കോർപ്പറേഷന്റെ അനുമതിയായി; കൂറുമാറിയതിന് പിന്നാലെ കപ്പടിച്ച് പഠാൻ: ഗുജറാത്തിൽ 15 കോടി രൂപയുടെ ഭൂമി ലാഭം

#ന്യൂസ് ഡെസ്ക്
യൂസഫ് പഠാൻ | Photo: ANI
യൂസഫ് പഠാൻ | Photo: ANI

അഹമ്മദാബാദ്: കൂറുമാറിയ എം.പി.യും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാന് 15 കോടി രൂപയുടെ ഭൂമി ലാഭം. പഠാൻ കൈയേറിയതായി ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്ന അതേ ഭൂമി ദാനമായി നൽകാൻ കഴിഞ്ഞദിവസം ഭരണസമിതി തീരുമാനിച്ചതോടെയാണിത്.

തന്തലജയിലെ ബംഗ്ലാവിനോടുചേർന്ന 978 ചതുരശ്ര മീറ്റർ ഭൂമി പഠാന് നൽകാനാണ് ബി.ജെ.പി.ക്ക് ഭൂരിപക്ഷമുള്ള കോർപ്പറേഷൻ ഭരണസമിതി വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. കോൺഗ്രസ് എതിർത്തു. 500 ചതരുശ്ര മീറ്റർ ഭൂമി സൗജന്യമായും 478 ചതുരശ്ര മീറ്റർ 55 ശതമാനം വിലയ്ക്കും നൽകാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഒക്ടോബറിലെ നിർദേശമാണ് കോർപ്പറേഷൻ അംഗീകരിച്ചത്. 2.10 ലക്ഷം രൂപയാണ് ഇവിടെ വിപണിവില. ഇതുപ്രകാരം പഠാന് 15 കോടിയോളം രൂപയുടെ ലാഭമുണ്ടാകും.

പഠാന്റെ പാർട്ടിമാറ്റത്തിനുള്ള കൂലിയാണിതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. ഇവരെ അറസ്റ്റുചെയ്ത് നീക്കി. കായികതാരങ്ങൾക്കുള്ള ഇളവിൽപ്പെടുത്തി ഭൂമി നൽകണമെന്ന പഠാന്റെ അപേക്ഷ 2012-ൽ സംസ്ഥാന സർക്കാർ നിരസിച്ചിരുന്നു. പഠാന്റെ കുടുംബം അപ്പോൾത്തന്നെ സ്ഥലം കൈയേറി. 2024-ൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.പി.യായപ്പോളാണ് കൈയേറ്റം ഒഴിപ്പിക്കാൻ കോർപ്പറേഷൻ നടപടി തുടങ്ങിയത്. എന്നാൽ, എൻ.ഡി.എ.ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെ ഭൂമി ദാനംചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതാണ് വിവാദമായത്.

മറ്റൊരു ക്രിക്കറ്റ് താരമായിരുന്ന അൻഷുമാൻ ഗയ്‌ക്‌വാദിന് 2025-ൽ വഡോദരയിൽ ഭൂമി സമാനമായി നൽകിയതിനാൽ ഇത് സ്വാഭാവിക നടപടിയാണെന്ന് ബി.ജെ.പി. പറയുന്നു. പഠാന്റെ വീടിനടുത്ത് സഹകാർ നഗർ ചേരിയിലെ ഒഴിപ്പിക്കപ്പെട്ട 1400-ഓളം കുടുംബങ്ങൾക്ക് പകരം വീടുനൽകാത്ത ബി.ജെ.പി. ഭരണമാണ് പഠാന് കോടികളുടെ ഇഷ്ടദാനം ചെയ്തതെന്നു കോൺഗ്രസ് വിമർശിച്ചു.

Content Highlights: Vadodara Municipal Corporation decided to gift 978 square meters of land to Yusuf Pathan., Pathan benefits by approximately Rs 15 crore through free and discounted land allocation., Congress protested against the decision, alleging it as a reward for political alignment., BJP defended the move by citing a similar land allocation to Anshuman Gaekwad in 2025.