പരസ്പര ബഹുമാനം നമ്മെ നയിക്കും; പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി യൂനുസ്

നരേന്ദ്ര മോദി, മുഹമ്മദ് യൂനസ് | Photo: ANI, PTI
നരേന്ദ്ര മോദി, മുഹമ്മദ് യൂനസ് | Photo: ANI, PTI

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും യൂനുസിനും ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന മോദിയുടെ സന്ദേശത്തിന് പിന്നാലെയാണ് മോദിക്ക് യൂനുസ് കത്തെഴുതിയത്. 

പരസ്പര ബഹുമാനവും ധാരണയും ഇരുരാജ്യങ്ങളും തുടര്‍ന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വഴികാട്ടിയാകുമെന്നതില്‍ തനിക്കുറപ്പുണ്ടെന്ന് മുഹമ്മദ് യൂനുസ് മോദിക്കെഴുതിയ കത്തില്‍ പറയുന്നു. 

ബലിപ്പെരുന്നാള്‍ എന്നത് ത്യാഗത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അത് പ്രചോദനം നല്‍കുന്നുവെന്നും യൂനുസ് ചൂണ്ടിക്കാട്ടി. 

ജൂണ്‍ നാലിനാണ് മോദി ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യൂനുസിന് കത്തയച്ചത്. ഇതിന് ജൂണ്‍ ആറിനാണ് യൂനുസ് മറുപടിയായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന രീതിയില്‍ കത്തയച്ചത്. 

ഷേയ്ഖ് ഹസീനയെ അട്ടിമറിച്ച ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ശ്രമമെന്ന രീതിയിലാണ് ഇരുനേതാക്കളുടെയും ഇടപെടലിനെ വിലയിരുത്തുന്നത്. 

Content Highlights: Yunus Writes to Modi Amidst Strained India-Bangladesh Ties