ഐഫോണ്‍ അടിച്ചുമാറ്റി കുരങ്ങന്‍; തിരിച്ചുകിട്ടിയത് 'വിലപേശലി'നൊടുവില്‍ | വീഡിയോ

ആഡംബരത്തിന്റെ അടയാളമായതും മികച്ച ഫീച്ചറുകള്‍ നല്‍കുന്നതുമായ ഫോണാണ് ആപ്പിള്‍ ഐഫോണ്‍. ലോകമെങ്ങും കോടിക്കണക്കിന് ആരാധകരമാണ് ഐഫോണിന് ഉള്ളത്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല, കുരങ്ങന്മാരും ഐഫോണ്‍ കിട്ടിയാൽ വിടില്ലെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്. മഥുരയിലെ വൃന്ദാവന്‍ ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്.
വൃന്ദാവനില്‍ കുരങ്ങന്മാര്‍ സര്‍വ്വസാധാരണമാണ്. അതുകൊണ്ടുതന്നെ കുരങ്ങന്മാരുമായി ബന്ധപ്പെട്ട രസകരമായ നിരവധി സംഭവങ്ങളും അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ക്ഷേത്രത്തിലെത്തുന്നവരുടെ സാധനങ്ങള്‍ അടിച്ചുമാറ്റുകയാണ് ഇവരുടെ പ്രധാന വിനോദം.
അങ്ങനെ മോഷ്ടിക്കപ്പെടുന്ന സാധനങ്ങള്‍ തിരികെ കിട്ടാന്‍ പഠിച്ചപണി പതിനെട്ടും പയറ്റേണ്ടിവരും. അത്തരത്തിലൊരു സംഭവമാണ് ജനുവരി ആറിന് നടന്നത്. വൃന്ദാവനിലെ രംഗനാഥ് ക്ഷേത്രത്തിലാണ് സംഭവം. അവിടെയെത്തിയ ഒരാളുടെ ഐഫോണ്‍ 'പതിവുപോലെ' ഒരു കുരങ്ങന്‍ അടിച്ചുമാറ്റുകയായിരുന്നു. ഫോണുമായി കുരങ്ങന്‍ തന്റെ 'ക്രൈം പാര്‍ട്ട്‌നറാ'യ മറ്റൊരു കുരങ്ങനൊപ്പം ക്ഷേത്ര മതില്‍ക്കെട്ടിന് മുകളില്‍ ഇരിപ്പായി.
പലവിദ്യകള്‍ പ്രയോഗിച്ചു നോക്കിയിട്ടും ഐഫോണ്‍ തിരികെ കിട്ടാതായപ്പോഴാണ് കുരങ്ങനുമായി ഒരു 'ഡീല്‍' ഉണ്ടാക്കിയാല്‍ മാത്രമേ കാര്യത്തിന് തീരുമാനമാകൂ എന്ന് അവിടെ കൂടിയവര്‍ക്ക് തോന്നിയത്. ഉടന്‍ അവര്‍ ആ ഡീല്‍ തീരുമാനിച്ച് നടപ്പാക്കി. ഐഫോണിന് പകരം ഒരു പാക്കറ്റ് ഫ്രൂട്ടി!
താഴേ നിന്ന് ഫ്രൂട്ടി പാക്കറ്റ് മുകളിലേക്ക് എറിഞ്ഞ് കൊടുക്കാനായിരുന്നു പ്ലാന്‍. ആദ്യ ശ്രമത്തില്‍ ഫ്രൂട്ടി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍ അടുത്ത ദൗത്യം വിജയം കണ്ടു. പറന്നുവന്ന ഫ്രൂട്ടി പാക്കറ്റ് ചാടിപ്പിടിച്ച കുരങ്ങന്‍ ഐഫോണ്‍ ഉപേക്ഷിച്ചു. താഴേക്ക് വീണ ഐഫോണ്‍ ഉടമയ്ക്ക് ലഭിക്കുകയും ചെയ്തു.
ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. താഴെവീണ ഫോണ്‍ പരിക്കൊന്നുമില്ലാതെയാണോ ഉടമയ്ക്ക് കിട്ടിയത് എന്ന കാര്യം വ്യക്തമല്ല.
രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'ഇതാണ് ബാര്‍ട്ടര്‍ സമ്പ്രദായം' എന്നാണ് ഒരാളുടെ കമന്റ്. 'ഭക്ഷണം കണ്ടെത്താന്‍ കുരങ്ങന്മാര്‍ പുതിയ ഐഡിയ കണ്ടെത്തിയിരിക്കുന്നു' എന്നാണ് മറ്റൊരാളുടെ കമന്റ്. വൃന്ദാവനിലെ കുരങ്ങന്മാര്‍ മികച്ച കച്ചവടക്കാരാണ് എന്നായിരുന്നു മൂന്നാമതൊരു കമന്റ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സമാനമായ സംഭവത്തില്‍ രണ്ട് പഴങ്ങള്‍ക്ക് പകരമായാണ് കുരങ്ങന്‍ ഒരു സ്ത്രീയുടെ ഫോണ്‍ തിരികെ നല്‍കിയത്.
Content Highlights: Viral Video. Monkey Steals Man's iPhone At Vrindavan Temple, Returns It After A 'Deal'