വിജയ്യുടെ രാഷ്ട്രീയ ഭാവി എന്ത്? തുടക്കത്തിൽ തന്നെ ഡിഎംകെയെ ശത്രുവായി പ്രഖ്യാപിച്ചതോ പിഴയായത്?

ചെന്നൈ: സിനിമാതാരമായാൽ പണവും പ്രശസ്തിയും ആരാധകവൃന്ദവും നിഴൽപോലെ ഒപ്പമുണ്ടാകും. സിനിമകൾ തുടർച്ചയായി എട്ടുനിലയിൽ പൊട്ടിയാൽ താരപദവി വീഴും, ആരാധകർ പുതിയ താരത്തിനു പിന്നാലെപ്പോകും. രാഷ്ട്രീയത്തിലാണെങ്കിൽ കാര്യങ്ങൾ ഇതിനെക്കാൾ പരിതാപകരം. ചില ഘട്ടങ്ങളിൽ പണവും പദവിയും കുന്നുപോലെ വരും. മറ്റു ചിലപ്പോൾ കിട്ടിയതെല്ലാം പോകും . അണികൾ പല വഴിക്കുപിരിയും. സഖ്യകക്ഷികൾ വേറെ മുന്നണിയെ തേടിപ്പോകും.
നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) രണ്ടുവർഷം പൂർത്തിയാക്കിയത് അടുത്തിടെയാണ്. താരത്തിളക്കത്തിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടു മാറ്റത്തിനിടയിൽ വിജയ്യുടെ മുൻപിൽ അവ്യക്തമായ കുറെ സ്വപ്നങ്ങൾമാത്രമാണുള്ളത്. ഇതിലേക്ക് എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതദുരന്തം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തുടർന്നുള്ള രാഷ്ട്രീയജീവിതത്തെ എങ്ങനെ ബാധിക്കുമെന്നു പറയാനാവില്ല.
ഒരു വർഷത്തോളം വലിയ ഓളമുണ്ടാക്കാൻ സാധിക്കാത്ത സ്ഥാനത്താണ് ഇപ്പോൾ ടിവികെയെ വിജയ് മുൻ നിരയിലേക്കു വളർത്തിക്കൊണ്ടു വന്നത്. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും ടിവികെയെ കൂടുതൽ ജനകീയമാക്കി.
സ്റ്റാർട്ടും ആക്ഷനും കട്ടും ഇല്ലാത്ത ലോകമാണ് രാഷ്ട്രീയം എന്നതിനാൽ ആക്ഷൻ സ്വയം മനസ്സിൽ പറഞ്ഞ് മുന്നോട്ടുപോകുകയായിരുന്നു വിജയ്. അതിനിടയിൽ ദുരന്തം താത്കാലികമായെങ്കിലും രാഷ്ട്രീയ ചുവടുവെപ്പിന് ഒരു കട്ട് പറയാനാണ് സാധ്യത. സിനിമ പോലെത്തന്നെ ജനവിധിയും ഭാഗ്യവും തുണച്ചാൽ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്.
രണ്ടു വർഷത്തെ പ്രവർത്തനം വിജയ്ക്ക് രാഷ്ട്രീയഭാവിയുണ്ടെന്നു സൂചന നൽകുന്നുണ്ട്. എന്നാൽ, ഇതിന്റെ ആയുസ്സ് നീട്ടിക്കൊണ്ടു പോകേണ്ട വിലപ്പെട്ട സമയത്താണ് ആൾക്കൂട്ടത്തിൽനിന്ന് ഒട്ടേറെപ്പേരുടെ ജീവൻ അപഹരിക്കപ്പെട്ടത്. പാർട്ടി തുടങ്ങിയപ്പോൾ ആവേശത്തോടെ ഡിഎംകെയെ രാഷ്ട്രീയശത്രുവായി പ്രഖ്യാപിച്ചത് വിജയ്ക്ക് പറ്റിയ വലിയ മണ്ടത്തരമായി. ബിജെപിയെ പ്രത്യയശാസ്ത്രപരമായ ശത്രുവാക്കിയത് അതിലും വലിയ വിഡ്ഢിത്തമായി വിലയിരുത്തപ്പെട്ടു. കേന്ദ്രത്തെയും സംസ്ഥാന സർക്കാരിനെയും മുഷിപ്പിച്ചു നിർത്തിയിരിക്കുന്നതിനാൽ ഇനി വിജയ്യോടും അദ്ദേഹത്തിന്റെ പാർട്ടിയോടും നിലവിലെ ദുരന്തത്തോടും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിലപാടുകൾ പറയാൻ പറ്റില്ല.
2026 നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ്യുടെ ആത്യന്തിക ലക്ഷ്യം. ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽനിന്ന് വിട്ടു നിന്നതുപോലും അതിനാലാണ്. ഈറോഡിൽ പേരിനെങ്കിലും ഒരു സ്ഥാനാർഥിയെ നിർത്തി ടിവികെയുടെ കരുത്ത് അളന്നെടുക്കാൻ വിജയ്ക്ക് സാധിക്കുമായിരുന്നു. വിജയ് മനസ്സിൽ രാഷ്ട്രീയം കൊണ്ടുനടന്നിരുന്ന കാലത്തും ഒരു സിനിമാതാരമായിരുന്നു. അന്ന് ചുറ്റിലും ആളുകൾ കൂടിയത് സിനിമയിൽക്കാണുന്ന വിജയ്യെ നേരിൽക്കാണാനായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല അവസ്ഥ. രാഷ്ട്രീയത്തിലും വിജയ് താരമാകുമ്പോൾ രണ്ടുതരം ആൾക്കൂട്ടമാണ് വിജയ്ക്ക് മുൻപിലെത്തുന്നത്. ഇതിൽ ഒന്ന് ആരാധകരും; മറ്റൊന്ന് വിജയ്യുടെ പ്രത്യശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്നവരും. അടുത്തിടെ കമൽഹാസൻ മുന്നറിയിപ്പ് നൽകിയതുപോലെ 'ആൾക്കൂട്ടം വോട്ടായി മാറുമെന്ന് വിജയ് പ്രതീക്ഷ വെച്ചുപുലർത്തരുത്'.
Content Highlights: Actor Vijay`s political journey with TVK faces a setback after a tragic incident. Was declaring DMK an enemy early on a mistake? Examining his path to 2026 elections.