കുംഭമേള; ശുചീകരണത്തൊഴിലാളികൾക്ക് ബോണസ് 10,000, മിനിമംകൂലി 16,000, കൂടെ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് കുംഭമേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ഉത്തർപ്രദേശ് സർക്കാർ ബോണസ് പ്രഖ്യാപിച്ചു. പതിനായിരം രൂപയാണ് ബോണസ്. ഇതിനുപുറമെ 16,000 രൂപ കുറഞ്ഞ കൂലിയായി ഏപ്രിൽ മുതൽ നൽകും. ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സ നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കുംഭമേള സമാപിച്ചത്. ഇന്ന് പ്രയാഗ്‌രാജിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ത്രിവേണി സംഗമത്തിൽ മന്ത്രിമാർ അടക്കം പങ്കെടുത്ത ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ചാണ് ശുചീകരണ തൊഴിലാളികളെ ആദരിക്കാൻ തീരുമാനിച്ചത്. അവർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഭക്ഷണം കഴിയ്ക്കുകയും ചെയ്തു.
പ്രയാഗ്‌രാജിൽ 45 ദിവസം നീണ്ടുനിന്ന മഹാകുംഭമേളയ്ക്ക് ശിവരാത്രിദിനത്തിലാണ് സമാപനമായത്. ഇതുവരെ 66.21 കോടിയിലധികം ഭക്തർ ത്രിവേണീസംഗമത്തിൽ പുണ്യസ്നാനം ചെയ്തെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്. ശിവരാത്രിദിനത്തിൽമാത്രം 1.53 കോടിപ്പേരാണ് അമൃത് സ്നാനത്തിനെത്തിയത്. ഹെലികോപ്‌ടറിൽ പുഷ്പവൃഷ്ടിയുമുണ്ടായി. ഇരുപത് ക്വിന്റൽ പുഷ്പങ്ങളാണ് ഇതിനുപയോഗിച്ചത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് അതിസുരക്ഷാ ക്രമീകരണങ്ങളാണ് യു.പി. സർക്കാർ ഒരുക്കിയത്.
Content Highlights: yogi announces rs 10,000 bonus to sanitation workers at mahakumbh