ബേക്കറി ഉടമ, എംപി, സഞ്ജയ് ഗാന്ധിയുടെ വലംകൈ, സിഖ് കലാപത്തിൽ നിർണായക പങ്ക്; ആരായിരുന്നു സജ്ജൻ കുമാർ?

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പറയാറുള്ള ഏറ്റവും കുപ്രസിദ്ധമായ പേരാണ് കോൺഗ്രസ് എംപിയായിരുന്ന സജ്ജൻ കുമാറിന്റേത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് പാലം കോളനിയിലുണ്ടായ കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ചയാണ് സംഭവിച്ചത്. തിഹാർ ജയിലിൽവെച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ആരാണ് സജ്ജൻ കുമാർ?
രഘുനാഥ് സിങ്ങിന്റേയും മീ കൗറിന്റേയും മകനായി 1945 സെപ്റ്റംബർ 23-നാണ് സജ്ജൻ കുമാർ ജനിച്ചത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബേക്കറി ഉടമയായിരുന്നു. 1977-ൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ കൗൺസിലറായാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായ സജ്ജൻ കുമാർ, ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വിശ്വസ്ഥനായിരുന്നു.
1980-ലാണ് സജ്ജൻ കുമാർ പാർലമെന്റിലേക്ക് ആദ്യമായി എത്തുന്നത്. ഏഴാം ലോക്‌സഭയിൽ ഔട്ടർ ഡൽഹി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് അംഗമായിരുന്നു. 1991-ലും 2004-ലും ഔട്ടർ ഡൽഹിയിൽനിന്ന് വിജയിച്ച് പാർലമെന്റിലെത്തി. എട്ടരലക്ഷത്തിലേറെ വോട്ട് നേടി റെക്കോർഡ് വിജയമാണ് 2004-ൽ സജ്ജൻ കുമാർ സ്വന്തമാക്കിയത്.
സിഖ് വിരുദ്ധ കലാപത്തിലെ പങ്ക്
ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തിൽ ആയിരക്കണക്കിന് സിഖുകാരാണ് ഡൽഹിയിൽ കൊല്ലപ്പെട്ടത്. കലാപത്തെ ആളിക്കത്തിക്കുന്നതിൽ നിർണായകമായ പങ്കാണ് സജ്ജൻ കുമാർ വഹിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ മാത്രമല്ല, കലാപകാരികൾക്ക് മദ്യവും നൂറ് രൂപയും നൽകിയും സജ്ജൻ കുമാർ കലാപം ഇളക്കിവിട്ടുവെന്നാണ് സാക്ഷികൾ മൊഴിനൽകിയത്.
പോലീസ് അന്വേഷണത്തിന് ശേഷം സിബിഐ ആണ് കേസ് അന്വേഷിച്ചത്. കേസിലെ സാക്ഷിമൊഴികളിൽനിന്ന് തന്റെ പേര് തേച്ചുമായ്ച്ച് കളയാനായി സജ്ജൻ കുമാർ പോലീസുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന, അക്രമത്തിന് ആഹ്വാനംചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ 2010-ൽ സജ്ജൻ കുമാറിന് മേൽ ചുമത്തപ്പെട്ടു.
2013-ൽ ജില്ലാ കോടതി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി. എന്നാൽ, സിബിഐ ഡൽഹി ഹൈക്കോടതിൽ അപ്പീൽ നൽകി. 2018-ൽ ഡൽഹി ഹൈക്കോടതി 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. സജ്ജൻ കുമാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളപ്പെട്ടു.
2022 ഏപ്രിൽ 27-ന് കലാപവുമായി ബന്ധപ്പെട്ട കേസിൽ സജ്ജൻ കുമാറിന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാനായില്ല. 2025 ഫെബ്രുവരി 12-ന് ഡൽഹിയിലെ ഒരു കോടതി മറ്റൊരു കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
1984 നവംബർ ഒന്നിന് ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസായിരുന്നു ഇത്. കേസിൽ 14 ദൃക്‌സാക്ഷികളാണ് സജ്ജൻ കുമാറിനെതിരെ മൊഴി നൽകിയത്. ഫെബ്രുവരി 25-ന് അദ്ദേഹത്തിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഈ കേസിൽ തിഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് സജ്ജൻ കുമാറിന്റെ മരണം.
Content Highlights: Sajjan Kumar, died at the age of 80, was a prominent Delhi Congress leader and former MP who rose from being a local bakery owner to a close confidant of Sanjay Gandhi, but was later convicted and jailed for his key role in the 1984 anti-Sikh riots.