ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ റഫാൽ; യുദ്ധവിമാനത്തിന്റെ ആഗോള നിർമാണ-വിതരണ ഹബ്ബാകും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടവീര്യം വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റാഫേൽ എഫ്-4 (Rafale F4) യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ചരിത്രപരമായ നീക്കവുമായി ഇന്ത്യ. ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഈ കരാർ ഇന്ത്യയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിരോധ ഇടപാടായിരിക്കും. ചൈനയും പാകിസ്താനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണം നൽകുന്ന ഭീഷണിയെ നേരിടാൻ ഈ അത്യാധുനിക വിമാനങ്ങൾ ഇന്ത്യയെ സഹായിക്കും.
ഈ കരാറിലൂടെ ലഭിക്കുന്ന പുതിയ എഫ് 4 പതിപ്പ് സാങ്കേതികമായി ഏറെ മുന്നിലാണ് എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. സാറ്റലൈറ്റ് ആശയവിനിമയ ലിങ്കുകൾ ( സാറ്റ്കോം), പരിഷ്‌കരിച്ച മിഷൻ കമ്പ്യൂട്ടറുകൾ, സോഫ്റ്റ്വെയർ അധിഷ്ഠിത റേഡിയോകൾ എന്നിവ വഴി മറ്റ് വിമാനങ്ങളുമായും കമാൻഡ് നെറ്റ്വർക്കുകളുമായും തത്സമയം വിവരങ്ങൾ പങ്കുവെക്കാൻ ഇതിന് സാധിക്കും. ഒരേ സമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങിയ ഒന്നിലധികം ദൗത്യങ്ങൾ നിർവഹിക്കാൻ ഈ വിമാനത്തിന് സാധിക്കും.
ലേ (Leh) പോലെയുള്ള ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ തണുപ്പിലും കുറഞ്ഞ വായുസമ്മർദ്ദത്തിലും പ്രവർത്തിക്കാൻ സഹായിക്കുന്ന എഞ്ചിൻ സംവിധാനങ്ങൾ, അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ, പൈലറ്റുമാരുടെ സുരക്ഷയ്ക്കായുള്ള 'ടോഡ് ഡീകോയ്‌സ്' (towed decoys) എന്നിങ്ങനെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിൽ അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകൾക്ക് പകരം 29 എണ്ണം മാത്രമാണുള്ളത്. 114 വിമാനങ്ങൾ എത്തുന്നതോടെ ഈ കുറവ് ഗണ്യമായി പരിഹരിക്കപ്പെടും. ദീർഘദൂര എയർ-ടു-എയർ മിസൈലുകളും കൃത്യതയാർന്ന ആക്രമണ ശേഷിയും ശത്രുക്കൾക്കെതിരെ ഇന്ത്യൻ വ്യോമസേനയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നു. 114 വിമാനങ്ങളിൽ ആദ്യത്തെ 18 എണ്ണം ഫ്രാൻസിൽ നിന്ന് നേരിട്ടും ബാക്കി 96 എണ്ണം ഇന്ത്യയിൽ (നാഗ്പുർ) ലൈസൻസിങിലൂടെയുമാണ് നിർമ്മിക്കപ്പെടുക.
ഇത് റാഫാൽ വിമാനങ്ങളുടെ ആഗോള ഉൽപ്പാദന-അറ്റകുറ്റപ്പണി കേന്ദ്രമാക്കി ഇന്ത്യയെ മാറ്റും. വിമാന നിർമ്മാണത്തിന്റെ 30 ശതമാനം മുതൽ 60 ശതമാനം വരെ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഈ വിതരണ ശൃംഖലയുടെ ഭാഗമാകും. നാഗ്പുരിലെ ദസ്സോ റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (DRAL) എന്ന സ്ഥാപനത്തിലാണ് 96 റാഫേൽ വിമാനങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ ഫൈനൽ അസംബ്ലി ലൈൻ സജ്ജീകരിക്കുന്നത്.
നാഗ്പുരിലെ ഈ പുതിയ നിർമ്മാണ കേന്ദ്രത്തിന് പ്രതിവർഷം ഏകദേശം 24 വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഭാവിയിൽ ഈ വിമാനങ്ങളെ എഫ് 5 നിലവാരത്തിലേക്ക് ഉയർത്താൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇത് വിമാനങ്ങളെ ഡ്രോണുകളുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രാപ്തമാക്കും. ഈ വിപുലമായ പദ്ധതിയിലൂടെ ഇന്ത്യയുടെ വ്യോമപ്രതിരോധം കൂടുതൽ കരുത്തുറ്റതാകുമെന്നും ആഭ്യന്തര പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: India eyes 114 Rafale F4 jets from France in a Rs 3.25 lakh crore deal. Boost IAF`s strength & become a global Rafale hub. Key defense acquisition details.