ട്വിസ്റ്റോട് ട്വിസ്റ്റ് കഴിഞ്ഞ് വിജയ് സർക്കാർ; ടിവികെയ്ക്ക് ഇനി വിസിലടിക്കാം

ചെന്നൈ: 'ദളപതി' വിജയ് ഒടുവിൽ ഉജ്ജ്വലമായ ഒരു തിരഞ്ഞെടുപ്പ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. വിടുതലൈ ചിരുത്തൈകൾ കച്ചി (വിസികെ) ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ പാർട്ടിയുടെ ശ്രമങ്ങൾ വിജയം കണ്ടിരിക്കുന്നു. 118 എന്ന മാന്ത്രിക സംഖ്യയിൽ എത്തിയതോടെ തമിഴ്നാട്ടിൽ ആദ്യമായി ഒരു സഖ്യകക്ഷി സർക്കാർ അധികാരത്തിലേറാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. തമിഴ്നാടിന്റെ 'മുതലമൈച്ചർ' (മുഖ്യമന്ത്രി) ആയി സ്ഥാനമേൽക്കാൻ സൂപ്പർ സ്റ്റാർ വിജയ്ക്ക് മുന്നിൽ ഇനി തടസങ്ങളേതുമില്ല.
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിന് കരുത്തുപകരുന്ന നിർണായക വഴിത്തിരിവാണിത്. ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. ടിവികെ ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നോ ശ്രദ്ധേയമായ എന്തെങ്കിലും നേടുമെന്നോ ആരും പ്രതീക്ഷിക്കാതിരുന്ന ഈ സൂപ്പർ താരം, ഇപ്പോൾ തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആവശ്യമായ അവസാന രണ്ട് സീറ്റുകൾ കൂടി ഉറപ്പാക്കിയിരിക്കുന്നു. ഇതോടെ എം.ജി.ആർ., ജെ. ജയലളിത, സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ ഇതിഹാസ വ്യക്തിത്വങ്ങൾ സിനിമയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നടത്തിയ അതേ യാത്ര വിജയ്‌യും ആരംഭിക്കാൻ പോവുകയാണ്.
തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയിട്ടും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പകുതി സീറ്റുകൾ തികയ്ക്കാൻ ടിവികെ ബുദ്ധിമുട്ടുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. ഏറെ നാടകീയതകൾക്കൊടുവിലാണ് വിസികെ വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് ദിവസമായി അവർ ടിവികെയേയും തമിഴ്നാടിനെയും മുൾമുനയിൽ നിർത്തിയിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും (IUML) അമ്മ മക്കൾ മുന്നേറ്റ കഴകവും (AMMK), രണ്ട് വർഷം മുമ്പ് പൊട്ടിമുളച്ച തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ വിജയ്‌യും പാർട്ടിയും വീണ്ടും അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ ഐയുഎംഎല്ലും എഎംഎംകെയും കൂടി മൂന്ന് സീറ്റുകളാണ് നേടിയത്. അതിൽ രണ്ട് സീറ്റുകൾ തങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു വിജയ്‌യുടെ പാർട്ടി പറഞ്ഞിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ 118 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്തുവാൻ ടിവികെയ്ക്ക് സാധിക്കുമായിരുന്നു. ഇത് നിലവിൽ പാർട്ടിക്കുള്ളതിനേക്കാൾ 10 സീറ്റുകൾ അധികമാണ്. എന്നാൽ വിജയ് ഗവർണർ ആർ.വി. അർലേക്കറെ കണ്ടതിന് തൊട്ടുപിന്നാലെ ഈ 'ധാരണ' പാളിയതാണ് വലിയ തിരിച്ചടിയായത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുന്നതിന് പകരം 118 എംഎൽഎമാരുടെയും പിന്തുണക്കത്തുകൾ നേരിട്ട് ഹാജരാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടത് ടിവികെയുടെ നീക്കങ്ങൾക്ക് തടസം സൃഷ്ടിച്ചു.
ഇതോടെ ശ്രദ്ധ മുഴുവൻ വിസികെയിലേക്കും അവരുടെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് എംഎൽഎമാരിലേക്കും തിരിഞ്ഞു. ഈ സീറ്റുകൾ തങ്ങളുടെ പക്കൽ സുരക്ഷിതമാണെന്ന് ടിവികെ കരുതിയിരുന്നെങ്കിലും, ഡിഎംകെയുമായുള്ള ബന്ധം വേർപ്പെടുത്തുന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ തോൾ തിരുമാവളവൻ അപ്പോഴും വ്യക്തമായ ഒരു തീരുമാനമെടുക്കാതെ മാറിനിൽക്കുകയായിരുന്നു. വിജയ്‌യുടെ പക്ഷത്തേക്ക് മാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിസികെ, ഇടതുപക്ഷ നേതാക്കൾ എന്നിവർ ബുധനാഴ്ച ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിൻ ഈ മൂന്ന് പാർട്ടികൾക്കും പച്ചക്കൊടി കാട്ടിയതായി വൃത്തങ്ങൾ അറിയിച്ചു. ഓരോ പാർട്ടിക്കും അവരുടെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം.
ഇതിനെത്തുടർന്ന് ടിവികെ, സിപിഐ, സിപിഎം, വിസികെ, മുസ്ലിംലീഗ് എന്നിവരുമായി ബന്ധപ്പെട്ടു. എട്ട് സീറ്റുകളാണ് സഖ്യത്തിനായി പരിഗണനയിലുണ്ടായിരുന്നത്. കോൺഗ്രസ് അഞ്ച് സീറ്റുകളുമായി പിന്തുണ അറിയിച്ചതിനാൽ വിജയ്ക്ക് കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റുകൾ കൂടി മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ച ഉടനീളം വലിയ ആകാംക്ഷ നിലനിന്നു. വിജയ്‌യെ പിന്തുണയ്ക്കുന്നതി കുറിച്ച് വിസികെയും ഇടതുപക്ഷവും ആഭ്യന്തര ചർച്ചകൾ നടത്തി. സിപിഐയും സിപിഎമ്മും തുടക്കത്തിൽ അനിശ്ചിതത്വത്തിലായിരുന്നു; 'പുറത്തുനിന്നുള്ള പിന്തുണ' നൽകാനാണ് തങ്ങൾ താൽപര്യപ്പെടുന്നതെന്ന് അവർ സൂചിപ്പിച്ചു. ഇത് ടിവികെയ്ക്ക് ഓരോ വിഷയത്തിലും പിന്തുണ നൽകാൻ അവരെ അനുവദിക്കുമായിരുന്നു.
വിസികെ അപ്പോഴും മൗനം പാലിച്ചു. ആദ്യഘട്ട ചർച്ചകൾക്ക് ശേഷം 'ഉടൻ തീരുമാനിക്കും' എന്ന് മാത്രമാണ് തിരുമാവളവൻ പറഞ്ഞത്. തങ്ങളുടെ തീരുമാനം ഇടതുപക്ഷത്തിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ അന്ന് വൈകുന്നേരത്തോടെ നിലപാടുകൾ മാറിമറിഞ്ഞു. 'ടിവികെയെ ഉള്ളിൽ നിന്ന് തന്നെ പിന്തുണയ്ക്കും' എന്ന് ഇടതുപക്ഷം ഉറച്ച മറുപടി നൽകി. എന്നാൽ വിസികെ വീണ്ടും പിന്നോട്ട് പോയി. ഒരു മന്ത്രിസ്ഥാനത്തിന് പുറമെ തിരുമാവളവന് ഉപമുഖ്യമന്ത്രി പദവി വേണമെന്ന ആവശ്യം പാർട്ടി ഉന്നയിച്ചതായി റിപ്പോർട്ടുകൾ വന്നു. അദ്ദേഹം മുഖ്യമന്ത്രിയായേക്കും എന്ന അഭ്യൂഹങ്ങൾ പോലും ഉയർന്നു.
ഇതോടെ വിജയ്‌യും ടിവികെയും കടുത്ത സമ്മർദത്തിലായി. ഗവർണർ അർലേക്കറുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയും പരാജയപ്പെട്ടു. 'ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടപ്പോൾ 113 എംഎൽഎമാരെ വെച്ച് നിങ്ങൾ എങ്ങനെ ഭരിക്കും?' എന്ന് ഗവർണർ വിജയ്‌യോട് ചോദിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ് ഗവർണറോട് ഉറപ്പിച്ചു പറഞ്ഞു. വെള്ളിയാഴ്ച വിസികെ വീണ്ടും ശ്രദ്ധാകേന്ദ്രമായി. അന്ന് വൈകുന്നേരം അവർ തങ്ങളുടെ നിലപാട് മാറ്റി-'ഞങ്ങൾ ടിവികെയെ പിന്തുണയ്ക്കും' എന്ന് പ്രഖ്യാപിച്ചു. വിസികെയുടെ രണ്ട് സീറ്റുകൾ കൂടി ചേർന്നതോടെ (കോൺഗ്രസിന്റെ 5-ഉം ഇടതുപക്ഷത്തിന്റെ 4-ഉം ഉൾപ്പെടെ) വിജയ്ക്ക് 11 സഖ്യകക്ഷികളും 119 സീറ്റുകളും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് ഇത് മതിയായിരുന്നു.
ഐയുഎംഎല്ലിന്റെ കൂടി പിന്തുണ ഉണ്ടെന്ന് വിശ്വസിച്ച് 121 സീറ്റുകളുടെ പിന്തുണയുമായാണ് വിജയ് ഗവർണറെ കാണാൻ പോയത്. എന്നാൽ ഐയുഎംഎല്ലും എഎംഎംകെയും അവസാന നിമിഷം പിന്മാറി, തൊട്ടുപിന്നാലെ വിസികെയും. ഇതോടെ വിജയ്‌യുടെ സർക്കാർ രൂപീകരിക്കാനുള്ള മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടു. ഒടുവിൽ ശനിയാഴ്ച വൈകുന്നേരമാണ് വിസികെ തങ്ങളുടെ പിന്തുണക്കത്ത് ടിവികെയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. വിസികെയുടെ പിന്തുണയോടെ വിജയ് നയിക്കുന്ന സഖ്യത്തിന്റെ അംഗബലം 118-ൽ എത്തിയിട്ടുണ്ട്, ഇത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ കൃത്യമായ സംഖ്യയാണ്.
തമിഴ്നാട്ടിൽ സുസ്ഥിരവും ജനാധിപത്യപരവുമായ ഒരു സർക്കാർ ഉറപ്പാക്കാനാണ് വിജയ്‌യെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്നാണ് വിസികെയുടെ പിന്തുണക്കത്തിൽ വ്യക്തമാക്കുന്നത്. ഗവർണർ അർലേക്കർക്ക് വിസികെ നിയമസഭാ കക്ഷി നേതാവ് വണ്ണി അരശു നൽകിയ കത്തിൽ, പാർട്ടി പ്രസിഡന്റ് ഡോ. തോൾ തിരുമാവളവന്റെ നിർദേശപ്രകാരം തങ്ങളുടെ രണ്ട് എംഎൽഎമാരുടെയും പിന്തുണ സി. ജോസഫ് വിജയ്ക്ക് നൽകുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ് ഇനി 118 എംഎൽഎമാരുടെയും പിന്തുണക്കത്തുകൾ ഗവർണർക്ക് കൈമാറുകയും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്യും. തുടർന്ന് ഗവർണർ അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും.
ഇടത് പാർട്ടികൾ ഉപാധികളില്ലാത്ത പിന്തുണയാണ് നൽകിയിരിക്കുന്നത് എങ്കിലും അവർ വിജയ്‌യുടെ മന്ത്രിസഭയിൽ ചേരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ എഐഎഡിഎംകെയിലെ മൂന്ന് എംഎൽഎമാർ പാർട്ടി നേതൃത്വത്തോട് കലഹിച്ചതായും അവർ ടിവികെയിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്.
വിജയ് തന്നെ രണ്ട് സീറ്റുകളിൽ വിജയിച്ചതോടെ ടിവികെയ്ക്ക് നിലവിൽ 107 എംഎൽഎമാരുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളും മാത്രമേ ലഭിച്ചുള്ളൂ. കോൺഗ്രസ് അഞ്ചും, പിഎംകെ നാലും സീറ്റുകൾ നേടി. വിസികെ, ഐയുഎംഎൽ സിപിഐ, സിപിഎം എന്നിവർ രണ്ട് സീറ്റുകൾ വീതവും ബിജെപി, ഡിഎംഡികെ, എഎംഎംകെ എന്നിവർ ഓരോ സീറ്റുകൾ വീതവുമാണ് വിജയിച്ചത്.
ബുധനാഴ്ച മുതൽ നേരിടേണ്ടിവന്ന അനവധി അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടിവികെ തമിഴകരാഷ്ട്രീയത്തിൽ ഒരു പുതിയ ശക്തിയായി ഉയർന്നുവരുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ ദ്രാവിഡനാട് സാക്ഷ്യംവഹിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ സൂപ്പർസ്റ്റാർ വിജയ്‌യും ടിവികെയും തന്നെയാണ്. രണ്ട് വർഷം മുമ്പ് മാത്രം രൂപീകരിച്ച ഈ പാർട്ടി, സമീപകാല തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു. തമിഴ്നാട് ഭരണത്തിൽ ദ്രാവിഡ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവർക്കുണ്ടായിരുന്ന 62 വർഷത്തെ ആധിപത്യത്തിനാണ് ഈ വലിയ ജനവിധി അന്ത്യം കുറിച്ചത്. കാത്തിരിക്കുന്നത് അഗ്നിപരീക്ഷയാണെങ്കിലും ഒരു പൊളിറ്റിക്കൽ-ആക്ഷൻ-ഡ്രാമാ സിനിമയിലെ നായകനെപോലെ ഒറ്റയ്ക്ക് പൊരുതി, തടസങ്ങളെയെല്ലാം ഉടച്ചെറിഞ്ഞ്, അവസാന 20 മിനിറ്റിലെ ക്ലൈമാക്‌സിലെ ത്രില്ലർ ട്വിസ്റ്റും കഴിഞ്ഞ് തമിഴ്‌നാട് സർക്കാരിന്റെ തലപ്പത്ത് കസേരയിട്ടിരിക്കാൻ വിജയ് എത്തുകയാണ്, 'എൻ നെഞ്ചിൽ കുടിയിരുക്കും...' തമിഴ്മക്കൾക്കായി.
Content Highlights: TVK secures 118 seats to reach the majority mark in Tamil Nadu. VCK provides unconditional support to Vijay to form the government. End of 62-year DMK and AIADMK dominance in state politics. Vijay is set to be sworn in as the next Chief Minister of Tamil Nadu. Coalition includes TVK, Congress, Left parties, and VCK.