'തീപിടിത്തത്തിന്റെ തുടക്കം ലിഥിയം ബാറ്ററിയിൽനിന്നാകാം, രക്ഷാപ്രവർത്തനത്തിന് മനുഷ്യരെ ഉപയോഗിക്കരുത്'

കണ്ണൂര്‍ അഴീക്കലിനു സമീപം ചരക്കുകപ്പലില്‍ ഉണ്ടായ തീപിടിത്തത്തെയും അതിലെ രാസവസ്തുക്കള്‍ ഉണ്ടാക്കാനിടയുള്ള അപകടത്തെയും കുറിച്ച് മുന്‍ എക്സ്പ്ലോസിവ്സ് ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ.ആര്‍. വേണുഗോപാല്‍ സംസാരിക്കുന്നു.
കപ്പലിലുള്ള ചരക്കുകള്‍ എത്രത്തോളം അപകടകരമാണ്
കടുത്ത വിഷമുള്ളതും വളരെ അപകടകരവുമായ നിരവധി രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഡൈമീഥൈല്‍ സള്‍ഫേറ്റ്, ബൈപിറിഡിലിയം കീടനാശിനി, ഈഥൈല്‍ ക്ലോര്‍ഫോര്‍മേറ്റ്, പാരാ ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ കൊടുംവിഷങ്ങള്‍. വന്‍സ്ഫോടന സാധ്യതയുള്ള ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോസോ സെല്ലുലോസ്, മീഥൈല്‍ മെത്താ ക്രൈലേറ്റ് മോണോമര്‍ തുടങ്ങിയ പെട്ടെന്ന് തീപിടിച്ച് ശക്തമായ പൊട്ടിത്തെറിയുണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമുണ്ട്. ഈ കപ്പലില്‍ ഉള്ളതായി പറയുന്ന മിക്കവാറും രാസവസ്തുക്കള്‍ വളരെയധികം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്- ശ്വാസകോശങ്ങള്‍ക്കും നാഡീവ്യൂഹത്തിനും ത്വക്കിനും കണ്ണിനുമൊക്കെ. ലിഥിയം ബാറ്ററികള്‍ കത്തുമ്പോള്‍ വളരെയധികം വിഷാംശമുള്ള വാതകങ്ങള്‍ പുറത്തുവരും.
ലിഥിയം ബാറ്ററികള്‍ വലിയ അപകടഭീഷണി ഉയര്‍ത്തുന്നവയാണ്. ഉയര്‍ന്ന ചൂടില്‍ പെട്ടെന്ന് വലിയ സ്ഫോടനം (തെര്‍മല്‍ റണ്‍ എവെ റിയാക്ഷന്‍) ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ് ഇവ. സാധാരണ ബാറ്ററികളെക്കാള്‍ നാലിരട്ടി ഊര്‍ജം ശേഖരിക്കാന്‍ ലിഥിയം ബാറ്ററികള്‍ക്കു കഴിയും. അതുകൊണ്ടുതന്നെ തീപിടിത്ത/ പൊട്ടിത്തെറി സാധ്യത കൂടുതലാണ്. സ്മാര്‍ട്ട് ഫോണിലും ലാപ്ടോപ്പിലുമൊക്കെ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയെക്കാള്‍ തീപിടിത്തസാധ്യത വൈദ്യുത വാഹനത്തിലുപയോഗിക്കുന്ന തരം വലിയ ഫോര്‍മാറ്റ് ബാറ്ററികള്‍ക്കുണ്ട്.
അതുപോലെ, ടര്‍പെന്റൈനും സ്റ്റൈറീന്‍ മോണോമറും കപ്പലിലുണ്ട്. കോവിഡ് കാലത്ത് ഹൈദരാബാദിലെ എല്‍.ജി പോളിമേഴ്സിലെ രാസവസ്തു ചോര്‍ച്ചയെ തുടര്‍ന്നുള്ള ദുരന്തവും ഓര്‍മ്മിക്കുക. സ്‌റ്റൈറീനായിരുന്നു ദുരന്തകാരണം. സ്റ്റൈറീന്‍ പോലുള്ള രാസവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതാണ്. അതിലെ കൂളിങ് സംവിധാനത്തിന് എന്തെങ്കിലും കേടുസംഭവിക്കുമ്പോള്‍ അപകടം ഉണ്ടാകാം. അലാസ്‌കയ്ക്ക് 300 മൈല്‍ തെക്കുമാറി ഉത്തര ശാന്തമഹാസമുദ്രത്തില്‍ ലിഥിയം ബാറ്ററികള്‍ പൊട്ടിത്തെറിച്ച് ഒരു ചരക്കുകപ്പല്‍ മുങ്ങിയത് കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ്. തുടര്‍ന്ന് കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നു.
അഴീക്കലിനടുത്ത് മുങ്ങിയ തായ്വാനീസ് കപ്പലിലെ രാസവസ്തുക്കള്‍ സമുദ്രത്തിലെ സസ്യങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പരിസ്ഥിതിക്കും വലിയ ദോഷമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കീടനാശിനികളും ഫോസ്ഫോറിക് ആസിഡും മലീക് അണ്‍ഹൈഡ്രൈഡും പോലുള്ള വിഷകരമായ പദാര്‍ത്ഥങ്ങള്‍ ജീവികളിലും സസ്യങ്ങളിലുമൊക്കെ അടിഞ്ഞുകൂടാം. ഹൈഡ്രോ ഫോര്‍മിക് ആസിഡ്, ടെട്രാ എത്തിലിന്‍ മെറ്റാമിന്‍ പോലെയുള്ള രാസവസ്തുക്കള്‍ വെള്ളത്തിന്റെ പി.എച്ച് മൂല്യത്തെ മാറ്റാന്‍ ശേഷിയുള്ളവയാണ്. സമുദ്രപരിസ്ഥിതിയെ തകരാറിലാക്കാന്‍ അവയ്ക്ക് സാധിക്കും. അത് കൂടുതല്‍ അപകടകരമാണ്. അതുകൊണ്ടു തന്നെ, രക്ഷാപ്രവര്‍ത്തനത്തിനും കടല്‍ ശുചീകരണത്തിനും ഇറങ്ങുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് ഞാന്‍ കരുതുന്നു.
സമുദ്ര, പരിസ്ഥിതി മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഉറപ്പായും ചെയ്യേണ്ട കാര്യങ്ങള്‍
ചോര്‍ച്ച പരിമിതപ്പെടുത്താന്‍ കണ്ടൈന്‍മെന്റ് സോണ്‍ (സുരക്ഷാ മേഖല) നിശ്ചയിക്കുക, പി.എച്ച് മൂല്യം സാധാരണ നിലയിലാക്കാന്‍ അമ്ലത നിര്‍വീര്യമാക്കാനുള്ള രാസവസ്തുക്കള്‍ (ന്യൂട്രലൈസിങ് ഏജന്റുകള്‍) ഉപകാരപ്പെടുത്തുക, കൃത്യമായ ഇടവേളകളില്‍ വെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുക ഇവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍. ബുധനാഴ്ച ഉച്ചയോടെ തീ അണയ്ക്കാന്‍ സാധിക്കേണ്ടതാണ്. അഴീക്കലിലെ കപ്പലപകടത്തില്‍ സാധ്യമായ അടിയന്തിര നടപടികളൊക്കെ അധകൃതര്‍ സ്വീകരിക്കുന്നതായാണ് തോന്നുന്നത്.
കപ്പലിന്റെ 200 മീറ്റര്‍ പരിധിക്കടുത്തേക്ക് എത്താനായാല്‍ തീപിടിത്തവും രാസവസ്തു ചോര്‍ച്ചയും നിയന്ത്രണവിധേയമാക്കാന്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വേലികള്‍ (കണ്ടെയിന്‍മെന്റ് ബൂം) വിന്യസിക്കാവുന്നതാണ്. അന്താരാഷ്ട്ര മാരിടൈം ചട്ടങ്ങള്‍ (സോലസ്, ഐ.എം.ഡി.ജി കോഡ്) അനുസരിച്ചുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം ദ്രാവകങ്ങളെയും വാതകങ്ങളയും മറ്റും ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കാം.
ഈ അപകടത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും...
അങ്ങനെ തോന്നുന്നില്ല. സ്വാഭാവികം ആയിരിക്കാനാണ് സാധ്യത. പൊതുവേ ഇത്തരത്തില്‍ അപകടകാരികളായ രാസവസ്തുക്കളും ലിഥിയം ബാറ്ററികള്‍ പോലെ സ്ഫോടകശേഷിയുള്ള വസ്തുക്കളുമൊക്കെ ഒരേ കാര്‍ഗോയില്‍ കൊണ്ടുപോകാറില്ല.. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. അതുപോലെ തന്നെ പരസ്യമാക്കാത്ത മറ്റെന്തെങ്കിലും വസ്തുക്കള്‍ കപ്പലില്‍ ഉണ്ടായിരുന്നോ എന്നും അറിയില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം കപ്പലിലുള്ള വസ്തുക്കളുടെ വിഷാംശത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല എന്നതാണ്. കത്തുന്ന കപ്പലിനടിയില്‍ ബാരലുകളുണ്ടെന്ന് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയതായി പറയുന്നു. എന്താണ് അവയ്ക്കുള്ളിലെന്ന് അറിയില്ല. കാര്‍ഗോയിരിക്കുന്ന ഭാഗത്താണ് തീപിടിച്ചിട്ടുള്ളത്. എഞ്ചിന്‍ ഭാഗത്തേക്കു തീ പടര്‍ന്നാല്‍ ഡീസല്‍ ടാങ്കുകള്‍ കത്താം. ഒരുപക്ഷേ, അതാവും ഏറ്റവുമൊടുവില്‍ കത്തുക. കപ്പല്‍ കത്തിയമരുമ്പോള്‍ രാസവസ്തുക്കളെല്ലാം കത്തിത്തീര്‍ന്നേക്കും. പൂര്‍ണചിത്രം ലഭ്യമാകാന്‍ രണ്ടുദിവസം കാത്തിരിക്കേണ്ടിവരും.
രക്ഷാപ്രവര്‍ത്തനത്തിലെ അപകടങ്ങള്‍
വളരെ അപകടകരമായ വസ്തുക്കളാണ് കപ്പലിലുള്ളത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കോസ്റ്റ്ഗാര്‍ഡ് പോലുള്ളവര്‍ വളരെ സൂക്ഷിച്ചുവേണം ഇടപെടാന്‍. അപകടസാധ്യത കൃത്യമായി നിര്‍ണയിച്ച ശേഷം ഏതാണ് ആദ്യം നീക്കം ചെയ്യേണ്ടത്, എത്ര സുരക്ഷിതമായി നീക്കം ചെയ്യാന്‍ പറ്റും, എന്തായിരിക്കണം പ്രക്രിയ തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടാണം. എന്നിട്ടുവേണം സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍.
ഏറ്റവും അസ്ഥിരമായ, പെട്ടെന്നു പ്രതിപ്രവര്‍ത്തനം നടത്തുന്ന രാസവസ്തുക്കളുള്ള കണ്ടെയ്നറുകള്‍ നീക്കം ചെയ്യാനാവും ആദ്യ മുന്‍ഗണന. അപകടകരമായ സാധനങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യാന്‍ റിമോട്ട് മുഖേന നിയന്ത്രിക്കാവുന്ന വാഹനങ്ങളും (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) റോബോട്ടിക് സംവിധാനങ്ങളും ഉപയോഗിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. വ്യക്തികളെ കഴിയുന്നത്ര കുറച്ചു മാത്രമേ എക്സ്പോസ് ചെയ്യാവൂ. കാരണം, കപ്പലിനകത്തെ സാധനങ്ങളെ കുറിച്ചും അപകടസാധ്യതകളെ കുറിച്ചും ഇനിയും വ്യക്തതവരേണ്ടിയിരിക്കുന്നു.
കപ്പലില്‍ തീപിടിത്തമുണ്ടാക്കാന്‍ കാരണമായത് ഏതെങ്കിലും രാസവസ്തുവാണോ, അതോ, ലിഥിയം ബാറ്ററികളോ
ചൂടുപിടിച്ച് പൊട്ടിത്തെറിക്കാനുള്ള പ്രവണതയ്ക്ക് കുപ്രസിദ്ധമായ ലിഥിയം ബാറ്ററികളാവണം തീപിടിത്തത്തിന് തുടക്കമിട്ടതെന്ന് എനിക്കു തോന്നുന്നു. പെട്ടെന്ന് നതീപിടിക്കുന്ന ദ്രാവകങ്ങളും ടര്‍പെന്റൈനും ഈഥൈല്‍ മീഥൈല്‍ കീറ്റോണും കൂടിയാവുമ്പോള്‍ പെട്ടെന്നു തീപിടിക്കാവുന്ന വാതകങ്ങള്‍ നിറഞ്ഞ അന്തരീക്ഷം രൂപപ്പെടുന്നു. ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോസോ സെല്ലുലേറ്റിന് പ്രശ്നസാഹചര്യങ്ങളില്‍ തനിയെ തീപിടിക്കാന്‍ സാധ്യതയുണ്ട്. ഇവയിലേതെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ തീപ്പൊരിക്കോ തീപിടിത്തത്തിനോ പ്രേരകമായിരിക്കാം. തുടര്‍ന്നാവണം കപ്പലില്‍ വലിയ തീപിടിത്തമുണ്ടായത്.
Content Highlights: chemical fire on a cargo ship near Azhikkal, raises serious concerns. Expert Dr. R. Venugopal