UP-യിലെ ഒരുകോടിയിലേറെ ഹിന്ദു വോട്ടർമാരെ വെട്ടിയോ? യോഗി ആദിത്യനാഥിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ലഖ്നൗ: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് കാണാതായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. വോട്ടർമാരുടെ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ കണക്കുകൾ സൂക്ഷിക്കാറില്ലെന്ന് യു.പിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ വ്യക്തമാക്കി. വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് മാധ്യമങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും സ്വന്തം നിലയിൽ കണക്കുകൾ തയ്യാറാക്കാറുണ്ട്. എന്നാൽ അവയെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണ്ടെത്തലുകളായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വോട്ടർമാരുടെ പേര്, പിതാവിന്റെയോ ജീവിതപങ്കാളിയുടെയോ പേര്, പ്രായം, വീടിന്റെ നമ്പർ, ലിംഗം തുടങ്ങിയ വിവരങ്ങളാണ് വോട്ടർ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മതം, ജാതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ രേഖപ്പെടുത്താറില്ലെന്നും വ്യക്തമാക്കി. വോട്ടർപട്ടിക പൊതുജനങ്ങൾക്ക് ലഭ്യമായ രേഖയായതിനാൽ പേരുകളും മറ്റ് ലഭ്യമായ വിവരങ്ങളും ഉപയോഗിച്ച് മാധ്യമങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും സ്വന്തം നിലയിൽ പഠനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്തരം പഠനങ്ങളിൽനിന്നുള്ള നിഗമനങ്ങൾ തിരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക കണക്കുകളോ കണ്ടെത്തലുകളോ അല്ല.' -മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിക്ക് പിന്നാലെ വോട്ടർപട്ടികയിൽ വലിയ വ്യത്യാസങ്ങളുണ്ടായെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം. സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന ഏകദേശം 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടികയിൽ കാണാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിലുണ്ടായിരുന്ന 66 ലക്ഷം പേർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ഇല്ലെന്നും യോഗി പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്ന് ചൂണ്ടിക്കാട്ടിയ യോഗി ആദിത്യനാഥ് വോട്ടർപട്ടികയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് വ്യക്തത തേടി സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ചൊവ്വാഴ്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ.
കരട് പട്ടിക പ്രസിദ്ധീകരിച്ചു
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഉത്തർപ്രദേശിലെ കരട് വോട്ടർപട്ടികയിൽ ആകെ 13,58,68,905 വോട്ടർമാരാണുള്ളത്. ഇതിൽ 7,38,58,510 പുരുഷന്മാരും 6,20,06,353 സ്ത്രീകളും 4,042 ട്രാൻസ്ജെൻഡർമാരുമാണുള്ളത്. 18-നും 19-നും ഇടയിൽ പ്രായമുള്ള 11,83,352 വോട്ടർമാരും പട്ടികയിലുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
എസ്ഐആറിനു ശേഷം ഏപ്രിൽ 10-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കരട് പട്ടികയിൽ 18,84,113 വോട്ടർമാരുടെ വർധനയുണ്ടായിട്ടുണ്ട്. 18 ലക്ഷത്തിലധികം വോട്ടർമാരുടെ വർധനയാണ് ഇതിലൂടെ രേഖപ്പെടുത്തിയതെന്നും റിൻവ പറഞ്ഞു. 2026 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പട്ടികയ്ക്കു ശേഷം നടന്ന സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടിയുടെ ഭാഗമായാണ് പുതിയ കരട് പട്ടിക തയ്യാറാക്കിയത്. വോട്ടർപട്ടികയിൽ വർഷം മുഴുവൻ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികയുടെ അന്തിമ രൂപം പ്രസിദ്ധീകരിച്ച ശേഷവും അർഹരായ പൗരന്മാർക്ക് പേര് ചേർക്കാനും ഒഴിവാക്കാനും തിരുത്തലുകൾ വരുത്താനും അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകളും പരാതികളും പരിശോധിച്ച് ഡിസംബർ 28-നകം നടപടികൾ പൂർത്തിയാക്കും. ഇതിനു ശേഷമായിരിക്കും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. 2027 ജനുവരി നാലിനാണ് അന്തിമ വോട്ടർപട്ടിക പുറത്തിറക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ജനങ്ങളെ സഹായിക്കാൻ സംസ്ഥാനത്തെ എല്ലാ 1,73,730 പോളിങ് സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. നവംബർ 21, 22, 28, 29 തീയതികളിലാണ് ക്യാമ്പുകൾ നടക്കുക. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരിക്കും പ്രവർത്തനം. അർഹരായ വോട്ടർമാർക്ക് ആവശ്യമായ അപേക്ഷകൾ സമർപ്പിക്കുന്നതിനും പട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ഈ ക്യാമ്പുകൾ പ്രയോജനപ്പെടുത്താമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Uttar Pradesh Chief Electoral Officer Navdeep Rinwa clarified that the Election Commission does not maintain religion-based voter records, responding to CM Yogi Adityanath's claim about 1.27 crore missing Hindu voters.