വിജയ്‌യുടെ മന്ത്രിസഭയിൽ വിസികെയ്ക്ക് ഒരു മന്ത്രിസ്ഥാനം; ഇടതുപക്ഷത്തിന് രണ്ടെന്നും റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
വിജയ് | Photo: ANI
വിജയ് | Photo: ANI

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി, ചെറിയ പാർട്ടികളുടെ പിന്തുണയോടെ തമിഴക വെട്രി കഴകം (ടിവികെ) ഭൂരിപക്ഷം ഉറപ്പാക്കിയതോടെ, തമിഴ്‌നാട്ടിലെ ആദ്യത്തെ സഖ്യകക്ഷി സർക്കാരിനെ സൂപ്പർ താരം വിജയ് നയിക്കും. സഖ്യകക്ഷി ധാരണകൾ പ്രകാരം മന്ത്രിസഭയിൽ സഖ്യകക്ഷികൾക്ക് പ്രാതിനിധ്യം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിടുതലൈ ചിരുത്തൈകൾ കക്ഷിക്ക് (വിസികെ) ഒരു മന്ത്രിസ്ഥാനം ലഭിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്‌സിസ്റ്റ് (സിപിഎം) എന്നീ ഇടതുപക്ഷ പാർട്ടികൾക്കായി രണ്ട് സ്ഥാനങ്ങൾ മാറ്റിവെക്കുമെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ തന്നെ മന്ത്രിസഭയിൽ ചേരാൻ സാധ്യതയുണ്ട്.

ഡിഎംകെയെ പിണക്കി ടിവികെയ്ക്ക് ഉപാധികളോടെയുള്ള പിന്തുണ നൽകിയ കോൺഗ്രസ്, രണ്ട് മന്ത്രിസ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് എംഎൽഎമാർ വീതമുള്ള വിസികെ, സിപിഐ, സിപിഎം എന്നീ പാർട്ടികൾ ഉന്നതതല ചർച്ചകൾക്ക് ശേഷാണ് ഇന്ന് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

നേരത്തെ ഡിഎംകെ സഖ്യകക്ഷികളായിരുന്ന ഇവർക്ക്, രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ അനുവാദം നൽകുകയായിയിരുന്നു. കൂടാതെ, രണ്ട് ഐയുഎംഎൽ എംഎൽഎമാരിൽ ഒരാളുടെയും ടിടിവി ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ (എഎംഎംകെ) ഏക എംഎൽഎയുടെയും പിന്തുണ വിജയ് അവകാശപ്പെട്ടിട്ടുണ്ട്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് 108 സീറ്റുകൾ നേടിയിരുന്നു. അതേസമയം ഡിഎംകെ 59 സീറ്റുകളിലേക്കും എഐഎഡിഎംകെ 47 സീറ്റുകളിലേക്കും ചുരുങ്ങി. ചെറുകക്ഷികളുടെ പിന്തുണയോടെ നിയമസഭയിൽ ടിവികെയുടെ കരുത്ത് ഇപ്പോൾ 121 ആയി വർദ്ധിച്ചു, ഇത് കേവല ഭൂരിപക്ഷമായ 118-നേക്കാൾ കൂടുതലാണ്.

ടിവികെ (108), കോൺഗ്രസ് (5), വിസികെ (2), സിപിഐ (2), സിപിഎം (2), എഎംഎംകെ (1) എന്നിങ്ങനെയാണ് നിലവിലെ കണക്കുകൾ. വിജയ് ഭൂരിപക്ഷം തെളിയിച്ചതോടെ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗബലം ഉണ്ടെന്ന കാര്യത്തിൽ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്ന ഗവർണർ ആർ.വി. അർലേക്കറുമായുള്ള തർക്കത്തിന് വിരാമമായി.

Content Highlights: Superstar Vijay leads Tamil Nadu's first coalition government. TVK secures majority with support from VCK and Left parties. VCK allocated one ministerial berth, Left parties allocated two. Thol Thirumavalavan expected to join the cabinet. DMK allies shift support to TVK following political realignment.