കോടതിവളപ്പിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം, ശ്വാസംമുട്ടിച്ചു; യുവാവിന്റെ മുഖത്തടിച്ച് ബന്ധു | വീഡിയോ

മഹാരാജ്ഗഞ്ച് (ഉത്തർപ്രദേശ്): കുടുംബകോടതിയിലെ വാദം കഴിഞ്ഞതിന് പിന്നാലെ കോടതിവളപ്പിൽ യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ജീവനാംശം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസിലെ വാദത്തിനാണ് മഹാരാജ്ഗഞ്ച് കുടുംബ കോടതിയിൽ ദമ്പതികൾ എത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭാര്യ പ്രിയ ത്രിപാഠിയുടെ പിതാവ് ലക്ഷ്മികാന്തിന്റെ മൊഴി രേഖപ്പെടുത്തി. നടപടികൾ പൂർത്തിയാക്കി പ്രിയയും സഹോദരി പ്രിയങ്കയും പിതാവും കോടതിമുറിയിൽനിന്ന് താഴത്തെ നിലയിലെ ഹാളിലേക്ക് എത്തിയപ്പോഴാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്.
പ്രിയയുടെ ഭർത്താവ് മനീഷ് കുമാർ മിശ്രയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും പൊടുന്നനെ തന്നെ ആക്രമിച്ചെന്നാണ് പ്രിയയുടെ പരാതി. മനീഷ് മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തുവീഴ്ത്തുകയും കഴുത്തുഞെരിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിതാവും സഹോദരിയും തടയാനെത്തിയപ്പോൾ അവരെയും മനീഷ് ആക്രമിച്ചതായി പ്രിയ ആരോപിച്ചു.
പിന്നാലെ ഇരുവിഭാഗത്തുമുള്ളവർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. മർദനം കണ്ടെത്തിയ പ്രിയയുടെ ബന്ധുക്കളിൽ ഒരാൾ മനീഷിന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുവിഭാഗവും തമ്മിലുള്ള കൂട്ടയടിയും വീഡിയോയിൽ കാണാം. കോടതിയിലുണ്ടായിരുന്ന പൊലീസുകാരാണ് ബഹളം കേട്ട് സ്ഥലത്തെത്തി സംഘർഷം നിയന്ത്രിച്ചത്.
തനിക്ക് വധഭീഷണിയുണ്ടെന്ന് പ്രിയ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇരുവരെയും അറസ്റ്റ് ചെയ്തതായും കോട്ട്വാലി മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര സിങ് അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: A woman was brutally assaulted by her husband inside the Maharajganj Family Court premises in Uttar Pradesh following maintenance case proceedings. Police registered a case and arrested two individuals.