അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായവർക്ക് ബംഗാളിൽ പെൻഷൻ പ്രഖ്യാപിച്ചു; പ്രതിമാസം 10,000 രൂപ

കൊൽക്കത്ത: അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ബംഗാളിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. പ്രതിമാസം 10000 രൂപ വീതമാണ് പെൻഷൻ നൽകുക. 325 പേർക്കാണ് ഇത്തരത്തിൽ പെൻഷൻ ലഭിക്കുക.
സംസ്ഥാന സെക്രട്ടേറിയറ്റിലെ പരിപാടിയിൽ സംസാരിക്കവെയാണ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനം. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി അവർ വലിയ യാതനകൾ സഹിച്ചിട്ടുണ്ടെന്ന് അധികാരി പറഞ്ഞു.
'ഈ ധീരരായ സൈനികർക്ക് ധാരാളം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു. ബംഗാളിലെ പുതിയ സർക്കാർ നിലകൊള്ളുന്നത് ഈ ധീരസൈനികരുടെ ആദർശങ്ങളിലാണ്', അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തെ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ജയിലിൽ അടയ്ക്കപ്പെട്ട 325 പേരെ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും 'പശ്ചിമബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ' എന്ന പേരിൽ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
1975-ൽ അടിയന്തരാവസ്ഥ അടിച്ചേൽപിച്ചതിന്റെ ഓർമ്മക്കായി കേന്ദ്ര സർക്കാർ ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർ പെൻഷൻ നൽകി ആദരിക്കുന്നുണ്ട്.
Content Highlights: West Bengal government announces a monthly pension of Rs 10,000 for Emergency prisoners., 325 individuals have been identified to receive the 'Paschim Banga Loktantra Senani Samman'., Chief Minister Suvendu Adhikari highlighted the sacrifices made to protect democracy during the Emergency.