'അടിച്ചോടിക്ക്, ഇനിയിങ്ങോട്ട് വരരുത്': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന; വീഡിയോ വൈറല്‍

Screengrab: Twitter Video
Screengrab: Twitter Video

ന്യൂഡല്‍ഹി: അതിർത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. അരുണാചല്‍പ്രദേശിലെ അതിര്‍ത്തിപ്രദേശത്ത് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഡിസംബര്‍ 9-ന് സംഘര്‍ഷമുണ്ടായതായി കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിന്റേതല്ലെന്നും ഇത് പഴയ വീഡിയോ ആണെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. 

അതിര്‍ത്തിപ്രദേശത്ത് ചൈനീസ് സൈനികരെ ആട്ടിയകറ്റുന്ന ഇന്ത്യന്‍ സൈനികരെയാണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യയുടെ പ്രദേശത്തേക്ക് അനധികൃതമായി കടന്നുകയറാന്‍ ശ്രമിക്കുന്ന ശത്രുസൈനികരെ ബാറ്റണുകളും വടികളും ഉപയോഗിച്ച് തുരത്തുകയാണ് ഇന്ത്യന്‍ സൈനികര്‍. "അടിച്ചോടിക്ക്, ഇനി ഇങ്ങോട്ട് തിരിച്ചുവരരുത്", എന്ന് പഞ്ചാബിയില്‍ സൈനികര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ചെറുത്തുനില്‍പ്പിനൊടുവില്‍ ചൈനീസ് സേന പിന്‍വാങ്ങുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Content Highlights: Viral Video, Shows Indian Soldiers Repelling China Troops