യുപിയിൽ 150 സീറ്റിൽ മത്സരിക്കാൻ മോഹംപ്രകടിപ്പിച്ച് കോൺഗ്രസ്; 55 സീറ്റിൽ മതിയെന്ന് ‘കണക്കുപറഞ്ഞ്’ എസ്പി

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 150 സീറ്റിലെങ്കിലും മത്സരിക്കാനാണ് കോൺഗ്രസിന് താൽപര്യമെന്ന സൂചനയുമായി നേതാക്കൾ. എന്നാൽ ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷിയും യുപിയിലെ പ്രമുഖപാർട്ടിയുമായ സമാജ്‌വാദി പാർട്ടി(എസ്പി)ക്ക് കോൺഗ്രസിന് ഇത്രയധികം സീറ്റുകൾ നൽകാൻ താൽപര്യമില്ലെന്നും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കി കുറച്ച് സീറ്റുകൾ കൊടുക്കാനാണ് ആലോചിക്കുന്നതെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടിവി റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസിന് 53-55 സീറ്റുകൾ നൽകാനാണ് എസ്പിക്ക് താൽപര്യം. അതേസമയം, മുന്നൂറ്റമ്പതോളം മണ്ഡലങ്ങളിൽ മത്സരിക്കാനാണ് എസ്പിയുടെ നീക്കം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കി, സീറ്റ് വിഭജനം നടത്താനാണ് എസ്പി ഉദ്ദേശിക്കുന്നത്.
2024-ൽ യുപിയിലെ ആറ് ലോക്‌സഭാ സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. മുപ്പതിലേറെ നിയമസഭാ മണ്ഡലങ്ങളാണ് ഈ ആറ് ലോക്‌സഭാ മണ്ഡലങ്ങൾക്ക് കീഴിൽവരിക. കോൺഗ്രസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ട ലോക്‌സഭാ സീറ്റുകൾക്കുകീഴിൽ വരുന്നത് 11 നിയമസഭാമണ്ഡലങ്ങളാണ്. നിയമസഭാസീറ്റുകളിലെ കോൺഗ്രസിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി എസ്പി എത്തിച്ചേർന്ന നിഗമനപ്രകാരം, 53-55 സീറ്റുകൾ കോൺഗ്രസിന് മത്സരിക്കാൻ നൽകാമെന്നാണ് അവരുടെ നിലപാട്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിലാണ് എസ്പി ജയിച്ചുകയറിയത്. പരാജയപ്പെട്ട ലോക്‌സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നിയമസഭാമണ്ഡലങ്ങളിൽ അവർക്ക് നേട്ടമുണ്ടാക്കാൻ കഴിയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 350-ഓളം സീറ്റുകളിൽ മത്സരിക്കാനാണ് എസ്പിയുടെ നീക്കം.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളിലെങ്കിലും കോൺഗ്രസ് മത്സരിക്കുമെന്ന് നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിന്റെ ഉത്തർപ്രദേശ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, സഹരൺപൂർ എംപി ഇമ്രാൻ മസൂദ് എന്നിവർ ഈ ആവശ്യം പലതവണ പരസ്യമായി ഉന്നയിച്ചിട്ടുമുണ്ട്. സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളിൽ കോൺഗ്രസ് നേതാക്കൾ സമാജ്‌വാദി പാർട്ടിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതായി സൂചനയുമുണ്ട്.
എന്നാൽ, ഈ സമ്മർദ്ദത്തിന് വഴങ്ങി തങ്ങൾ മുന്നോട്ടുവെച്ച ഫോർമുലയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സമാജ്‌വാദി പാർട്ടി തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 403 അംഗ നിയമസഭയാണ് സംസ്ഥാനത്തേത്.
Content Highlights: Congress leaders express desire to contest at least 150 seats in the Uttar Pradesh assembly elections., Samajwadi Party is willing to allocate only 53-55 seats based on the 2024 Lok Sabha election performance., SP plans to contest around 350 seats, sticking firmly to its seat-sharing formula despite pressure from Congress.