'നമ്പര്‍ വണ്‍ ഭീകരവാദി': രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

രാഹുൽ ഗാന്ധി, രവ്നീത് സിങ് ബിട്ടു | Photo: ANI
രാഹുൽ ഗാന്ധി, രവ്നീത് സിങ് ബിട്ടു | Photo: ANI

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയിൽ സംസാരിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്.

'രാഹുൽ ഗാന്ധി ഏറെ സമയവും ചെലവഴിക്കുന്നത് രാജ്യത്തിന് പുറത്താണ്, അദ്ദേഹത്തിന് രാജ്യത്തെ സ്നേഹിക്കാൻ സാധിക്കില്ല, വിദേശങ്ങളിൽ പോയി ഇന്ത്യയെപ്പറ്റി തെറ്റായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിഘടനവാദികളും തോക്ക്, ഷെൽ, ബോംബ് നിർമ്മിക്കുന്നവരും രാഹുൽ പറഞ്ഞതിനെ പിന്തുണക്കുന്നു. വിമാനങ്ങൾ, ട്രെയിനുകൾ, റോഡുകൾ എന്നിവ തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തെ ശത്രുക്കളടക്കം അദ്ദേഹത്തിന് പിന്തുണയുമായെത്തുന്നു. രാജ്യത്തെ നമ്പർ വൺ ഭീകരവാദിക്കുള്ള, രാജ്യത്തെ ശത്രുവിനുള്ള അവാർഡ് ഉണ്ടായിരുന്നുവെങ്കിൽ അത് രാഹുൽ ഗാന്ധിക്ക് കിട്ടുമായിരുന്നു'- മന്ത്രി പറഞ്ഞു.

'നേരത്തെ അവർ മുസ്ലിംകളെ ഉപയോഗിച്ചു, എന്നാൽ അത് നടന്നില്ല. ഇപ്പോൾ അവർ സിഖുകാരെ വിഭജിക്കാനുള്ള ശ്രമം നടത്തുന്നു. രാജ്യത്തെ പിടികിട്ടാപുള്ളികൾ നടത്തുന്ന പ്രസ്താവനകളായിരുന്നു ഇവ, എന്നാൽ അതിന് മുമ്പേ രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഭീകരവാദികളടക്കം അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ രാഹുലിനെ അഭിനന്ദിക്കുന്നുണ്ടെങ്കിൽ അദ്ദേഹം രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണ്' -  കേന്ദ്ര മന്ത്രി പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി. എം.പിയാണ് രവ്നീത് സിങ് ബിട്ടു. പഞ്ചാബിലെ കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പിയിൽ ചേരുന്നത്. തുടർന്ന് മൂന്നാം മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായും ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

വാഷിങ്ടണിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സിഖ് സമുദായക്കാര്‍ക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയില്‍ സംജാതമാകുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരേ വൻ വിമർശങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

Content Highlights: Union Minister calls Rahul Gandhi No 1 terrorist