്ഷിക്കുന്ന വികസനഫലം ലഭിക്കില്ല. പകരം വലിയ നഷ്ടങ്ങളിലേക്കായിരിക്കും കൂപ്പുകുത്തുക. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ കൂടി കണക്കിലെടുത്തുള്ള വികസന മാതൃകയാണ് കേരളം സ്വീകരിക്കേണ്ടത്. അല്ലെങ്കിൽ അതിന് നൽകേണ്ടിവരുന്ന വില വളരെ വലുതായിരിക്കും.
- 2018-ലെ പ്രളയത്തിൽനിന്ന് കേരളം എന്താണ് പഠിച്ചത്? ഇനി എന്തൊക്കെയാണ് പ്രാവർത്തികമാക്കേണ്ടത്?
2018-ലെ മഹാപ്രളയം ഒരു പുതിയ പ്രതിഭാസമായിരുന്നില്ല. ഇത്തരം സംഭവങ്ങളുടെ ആവൃത്തിയിൽ സമീപകാലത്ത് വർധനയുണ്ടായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഇതിന് കാരണമാകുന്ന ഘടകങ്ങളാണ്. കേരളത്തിന്റെ സാഹചര്യം നോക്കിയാൽ 2017-ലെ ഓഖി, 2018-ലെ മഹാപ്രളയം, 2019-ലെ കവളപ്പാറ–പുത്തുമല ദുരന്തങ്ങൾ, 2020-ലെ ദുരന്തങ്ങൾ, 2024-ലെ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തം തുടങ്ങിയ നിരവധി പ്രകൃതിദുരന്തങ്ങളാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉണ്ടായത്. അതായത് പ്രകൃതിദുരന്തങ്ങളുടെ എണ്ണവും ആവൃത്തിയും വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
ഭൗമശാസ്ത്രപരമായി നോക്കിയാലും പ്രളയം കേരളത്തിന് പുതിയ കാര്യമല്ല. ഏകദേശം 6,000 മുതൽ 8,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തേതിന്റെ ഏകദേശം മൂന്നിരട്ടി മഴ ലഭിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനെ ഹോളോസീൻ ക്ലൈമാറ്റിക് ഒപ്റ്റിമം എന്ന് വിളിക്കുന്നു.
2018-ലെ പ്രളയത്തിന് ശേഷം എന്താണ് നമ്മൾ പഠിച്ചത് എന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ, 2026-ലെ സംഭവങ്ങൾ കൂടി കണക്കിലെടുത്താൽ നമ്മൾ വേണ്ടത്ര പഠിച്ചുവെന്ന് പറയാൻ കഴിയില്ല. കാരണം ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്. ഒരു ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിന് മൂന്ന് ഘട്ടങ്ങളുണ്ട്: ദുരന്തത്തിന് മുമ്പുള്ള തയ്യാറെടുപ്പ്, ദുരന്തസമയത്തെ ഇടപെടൽ, ദുരന്തത്തിന് ശേഷമുള്ള പുനരധിവാസം. ദുരന്തസമയത്തുള്ള രക്ഷാപ്രവർത്തനത്തിൽ കേരളം ഒരു പരിധിവരെ മികച്ച രീതിയിൽ ഇടപെടുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി രക്ഷാപ്രവർത്തനം നടത്താൻ നമുക്ക് കഴിയുന്നുണ്ട്. എന്നാൽ ദുരന്തത്തിന് മുമ്പുള്ള തയ്യാറെടുപ്പിലാണ് വലിയ വീഴ്ച.
2018-ലെ പ്രളയം ഉണ്ടായപ്പോൾ ബാധിച്ച പ്രദേശങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിരുന്നെങ്കിൽ, പിന്നീട് ലഭിച്ച വർഷങ്ങളിൽ ആ പ്രദേശങ്ങളിൽ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമായിരുന്നു. എന്നാൽ, ഇന്നും ദുരന്തത്തിന് മുമ്പുള്ള തയ്യാറെടുപ്പിൽ നമ്മൾ വേണ്ടത്ര സജ്ജരല്ലെന്നാണ് ദുരന്തങ്ങളുടെ കഷ്ടനഷ്ടങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
കേരളത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആഗോള കാലാവസ്ഥാ മാറ്റങ്ങൾ മൺസൂണിനെ സ്വാധീനിക്കുന്നതിനാൽ കൂടുതൽ കൃത്യതയുള്ള നിരീക്ഷണ സംവിധാനങ്ങളും പ്രവചന സംവിധാനങ്ങളും ആവശ്യമാണ്. കടലാക്രമണം ഉണ്ടാകുമ്പോൾ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന സംവിധാനം നമുക്കുണ്ട്. അതുപോലെ നദികളുടെ ഫ്ലഡ് പ്ലെയിനുകളിൽ താമസിക്കുന്ന ആളുകളെയും അതിശക്തമായ മഴയ്ക്ക് മുമ്പ് താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുന്ന സംവിധാനമുണ്ടാകണം.
2018-ൽ പ്രളയം ബാധിച്ച പ്രദേശങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ അതിശക്തമായ മഴയ്ക്ക് മുന്നോടിയായി ആ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിയണം. കാലാവസ്ഥാ പ്രവചനം 100 ശതമാനം കൃത്യമായിരിക്കണമെന്നില്ല. അതുമായി ബന്ധപ്പെട്ട് നിരവധി പാരാമീറ്ററുകളുണ്ട്. എന്നിരുന്നാലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിവിധ മോഡലുകളുടെ സഹായത്തോടെ പ്രവചനങ്ങളുടെ കൃത്യത വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
കേരളത്തിന് കൂടുതൽ ഹൈ-റെസല്യൂഷൻ പ്രവചനങ്ങൾ വേണം. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം ഇവിടെ കാലാവസ്ഥാ പ്രവചനം കൂടുതൽ സങ്കീർണ്ണമാണ്. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും വളരെ അടുത്താണ്. കടലിലുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്ന് കരയെ ബാധിക്കാം. അതുപോലെ മലനിരകളിലുണ്ടാകുന്ന മാറ്റങ്ങളും വേഗത്തിൽ താഴ്ന്ന പ്രദേശങ്ങളെ ബാധിക്കാം.
അതുകൊണ്ടുതന്നെ ഹൈ-റെസല്യൂഷൻ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ആവശ്യമാണ്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ, ഡോപ്ലാർ റഡാർ സംവിധാനങ്ങൾ തുടങ്ങിയവ കൂടുതൽ ശക്തിപ്പെടുത്തണം. എക്സ്ട്രീം ഇവന്റുകൾ പ്രവചിക്കാൻ കഴിയുന്നത്ര സംവിധാനങ്ങൾ പരമാവധി വികസിപ്പിക്കണം. കേരളത്തിലുടനീളം ആവശ്യമായ തോതിലുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ ഇപ്പോഴും മതിയായ അളവിൽ ഉണ്ടെന്ന് പറയാനാകില്ല.
- മഴക്കാലത്തെ ഭയക്കേണ്ട സാഹചര്യം പല ആളുകൾക്കുമുണ്ട്, ഇതിനൊരു മാറ്റമുണ്ടാകുന്ന സാഹചര്യം വരുമോ? അതിനെത്ര നാളെടുക്കും?
കേരളത്തിൽ ഏകദേശം ആറുമാസം മഴക്കാലവും ആറുമാസം വേനൽക്കാലവുമാണ്. മഴവെള്ളം സംഭരിച്ചില്ലെങ്കിൽ അടുത്ത ആറുമാസത്തെ വരൾച്ചക്കാലത്ത് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകും. അതുകൊണ്ട് മഴ നമുക്ക് ആവശ്യമാണ്. ചോദ്യം മഴയെ ഒഴിവാക്കുന്നതല്ല; മഴയോടും പ്രകൃതിയോടും ചേർന്ന് എങ്ങനെ ജീവിക്കാം എന്നതാണ്.
കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും പ്രവചന മോഡലുകളും വികസിപ്പിക്കണം. അതോടൊപ്പം അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അവരെ താൽക്കാലികമായി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുകയും വേണം. കടൽത്തീരത്ത് ഇതിന് സമാനമായ സംവിധാനങ്ങൾ നമുക്ക് ഒരു പരിധിവരെ നിലവിലുണ്ട്.
- ഫ്ലഡ് പ്ലെയിനിൽ വീടുകൾ എങ്ങനെ നിർമ്മിക്കണം?
എന്റെ ചെറുപ്പകാലത്ത് പമ്പാ നദീതടത്തിൽ മണൽവാരലുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയിരുന്നു. ആറന്മുള–ഇടയാറന്മുള ഭാഗത്ത് ഒരു ഫ്ലഡ് പ്ലെയിനിൽ ഞാൻ ഒരു വീട് കണ്ടിട്ടുണ്ട്. ആ വീടിന്റെ അടിത്തറ ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ ഉയർത്തിയായിരുന്നു നിർമ്മിച്ചിരുന്നത്. അതിന് മുകളിലാണ് വീട് സ്ഥാപിച്ചിരുന്നത്. അവിടെ പ്രളയജലം ഏകദേശം ഒരു മീറ്റർ വരെ ഉയർന്നാലും വീടിനുള്ളിൽ വെള്ളം കയറില്ല. അവിടെ താമസിക്കുന്നവർക്ക് രണ്ടാഴ്ചയോ മൂന്നാഴ്ചയോ ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാനും ആവശ്യമെങ്കിൽ വള്ളം വഴി സാധനങ്ങൾ എത്തിക്കാനും കഴിയും.
ഇത്തരം പരമ്പരാഗത അറിവുകളും സാങ്കേതികവിദ്യയും നമ്മൾ വീണ്ടും പരിഗണിക്കണം. ഇനിയെങ്കിലും ഫ്ലഡ് പ്ലെയിനുകളിൽ വീടുകൾ നിർമ്മിക്കുമ്പോൾ അതിന് വ്യക്തമായ പ്രോട്ടോകോൾ ഉണ്ടാകണം. പ്രദേശത്ത് പ്രതീക്ഷിക്കുന്ന പ്രളയനിരപ്പിനെ പരിഗണിച്ച് വീടുകളുടെ അടിത്തറ എത്ര ഉയരത്തിൽ വേണമെന്ന് നിശ്ചയിക്കണം.
പ്രളയജലത്തോടൊപ്പം ജീവിക്കാൻ കഴിയുന്ന രീതിയിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് വേണ്ടത്. അത്തരത്തിൽ വീടുകൾ നിർമ്മിക്കാൻ കഴിയാത്ത പ്രദേശങ്ങളിലുള്ള ആളുകളെ കുറഞ്ഞ കാലയളവിലേക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനവും വേണം. അല്ലെങ്കിൽ അവർ അറിഞ്ഞോ അറിയാതെയോ ദുരിതത്തിലേക്ക് എത്തിച്ചേരും. ഇതിനൊപ്പം കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും കാലാവസ്ഥാ മോഡലുകൾ വികസിപ്പിക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വേണം.
ചില കാര്യങ്ങൾ ഹ്രസ്വകാലാടിസ്ഥാനത്തിൽ ചെയ്യാം. ചിലത് ഇടക്കാലാടിസ്ഥാനത്തിലും ചിലത് ദീർഘകാലാടിസ്ഥാനത്തിലും ചെയ്യേണ്ടിവരും. അതനുസരിച്ചുള്ള വ്യക്തമായ ആസൂത്രണത്തോടെ കേരളത്തിന്റെ ജീവിതരീതി ക്രമീകരിച്ചില്ലെങ്കിൽ വരുംകാലത്ത്, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ, വലിയ വില നൽകേണ്ടിവരും.
- പ്രളയത്തിന് ശേഷം പലപ്പോഴും ഉയരുന്ന ചോദ്യമാണ് നദിയിലെ മണ്ണും മണലും നീക്കം ചെയ്തിരുന്നെങ്കിൽ പ്രളയം കുറയ്ക്കാമെന്നത്. അതുപോലെ ഡാമുകൾ തുറന്നുവിട്ടതാണ് പ്രശ്നമെന്നതും. എന്താണ് ശാസ്ത്രീയ വിശദീകരണം?
നദിയിലെ മണൽ വാരി ആഴം കൂട്ടിയാൽ ഒരു പരിധിവരെ പ്രളയം നിയന്ത്രിക്കാമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ വന്നിട്ടുണ്ട്.
ഇതിന്റെ ശാസ്ത്രീയവശം പരിശോധിക്കുമ്പോൾ, മണൽ എടുക്കുന്നതിന് മുമ്പ് സാൻഡ് ഓഡിറ്റ് നടത്തേണ്ടതുണ്ട്. 18 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ ഏകദേശം 27 ലക്ഷം ടൺ മണൽ നീക്കം ചെയ്യാൻ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ 27 ലക്ഷം ടൺ മണലിന്റെ അളവ് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. പമ്പാ നദിയിൽ റാന്നിക്ക് ശേഷം ആറന്മുള കഴിഞ്ഞ് തിരുവല്ല ഭാഗത്തേക്ക് വരുന്ന പ്രദേശം ഉൾപ്പെടുന്ന ഏകദേശം 40 കിലോമീറ്റർ നീളമുള്ള ഭാഗമാണ് മണൽ നിറഞ്ഞ അലൂവിയൽ സ്ട്രെച്ച്. ഇതിന് ഏകദേശം 50 മുതൽ 70 മീറ്റർ വരെ വീതിയുണ്ടാകാം. 27 ലക്ഷം ടൺ മണലിനെ വോളിയമായി മാറ്റി കണക്കാക്കിയാൽ, ഈ മുഴുവൻ അളവും 18 നദികളിലെ ഏകദേശം 40–50 കിലോമീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള അലൂവിയൽ സ്ട്രെച്ചിൽ ഒരേപോലെ പരത്തിയാൽ അതിന്റെ കനം ഏതാനും സെന്റിമീറ്റർ മാത്രമായിരിക്കും.
അപ്പോൾ ഏതാനും സെന്റിമീറ്റർ മണൽ നീക്കം ചെയ്താൽ മാത്രം പ്രളയജലം മുഴുവൻ ഒഴുകിപ്പോകുമോ എന്ന ചോദ്യം ഉയരും. അതോടൊപ്പം, നദിയിലെ മുഴുവൻ ഭാഗത്തുനിന്നും ഒരേ രീതിയിൽ മണ്ണ് നീക്കം ചെയ്യാനും കഴിയില്ല. പാലങ്ങൾ, സംരക്ഷണ സംവിധാനങ്ങൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ നിരവധി ഘടനകൾ നദീതടത്തിലുണ്ട്. അതുകൊണ്ട് ചില ഭാഗങ്ങളിൽ പിറ്റ് എക്സ്കവേഷൻ രീതിയിൽ ഒന്നോ രണ്ടോ മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്യുന്നതാണ് പ്രായോഗികമായി ചെയ്യാൻ കഴിയുക. അതുകൊണ്ട് നദിയുടെ മൊത്തത്തിലുള്ള ആഴം വർധിപ്പിക്കാൻ കഴിയില്ല.
- ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങൾ. വയനാട്ടിൽ എന്താണ് സംഭവിക്കുന്നത്?
പീരുമേട് പ്ലാറ്റോയുടെ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പ്രധാന നദികളാണ് അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ, പെരിയാർ, ചാലക്കുടി എന്നിവ. ഈ പ്രദേശങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമ്പോൾ, മഴവെള്ളം ഈ നദികളിലൂടെയാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഈ വെള്ളം നേരിട്ട് കടലിലേക്ക് പോകുന്നതല്ല. വഴിയിൽ വെള്ളം താൽക്കാലികമായി സംഭരിക്കപ്പെടുന്ന നിരവധി ഇടത്താവളങ്ങളുണ്ട്. വയലുകൾ, തണ്ണീർത്തടങ്ങൾ, കായലുകൾ തുടങ്ങിയവയാണ് ഈ സ്വാഭാവിക ഇടത്താവളങ്ങൾ. അവ നിലനിന്നാൽ മാത്രമേ മഴവെള്ളത്തെ ക്രമമായി കടലിലേക്ക് കൊണ്ടുപോകാൻ കഴിയൂ.
അതേസമയം, വടക്ക് നീലഗിരി പ്ലാറ്റോയുടെ ഭാഗമായ വയനാട് പ്ലാറ്റോയിൽനിന്ന് ഒഴുകിയെത്തുന്ന പ്രധാന നദികളാണ് ചാലിയാറും കടലുണ്ടിപ്പുഴയും. ഇവയും അറബിക്കടലിലാണ് ചേരുന്നത്. അതുകൊണ്ടുതന്നെ പീരുമേട് പ്ലാറ്റോയുടെയും വയനാട് പ്ലാറ്റോയുടെയും അടിവാരങ്ങളിൽ മഴമേഘങ്ങൾ തങ്ങി അതിശക്തമായ മഴ പെയ്യുമ്പോൾ, ആ വെള്ളം പ്രധാനമായും ഈ നദികളിലൂടെയാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഈ പ്രദേശങ്ങളിലെ വയലുകളും തണ്ണീർത്തടങ്ങളും കായലുകളും ഉൾപ്പെടെയുള്ള സ്വാഭാവിക ജലസംഭരണ മേഖലകൾ നിലനിൽക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ, മനുഷ്യന്റെ ഇടപെടലിലൂടെ ഇവയിൽ പലതും മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. അതാണ് പ്രളയസാധ്യതയും അതിന്റെ ആഘാതവും വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.
Content Highlights: Geographer Dr. Padmalal argues that Kerala has not internalized lessons from its 2018 floods, with ongoing ecological degradation, loss of wetlands and paddy fields, and unplanned construction in Western Ghats continuing to worsen landslides and monsoon extremes despite improved disaster response systems.