'നിര്‍ത്തിക്കോ, ഞങ്ങളുടെ പക്കല്‍ ബ്രഹ്‌മോസുണ്ട്'; പാകിസ്താന് മുന്നറിയിപ്പുമായി ഒവൈസി

ഷഹബാസ് ഷെരീഫ് | Photo: AP | അസദുദ്ദീന്‍ ഒവൈസി | Photo: ANI
ഷഹബാസ് ഷെരീഫ് | Photo: AP | അസദുദ്ദീന്‍ ഒവൈസി | Photo: ANI

ന്യൂഡല്‍ഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ത്യക്ക് നേരെ ഉയര്‍ത്തിയ ഭീഷണിക്ക് തിരിച്ചടിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. പാക് നേതാവ് 'അസംബന്ധം സംസാരിക്കരുത്' എന്ന് പറഞ്ഞ ഉവൈസി, ബ്രഹ്‌മോസ് മിസൈലിനെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കി.

ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈലിനെ പരാമര്‍ശിച്ച് ഉവൈസി പറഞ്ഞു, 'നമ്മുടെ പക്കല്‍ ബ്രഹ്‌മോസ് ഉണ്ട്. ഒമ്പത് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത ലഭിക്കുമ്പോള്‍ താന്‍ നീന്തല്‍ വേഷത്തിലായിരുന്നു എന്നാണ് ഷഹബാസ് ഷെരീഫ് പറഞ്ഞത്. അദ്ദേഹം ഇത്തരം അസംബന്ധങ്ങള്‍ സംസാരിക്കരുത്. അദ്ദേഹം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇത്തരം ഭാഷയൊന്നും ഇന്ത്യയെ ബാധിക്കില്ല,' ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു. 

'ഇന്ത്യന്‍ സര്‍ക്കാര്‍ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിങ്ങളുടെ രീതികള്‍ തിരുത്തുന്നതിന് പകരം, നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഇത്തരം ഭീഷണികള്‍ ഇന്ത്യയില്‍ വിലപ്പോവില്ല. പറഞ്ഞിടത്തോളവും ചെയ്തിടത്തോളവും മതി, ഇനി നിര്‍ത്തിക്കോളൂ,' ഉവൈസി പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പാകിസ്താന്‍ ഭീകരവാദത്തിനുള്ള പിന്തുണ പൂര്‍മമായി പിന്‍വലിക്കുന്നത് വരെ, 1960-ലെ ജലവിതരണ കരാര്‍ നിര്‍ത്തിവെക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ പറഞ്ഞിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ 26 നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 

'ശത്രുവിന് പാകിസ്താനില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ കഴിയില്ല. ഞങ്ങളുടെ വെള്ളം തടയുമെന്ന് നിങ്ങള്‍ ഭീഷണിപ്പെടുത്തി. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാല്‍, നിങ്ങള്‍ ഒരിക്കലും മറക്കാത്ത ഒരു പാഠം പാകിസ്ഥാന്‍ പഠിപ്പിക്കും,' എന്നാണ് ഇസ്ലാമാബാദില്‍ ഒരു പരിപാടിക്കിടെ പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞത്. പാകിസ്താന്‍ ഒരു ആണവരാഷ്ട്രമാണെന്നും തങ്ങള്‍ തകരുമെന്ന് വന്നാല്‍ ലോകത്തിന്റെ പകുതികൂടി നശിപ്പിക്കുമെന്നും പാക് സൈനിക മേധാവി അസിം മുനീര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഇതിന് മറുപടിയെന്നോണമാണ് അസദുദ്ദീന്‍ ഒവൈസിയുടെ 'ബ്രഹ്‌മോസ്' പ്രതികരണം. അതേസമയം, ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ 'പതിവ് ശൈലി' ആണെന്നും തങ്ങളതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. 'ഇത്തരം പരാമര്‍ശങ്ങളിലെ നിരുത്തരവാദിത്വത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് സ്വന്തം നിഗമനങ്ങളില്‍ എത്താന്‍ കഴിയും,' എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.  

Content Highlights: we have brahmos says asaduddin owaisi replying to pakistan pm shahbaz sharif