അപ്രതീക്ഷിതമായി മുഖ്യമന്ത്രി, ആകസ്മിക പടിയിറക്കം, അതിദാരുണം വിജയ് രൂപാണിയുടെ അന്ത്യവും

അഹമ്മദാബാദ്: രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ട് തീര്‍ത്തും അപ്രതീക്ഷിതമായി ഗുജറാത്തിന്റെ മുഖ്യമന്ത്രിപദമേറിയ ആളാണ് വിജയ് രൂപാണി. അതുപോലെ തന്നെ ആകസ്മികമായിട്ടാണ് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നതും. ഇപ്പോഴിതാ രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനദുരന്തത്തില്‍ അതിദാരുണമായി തന്നെ മരിക്കുകയും ചെയ്തിരിക്കുകയാണ് അറുപത്തിയൊന്‍പതുകാരനായ രൂപാണി.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച വിമാനത്തിലെ ബിസിനസ് ക്ലാസിലെ യാത്രക്കാരനായിരുന്നു രൂപാണി. ലണ്ടനിലുള്ള ഭാര്യ അഞ്ജലിയുടെ അടുത്തേയ്ക്ക് പോവുകയായിരുന്നു അദ്ദേഹം. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രൂപാണിയുടെ മരണം വൈകീട്ടോടെയാണ് സ്ഥിരീകരിച്ചത്. രൂപാണി അടക്കം യാത്രക്കാരും ക്രൂവും ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത് എന്നറിയുന്നു.
ഗുജറാത്ത് രാജ്കോട്ട് സ്വദേശിയായ വിജയ് രൂപാണി ഗുജറാത്തിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയാണ്. 2016 ഓഗസ്റ്റ് ഏഴ് മുതല്‍ 2021 സെപ്റ്റംബര്‍ 11വരെ രണ്ടു ടേമുകളിലായി മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടുണ്ട്.പട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനരോഷമുയര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചപ്പോഴാണ് രൂപാണി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതിന് മുന്‍പ് ആനന്ദിബെന്‍ മന്ത്രിസഭയില്‍ ഗതാഗതം, തൊഴില്‍, ജലവിതരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 115 സീറ്റില്‍ നിന്ന് ബിജെപി 99 സീറ്റിലേക്ക് ചുരുങ്ങിയതോടെ രൂപാണിയുടെ ഗ്രാഫും താഴ്ന്നു. അങ്ങനെയാണ് അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷമുള്ളപ്പോൾ മുഖ്യമന്ത്രിപദം രാജിവച്ച് നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേലിന് വഴിയൊരുക്കിയത്.
1956ല്‍ മ്യാന്‍മറിലെ രംഗൂണിലായിരുന്നു രൂപാണിയുടെ ജനനം. മ്യാന്‍മറില്‍ രാഷ്ട്രീയ സംഘര്‍ഷം മൂര്‍ച്ചിച്ചതോടെ കുടുംബം ഗുജറാത്തിലെ രാജ്‌കോട്ടിലേയ്ക്ക് കുറിയേറി. ആര്‍.എസ്.എസിലൂടെയാണ് രൂപാണി പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് വര്‍ഷം ആര്‍.എസ്.എസ് പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971ല്‍ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1987ല്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി. പിന്നീട് 1996ല്‍ മേയറായി. കേശുഭായി പട്ടേല്‍ മുഖ്യമന്ത്രിയായ കാലത്ത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു. 2006ല്‍ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുനിസിപ്പല്‍ ഫിനാന്‍സ് ബോര്‍ഡ് ചെയര്‍മാനായിരുന്നു.
2014ല്‍ അന്നത്തെ സ്പീക്കര്‍ വജുഭായി വാല സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട്, ജനസേചനം, തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 2016ല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി.
2016ലാണ് ആനന്ദിബെന്‍ പട്ടേലിന് പകരം മുഖ്യമന്ത്രിയായത്. 2017ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് രൂപാണിയുടെ ജനപ്രിയതയ്ക്ക് മങ്ങലേല്‍പിച്ചു. പിന്നീട് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായെന്ന് വിലയിരുത്തലില്‍ 2021ല്‍ തീര്‍ത്തും അപ്രതീക്ഷിതമായി മുഖ്യമന്ത്രിപദത്തില്‍ നിന്ന് പടിയിറങ്ങി നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് വഴിയൊരുക്കുകയും ചെയ്തു.
Content Highlights: Former Gujarat Chief Minister Vijay Rupani, 69, dies in a plane crash near Ahmedabad airport