5977 കോടി രൂപ; ബ്രഹ്‌മോസിനുവേണ്ടി വിയറ്റ്‌നാം, കരാര്‍ ഉടന്‍

ന്യൂഡല്‍ഹി: പ്രതിരോധ ആയുധകയറ്റുമതിയില്‍ ഇന്ത്യ മറ്റൊരു വമ്പന്‍ ഇടപാടിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണയും ഇന്ത്യയുടെ ഗ്ലാമര്‍ ആയുധമായ ബ്രഹ്‌മോസ് തന്നെയാണ് വാർത്തയിൽ ഇടംപിടിക്കുന്നത്. ഫിലിപ്പിന്‍സുമായി ബ്രഹ്‌മോസ് വില്‍പ്പന അടുത്തിടെ നടന്നിരുന്നു. ഇപ്പോള്‍ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യമായ വിയറ്റ്‌നാമാണ് ബ്രഹ്‌മോസ് വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏതാണ് പൂര്‍ണതയിലെത്തിയെന്നും കരാര്‍ വരുംമാസങ്ങള്‍ക്കുള്ളില്‍ ഒപ്പിട്ടേക്കുമെന്നാണ് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ബ്രഹ്‌മോസ് ഇടപാട് 700 മില്യണ്‍ ഡോളര്‍ ( ഏകദേശം 5977 കോടി രൂപ) വരുമെന്നാണ് നിലവിലെ കണക്കുകള്‍. വിയറ്റ്‌നാമിന്റെ സമുദ്രസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് മിസൈല്‍ വാങ്ങാനൊരുങ്ങുന്നത്. 290 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്തുന്ന ലോകത്തിലേറ്റവും വേഗമേറിയ സൂപ്പര്‍ സോണിക് മിസൈലാണ് ബ്രഹ്‌മോസ്.
ദക്ഷിണ ചൈന കടലില്‍ ചൈനയുമായി സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിയറ്റ്‌നാം ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങാനൊരുങ്ങുന്നത്. നിലവില്‍ ചൈനീസ് അതിക്രമങ്ങള്‍ നേരിടാന്‍ വിയറ്റ്‌നാമിന് തന്ത്രപ്രധാനമായ ആയുധമുണ്ടായിരുന്നില്ല. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഫിലിപ്പിന്‍സിന് ശേഷം ബ്രഹ്‌മോസ് സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി വിയറ്റ്‌നാം മാറും. 2022-ലാണ് ഇന്ത്യയും ഫിലിപ്പിന്‍സും തമ്മില്‍ ബ്രഹ്‌മോസ് ആയുധ ഇടപാടിനുള്ള കരാര്‍ ഒപ്പിട്ടത്. 375 മില്യണ്‍ ഡോളറിന്റെ ഇടപാടായിരുന്നു അത്.
ഇതിനൊപ്പം മേഖലയിലെ മറ്റൊരു രാജ്യമായ മലേഷ്യയുമായും മിസൈല്‍ ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ ദക്ഷിണ അമേരിക്ക, മിഡില്‍ ഈസ്റ്റ് മേഖലയിലെ രാജ്യങ്ങളും ബ്രഹ്‌മോസില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമില്‍ (എം.ടി.സി.ആര്‍) അംഗമായതിനാല്‍ ഇന്ത്യയ്ക്ക് 300 കിലോ മീറ്ററിന് മുകളില്‍ പരിധിയുള്ള മിസൈലുകള്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് വില്‍ക്കാനാകില്ല. അതിനാലാണ് 290 കിലോമീറ്റര്‍ എന്ന ദൂരപരിധി നിശ്ചയിച്ചത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈലാണ് ബ്രഹ്‌മോസ്. ഇതിന്റെ വികസനഘട്ടത്തില്‍ ഇന്ത്യ എം.ടി.സി.ആര്‍ അംഗമായിരുന്നില്ല.
അതേസമയം, എം.ടി.സി.ആര്‍ അംഗത്വം നിലവിലുള്ളതിനാല്‍ ഇന്ത്യയ്ക്ക് ഇനി ബ്രഹ്‌മോസിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനാകും. 600 കിലോ മീറ്റര്‍ വരെ ദൂരപരിധിയില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന ബ്രഹ്‌മോസിനെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. നിലവില്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ ബ്രഹ്‌മോസിന്റെ വിവിധ വകഭേദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
Content Highlights: India and Vietnam are close to a $700 million deal for BrahMos supersonic missiles